സഊദി കിരീടാവകാശിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി; എണ്ണ, ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപ ധാരണ
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അര്‍ജന്റീനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബ്യുനോസ് എയര്‍സിലെ രാജകൊട്ടാരത്തില്‍ വെച്ച് ഇരു നേതാക്കളൂം തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, നിക്ഷേപ, കാര്‍ഷിക, ഊര്‍ജ്ജ, സാംസ്കാരിക, ടെക്നോളജി മേഖലകളില്‍ ഊന്നിയുള്ള ചര്‍ച്ചകളാണ് നടന്നതെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. . ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ, എണ്ണയിതര ഉല്‍പ്പന്നങ്ങള്‍ ചെയ്യുന്നതിലും സഊദി സമ്മതിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ നാഷണല്‍ ഇന്‍ഫ്രസ്ട്രെക്ച്ചര്‍ ഫണ്ടിന്റെ ഇനീഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്,ക്വാസി സോവനീര്‍ വെല്ത് ഫണ്ട് എന്നിവയിലേക്ക് സഊദി ഭാഗത്തു നിന്നുള്ള കൂടുതല്‍ നിക്ഷേപങ്ങളെ കുറിച്ച് ഉടന്‍ തന്നെ തീരുമാനം തീരുമാനം കൈക്കൊള്ളുമെന്ന് കിരീടാവകാശി വ്യക്തമാക്കിയതായി നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെക്നിക്കല്‍, ഊര്‍ജ്ജ, കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ കിരീടാവകാശി പരാമര്‍ശിച്ചതായി ജി 20 ഉച്ചകോടിയില്‍ മോദിയെ അനുഗമിക്കുന്ന ഇന്ത്യന്‍ വിദേശ കാര്യ സിക്രട്ടറി വിജയ് ഖോകലെ വ്യക്തമാക്കി. വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യയിലേക്കുള്ള സഊദി നിക്ഷേപത്തില്‍ ഗണ്യമായ പുരോഗതിയാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സംയുക്തതയില്‍ ആയുധങ്ങളും യുദ്ധോപകരങ്ങളും നിര്‍മ്മിക്കാനും ഇരു നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ധാരണയായതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കാര്‍ഷിക മേഖലയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഊദിയിലേക്കുള്ള ഇറക്കുമതിക്കു പകരം കൂടുതല്‍ ഇറക്കുമതി ഇന്ത്യയില്‍ നിന്നാക്കാമെന്ന തീരുമാനമാണ് കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലെ സ്ഥിരത നില നിര്‍ത്താന്‍ സഊദിക്കാകുമെന്നു നരേന്ദ്ര മോദി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയിലേക്ക് ആവശ്യമായ എണ്ണവിതരണം നടത്താനും സഊദി ഒരുക്കമാണെന്നും സഊദി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ റിഫൈനറിയായ സഊദി അരാംകോയുടെ റിഫൈനറിയുടെ പുരോഗതിയും ചര്‍ച്ചയുടെ ഭാഗമായി. ഇതിലെ നിക്ഷേപ ചര്‍ച്ചകള്‍ക്ക് പുറമെ ക്രൂഡ് ഓയില്‍ സംഭരണ പദ്ധതിയെ കുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി.
സഊദിയില്‍ നിമ്മിക്കുന്ന സോളാര്‍ പദ്ധതിയിലെ നിക്ഷേപത്തെ കുറിച്ചും ഇരുവരും ചര്‍ച്ചകള്‍ നടത്തി. സോളാറില്‍ ഇന്ത്യ നടപ്പാക്കുന്ന പദ്ധതിയിലേക്ക് നരേന്ദ്ര മോദിയുടെ ക്ഷണം കിരീടാവകാശി സ്വീകരിച്ചതായി ശര്ഖ്ല് ഔസത് പത്രം റിപ്പോര്‍ട്ട് ചെയ്തു. സഊദി ഫെര്‍ട്ടിലൈസ് അടക്കം എണ്ണയിതര വസ്തുക്കള്‍ ഇന്ത്യയിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."