HOME
DETAILS

ആഗോള പ്രക്ഷോഭങ്ങളുടെ പൊതുരാഷ്ട്രീയം

  
backup
November 25 2019 | 01:11 AM

general-characters-of-protest-throughout-the-world-25-11-2019

 

 


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെല്ലാം ഒരു പൊതുവായ രാഷ്ട്രീയമുണ്ട്. ആഴത്തിലുള്ള അസ്ഥിരതയുടെയും രോഗഗ്രസ്ഥമായ ഭരണകൂടങ്ങളുടെയും ജീര്‍ണിച്ച സാമ്പ്രദായികതകള്‍ക്കെതിരേയുള്ള സമരമാണത്. ലോകചരിത്രത്തില്‍ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളാണ് പുതുവിപ്ലവങ്ങള്‍ക്ക് ബീജവാപം നല്‍കിയിട്ടുള്ളത്. 2011ല്‍ അറബ് നാടുകളില്‍ അരങ്ങേറിയ മുല്ലപ്പൂ വിപ്ലവം, അമേരിക്കയില്‍നിന്ന് 71 രാജ്യങ്ങളിലേക്കു പടര്‍ന്ന ഒക്കുപൈ യു.എസ് മൂവ്‌മെന്റ് (ഒക്കുപൈ വാള്‍സ്ട്രീറ്റ്), സ്‌പെയിനിലെ മഞ്ഞക്കുപ്പായ സമരം തുടങ്ങിയവയെല്ലാം ചെറിയ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുണ്ടായവയാണ്. എന്നാല്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ പ്രധാനമായും പ്രാദേശികമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണെങ്കിലും ഇന്നു സമൂഹമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഞൊടിയിടയിലാണ് ഇതര രാജ്യങ്ങളിലേക്കു പടരുന്നത്. സമാനമായ വിഷയങ്ങളുയര്‍ത്തി അവര്‍ ഏറ്റുപിടിക്കുകയും ജനങ്ങള്‍ അവരുടേതായ സമസ്യകളെ ഉയര്‍ത്തിപ്പിടിച്ച് അവര്‍ക്ക് ഹനിക്കപ്പെട്ട അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ മുന്നോട്ടുവരികയും ചെയ്യുന്നു. റൊട്ടിക്കു മേല്‍ കൈവച്ചപ്പോഴാണു പലനാടുകളും ഇളകിമറിഞ്ഞിട്ടുള്ളത്.
അനീതിയും അസമത്വവും അഴിമതിയും പരിധിക്കപ്പുറം ഒരു സമൂഹത്തിനും വച്ചുപൊറുപ്പിക്കാനാവില്ല. ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ക്കുമേല്‍ ഭരണകൂടം പ്രതിബന്ധമായി വരികയോ അവ നിഷേധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ പൊതുജനം പുനരാലോചന നടത്താതെ പ്രതിഷേധസ്വരവുമായി മുന്നോട്ടുവരുന്നു. പറഞ്ഞുവരുന്നത്, ലാറ്റിനമേരിക്കയും മധ്യപൂര്‍വേഷ്യയും തെക്കനേഷ്യന്‍ രാജ്യങ്ങളും യൂറോപ്പുമെല്ലാം അനിവാര്യമായ ഒരു സാമൂഹിക മാറ്റത്തെ ആവശ്യപ്പെടുന്നുണ്ട്.
