പട്ടാമ്പി-കുളപ്പുള്ളി പാത റോഡ് നവീകരണം പൂര്‍ത്തിയായെങ്കിലും ഗതാഗതം പുനരാരംഭിച്ചിട്ടില്ല
പട്ടാമ്പി: കുളപ്പുള്ളി- പട്ടാമ്പി റോഡ് നവീകരണം പൂര്‍ത്തിയായെങ്കിലും ഗതാഗതം പുനരാരംഭിക്കാന്‍ ഒരാഴ്ചത്തെ കാത്തിരിപ്പ് വേണം. കഴിഞ്ഞ ഒരാഴ്ച പൂര്‍ണമായും ഗതാഗതം തടഞ്ഞായിരുന്നു റോഡ് നവീകരണം.
ഒരാഴ്ചത്തെ കാത്തിരിപ്പ് റോഡ് നവീകരണത്തിനായിരുന്നെങ്കില്‍ അടുത്ത കാത്തിരിപ്പ് ഇന്റര്‍ ലോക്ക് ചെയ്ത റോഡിന്റെ അരിക് കോണ്‍ക്രീറ്റ് ചെയ്തത് ബലപ്പെടാനാണ്.
രണ്ടാഴ്ചയാണ് അരിക് ഭിത്തി ബലപ്പെടാന്‍ പൊതുമാരാമത്ത് വകുപ്പ് ആവശ്യപ്പെടുന്ന സമയം. യാത്രക്കാരുടെ വിഷമം കണക്കിലെടുത്ത് പണി പൂര്‍ത്തിയായി 11 ദിവസത്തിനു ശേഷം റോഡ് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. റോഡ് പണി പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഷൊര്‍ണൂരില്‍ പി.ഡബ്ല്യു.ഡി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസ് വാടാനാംകുറുശ്ശി, ഓങ്ങല്ലൂര്‍ മണ്ഡലംകോണ്‍ഗ്രസ് നേതാക്കള്‍ ഉപരോധിച്ചിരുന്നു.
റോഡില്‍ ഡിസംബര്‍ നാല് മുതല്‍ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടാന്‍ അനുവദിക്കുമെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. പട്ടാമ്പിക്കും കുളപ്പുള്ളി ചുവന്നഗേറ്റിനും ഇടയില്‍ വരുന്ന 11 കിലോമീറ്ററാണ് റോഡ് നവീകരണം നടക്കുന്നത്. വാടനാംകുറുശ്ശിക്കും പട്ടാമ്പിക്കുമിടയില്‍ മുന്നിടത്ത് ഇന്റര്‍ലോക്ക് ചെയ്ത് റോഡ് ബലപ്പെടുത്താനാണ് ഗതാഗതം പൂര്‍ണമായും തടഞ്ഞത്.
മുന്നിടത്തായി 350 മീറ്റര്‍ മാത്രം ഇന്റര്‍ ലോക്ക് ചെയ്യാനായി രണ്ടാഴ്ച ഗതാഗതം തടയുന്നതില്‍ പ്രതിഷേധം ശക്തമാണ്. റോഡിന്റെ ബാക്കി ഭാഗങ്ങളില്‍ ഓട്ടയടപ്പ് മാത്രമാണ് നടക്കുന്നത്. റോഡില്‍ ഗതാഗതം തടഞ്ഞതോടെ കഴിഞ്ഞ ഒരാഴ്ചയായി വിദ്യാര്‍ഥികള്‍ കോളജുകളിലും സ്‌കൂളുകളിലും വന്നുപോകാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. റോഡ് തുറക്കുന്നതുവരെ വിദ്യാര്‍ഥികളുടെ ദുരിതം തുടരും.
മറ്റു ദൈനംദിനയാത്രക്കാരും പട്ടാമ്പി, ഷൊര്‍ണൂര്‍ യാത്രയ്ക്ക് രണ്ടു ബസുകള്‍ മാറിക്കയറണം. റോഡ് പണി കാരണം ബസുകള്‍ റൂട്ട് മാറി ഓടാന്‍ തുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമാണ്. വ്യാപാരത്തെയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്. അതെ സമയം പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണന്നും ഡിസംബര്‍ പത്തോടെ പൂര്‍ണമായും ഗതാഗതയോഗ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. എങ്കിലും ക്ഷമയോടെയുള്ള കാത്തിരിപ്പിന് ശേഷം സുഗമമായ യാത്രക്ക് റോഡ് സുരക്ഷിതമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."