ചലിച്ചുതുടങ്ങിയ ചിലി
ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോവില്‍ കഴിഞ്ഞ ആഴ്ചകളില്‍ പത്തു ലക്ഷത്തിലധികം ആളുകളാണ് പ്രക്ഷോഭത്തിനെത്തിയത്. അന്തര്‍ഭൗമമാര്‍ഗ സഞ്ചാരനിരക്ക് ഒറ്റയടിക്ക് നാലു ശതമാനം കൂട്ടിയതും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതുമായിരുന്നു തുടക്കത്തില്‍ ആളുകളെ പ്രകോപിപ്പിച്ചത്. എന്നാല്‍ വര്‍ധിച്ച ജീവിതച്ചെലവും സാമ്പത്തിക അസമത്വവും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും ജനങ്ങള്‍ തെരുവില്‍ വിചാരണ ചെയ്തു. യാത്രാകൂലി കൂട്ടിയത് ആദ്യം തലസ്ഥാനത്ത് മാത്രമായിരുന്നെങ്കിലും പിന്നീടത് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിച്ചതാണ് പൊതുജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കിയത്. ആംനസ്റ്റിയുടെ കണക്കനുസരിച്ച് ഒരുമാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു, 4000ത്തിലധികം പേര്‍ക്ക് പരുക്കേറ്റു, 7000 പേരെ തടങ്കലിലാക്കുകയും ചെയ്തു. പ്രക്ഷോഭങ്ങളുടെ വിജയമെന്നോണം ഏറ്റൊവുമൊടുവില്‍ ഭരണഘടന ജനപങ്കാളിത്തമുള്ളതാക്കി മാറ്റിയെഴുതുന്നതിനുള്ള ജനഹിത പരിശോധനയ്ക്കു ചിലി അംഗീകാരം നല്‍കുകയുണ്ടായി.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറക്കുറേ സുഭിക്ഷതയും രാഷ്ട്രീയസ്ഥിരതയുമുള്ള ചിലിയില്‍ പോലും ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടായെന്നത് ഞെട്ടിക്കുന്നതാണ്. അതേസമയം സാമൂഹിക അസമത്വം ആഴത്തില്‍ വേരുപിടിച്ച രാജ്യമാണ് ചിലി. സമ്പന്നര്‍ക്കു വേണ്ടിയാണ് രാജ്യത്തിന്റെ ധനകാര്യമേഖല പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കാതലായ മാറ്റമുണ്ടാകണമെന്നും അതിനു ഭരണഘടന തടസമാണെങ്കില്‍ അതു മാറ്റണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന മാന്ദ്യത്തിന്റെ ഫലമായി ലാറ്റിനമേരിക്കന്‍ ഭരണകൂടങ്ങള്‍ കടുത്ത പ്രതിസന്ധിയിലുമാണ്.
കെട്ടടങ്ങാതെ അര്‍ജന്റീനയും
ഇക്വഡോറും
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ഇക്വഡോറിലും അര്‍ജന്റീനയിലും സമാനമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഇന്ധന സബ്‌സിഡി വെട്ടിക്കുറച്ചതാണ് ഇക്വഡോറിലെ തദ്ദേശീയരെ പ്രകോപിപ്പിച്ചതെങ്കില്‍ ഭക്ഷ്യദൗര്‍ലഭ്യമാണ് അര്‍ജന്റീനന്‍ ജനതയെ തെരുവിലിറക്കിയത്. ഐ.എം.എഫുമായി ചേര്‍ന്നുണ്ടാക്കിയ കരാര്‍ ജനവിരുദ്ധമായിരുന്നുവെന്ന് ഇക്വഡോറിലെ ജനം പറയുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രസിഡന്റ് ലെനിന്‍ മൊറീനൊ സബ്‌സിഡികള്‍ പുനഃസ്ഥാപിക്കുകയുണ്ടായി. അര്‍ജന്റീനയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഐ.എം.എഫുമായി ചേര്‍ന്നൊരുക്കിയ കരാറിന്റെ ഭാഗമായി രൂപപ്പെടുത്തിയ നയങ്ങള്‍ ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്തപ്പെട്ടു. ഈ സമരം ഐ.എം.എഫിനെതിരേയാണെന്നും ഈ കടം ജനങ്ങളുടെ തലയില്‍ കെട്ടിവച്ച കടമാണെന്നുമാണു പ്രതിഷേധക്കാരുടെ വാദം.
ലോകത്ത് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പനിരക്ക് വര്‍ധന രേഖപ്പെടുത്തിയ രാജ്യമാണിത്. 54 അധികവളര്‍ച്ചയിലാണു രാജ്യം മുന്നോട്ടുപോകുന്നത്. യു.എന്‍ കണക്കുകള്‍ പ്രകാരം 2018ല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും വിശപ്പു വര്‍ധന രേഖപ്പെടുത്തിയ രാജ്യവും അര്‍ജന്റീനയാണ്. 50 ബില്യണ്‍ ഡോളര്‍ ഐ.എം.എഫില്‍നിന്ന് താല്‍ക്കാലികമായി തരപ്പെടുത്തിയും ആഴത്തിലുള്ള ചെലവുചുരുക്കല്‍ പദ്ധതി പ്രഖ്യാപിച്ചുമൊക്കെയാണ് രാജ്യം വര്‍ത്തമാന പ്രതിസന്ധിയെ തരണം ചെയ്യുന്നത്.
ഹെയ്തിയും ഹോണ്ടുറാസും
കരീബിയന്‍ ദേശമെന്ന് ഖ്യാതികേട്ട ലാറ്റിനമേരിക്കന്‍ രാജ്യമായ ഹെയ്തിയില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ലാറ്റിനമേരിക്കയിലെ 11 ദശലക്ഷം ആളുകള്‍ അധിവസിക്കുന്ന ഈ ദരിദ്രരാജ്യം അക്ഷരാര്‍ഥത്തില്‍ ജനരോഷത്താല്‍ മരവിച്ചുകഴിഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടവും ഇന്ധനദൗര്‍ലഭ്യവും വിലക്കയറ്റവുമാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍. രാജ്യത്തെ നാണയമൂല്യം കുത്തനെ ഇടിയുന്നതും സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നാണു പ്രതിഷേധക്കാരുടെ പക്ഷം.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വെട്ടിച്ചുരുക്കലിനെ തുടര്‍ന്ന് മധ്യഅമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലും കഴിഞ്ഞ ഏപ്രില്‍ മുതല്‍ വലിയ പ്രക്ഷോഭങ്ങളാണു നടക്കുന്നത്. പ്രസിഡന്റ് ജുആന്‍ ഒര്‍ലാന്റൊ ഹെര്‍ണാന്റസ് രാജിവയ്ക്കുന്നതില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നു. രാജ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പേരും പട്ടിണി അനുഭവിക്കുന്നുണ്ടിവിടെ.. കവര്‍ച്ചയും പിടിച്ചുപറിയും തുടങ്ങിയ അരക്ഷിതാവസ്ഥകളാല്‍ ജനജീവിതം ദുസ്സഹമാണ്.
ഹോങ്കോങ് തെരുവുകളില്‍
തെക്കുകിഴക്കന്‍ ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലും ശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്കു കൈമാറാനുള്ള ബില്ലിനെതിരേ നാലുമാസം മുന്‍പ് ഹോങ്കോങ്ങില്‍ തുടങ്ങിയ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം പുതിയ ആവശ്യങ്ങളുമായി കൂടുതല്‍ ശക്തമാവുകയാണിപ്പോള്‍. ഈ ബില്ല് കഴിഞ്ഞമാസം പിന്‍വലിക്കുകയുണ്ടായി. ചൈനയുടെ പാവയായ ഹോങ്കോങ്ങിന്റെ ഭരണാധികാരി കാരി ലാമിന്റെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ആവശ്യവും ഹോങ്കോങ്ങിനു സ്വാതന്ത്ര്യവും ജനാധിപത്യവും ലഭ്യമാക്കണമെന്നുമാണു പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997ല്‍ ചൈനയുടെ കീഴിലുള്ള സ്വതന്ത്രഭരണ പ്രദേശമാക്കുമ്പോള്‍ ചൈനയേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും വകയിരുത്തിയിരുന്നു. എന്നാല്‍ പൊതുജനത്തിനു സ്വാത്രന്ത്ര്യം എന്നുമകലെയായിരുന്നു.
ബൊളീവിയയില്‍
ഫലംകണ്ട പ്രക്ഷോഭം
ഏതാണ്ട് ഒരുമാസം നീണ്ടുനിന്ന പ്രക്ഷോഭം ലക്ഷ്യംകണ്ട ലാറ്റിനമേരിക്കന്‍ രാജ്യമാണ് ബോളീവിയ. നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇവോ മൊറലിസ് തെരഞ്ഞെടുപ്പില്‍ കൃത്രിമവും അട്ടിമറിയും നടത്തിയാണ് അധികാരത്തിലെത്തിയതെന്ന് ആരോപിച്ചാണു ജനം തെരുവിലിറങ്ങിയത്. കത്തിപ്പടര്‍ന്ന ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ അവസാനം സര്‍ക്കാരിനു മുട്ടുമടയ്‌ക്കേണ്ടിവന്നു. പൊതുജനങ്ങളോടൊപ്പം സൈന്യവും ചേര്‍ന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. രാജിവച്ച പ്രസിഡന്റ് ഇവോ മൊറലിസ് രാജ്യത്തു വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ രാജിക്കു ശേഷവും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയില്‍ എത്തിയില്ല. പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജനസമ്മതിയില്ലാത്ത ഭരണകൂടത്തെ താഴെയിറക്കാന്‍ കൊളംബിയയിലും ഇന്ധനവില കൂട്ടിയതില്‍ പ്രതിഷേധിച്ച് സിംബാബ്‌വെയിലും പ്രക്ഷോഭങ്ങള്‍ നടക്കുകയുണ്ടായി.
പ്രക്ഷോഭങ്ങള്‍ ഒരിടത്തുമാത്രം ഒതുങ്ങാതെ കടുത്ത പ്രത്യാഘാതമുണ്ടാക്കുന്ന ആഗോള പ്രതിസന്ധിയായി മാറുമെന്നാണു രാഷ്ട്രീയ ധനകാര്യമേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 2011ല്‍ മാന്ദ്യത്തിന്റെ അനുരണനങ്ങള്‍ ഉണ്ടായത് യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ഗ്രീസ്, അയര്‍ലന്റ്, യു.കെ എന്നിവിടങ്ങളിലായിരുന്നെങ്കില്‍ ഇന്നത് വികസിത-ദരിദ്രരാജ്യങ്ങളെയും ബാധിച്ചിരിക്കുന്നു. അവികസിത രാജ്യങ്ങള്‍ ജീവിക്കാന്‍വേണ്ടി പ്രക്ഷോഭം നടത്തുമ്പോള്‍ വികസിത രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കണമെന്നു പറഞ്ഞ് പ്രതിഷേധങ്ങള്‍ നടക്കുന്നു.
എതിര്‍ശബ്ദങ്ങളെ ഉള്‍ക്കൊള്ളാനും നിലനിര്‍ത്താനും ഒരു രാജ്യത്തിനു എത്രത്തോളം ശേഷിയുണ്ട് എന്നതാണു ഭരണകൂടങ്ങള്‍ ജനാധിപത്യപരമാണോ എന്നറിയാനുള്ള ഏക വഴി. എതിര്‍ശബ്ദങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയാത്ത ഭരണകൂടങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ജനാധിപത്യ ഭരണകൂടങ്ങള്‍ എന്നവകാശപ്പെടുന്നവ പോലും എത്ര മനുഷ്യത്വ വിരുദ്ധമായാണ് പ്രക്ഷോഭങ്ങളെ നേരിടുന്നത്. ഭരണരംഗത്ത് ജനവിരുദ്ധ നയനിലപാടെടുക്കുന്നവര്‍ സ്വേച്ഛാധിപത്യ രാജ്യങ്ങളിലും ജനാധിപത്യ രാജ്യങ്ങളിലും ഒരുപോലെയുണ്ട്. അധികാരമെന്നത് താത്വികമായ ഒരു ആദര്‍ശമായും നിലപാടായും പ്രായോഗികരംഗത്തെ സമര്‍പ്പിതമായ മാതൃകയായും ഭരണാധികാരികള്‍ക്ക് ഏറ്റെടുക്കാനാകണം. അതിനു വേണ്ടിയായിരിക്കട്ടെ പുതുകാല പ്രക്ഷോഭങ്ങള്‍. ആഗോളവല്‍ക്കരണ ലബ്ധികളുടെ അന്യായമായ വിതരണം ബഹുജന അസംതൃപ്തിയെ അതിന്റെ ഉച്ചിയിലെത്തിച്ചെങ്കിലും ആഗോളവല്‍ക്കരണ കാലത്തെ പ്രക്ഷോഭങ്ങള്‍ ജനങ്ങളെ അവരുടെ അവകാശങ്ങളെ കുറിച്ച് കൃത്യമായ രാഷ്ട്രീയബോധ്യമുള്ളവരാക്കി മാറ്റിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago