കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷകളെല്ലാം തീര്‍പ്പാക്കി; മികവോടെ 69 നഗരസഭകള്‍
തിരുവനന്തപുരം: കെട്ടിടനിര്‍മാണ പെര്‍മിറ്റുകള്‍ക്കായി ലഭിച്ച അപേക്ഷകളിന്മേലുള്ള തുടര്‍നടപടികളില്‍ മികവ് പുലര്‍ത്തി 69 നഗരസഭകള്‍. സംസ്ഥാനത്തെ 93 നഗരസഭകളില്‍ 69 ഇടങ്ങളില്‍ ലഭിച്ച അപേക്ഷകളിലെല്ലാം തീര്‍പ്പായെന്നും ഒന്നുപോലും കെട്ടിക്കിടക്കുന്നില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. ശേഷിക്കുന്ന 24 ഇടങ്ങളില്‍ വിവിധ കാരണങ്ങളാല്‍ അപേക്ഷകള്‍ തീര്‍പ്പാകാതെ കിടക്കുകയാണ്.
നേരത്തേ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പാക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായാണ് മിക്കയിടങ്ങളിലും അപേക്ഷകളില്‍ എല്ലാം തീര്‍പ്പുകല്‍പ്പിക്കാനായത്.
ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാകാതെ കിടക്കുന്നത് കൊല്ലം നഗരസഭയിലാണ്. ഇവിടെ 459 അപേക്ഷകളിന്മേലാണ് ഇനിയും തീരുമാനമാകാനുള്ളത്. മറ്റു വകുപ്പുകളില്‍ നിന്ന് എന്‍.ഒ.സി ലഭിക്കാത്തതാണ് തീരുമാനമെടുക്കുന്നതിന് തടസമായതെന്നാണ് വിശദീകരണം. രണ്ടാമതുള്ള പാലക്കാട് നഗരസഭയില്‍ 384 അപേക്ഷകളിലും കോഴിക്കോട് നഗരസഭയില്‍ 284 അപേക്ഷകളിലും തീര്‍പ്പാകാനുണ്ട്. മരട് നഗരസഭയില്‍ 164 അപേക്ഷകളില്‍ തീരുമാനമാകാനുണ്ട്. ഇവക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നാണ് രേഖകളിലെ വിശദീകരണം.
പരവൂര്‍ 29, കൊട്ടാരക്കര 43, കരുനാഗപ്പള്ളി 65, പത്തനംതിട്ട 27, തിരുവല്ല 49, അടൂര്‍ 9, പന്തളം 15, മാവേലിക്കര 56, ഏറ്റുമാനൂര്‍ 10, ഈരാറ്റുപേട്ട 52, ചങ്ങനാശേരി 25, പെരുമ്പാവൂര്‍ 25, അങ്കമാലി 71, പിറവം 25, കൊടുങ്ങല്ലൂര്‍ 131, ചാവക്കാട് 40, ചിറ്റൂര്‍ തത്തമംഗലം 26, മണ്ണാര്‍ക്കാട് 39, പട്ടാമ്പി 26,നിലമ്പൂര്‍ 16, പൊന്നാനി 5 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍. അദാലത്ത് നടത്തി ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കിയത് പാലക്കാട് നഗരസഭയാണ്.
ഇവിടെ 269 അപേക്ഷകളാണ് ഇങ്ങനെ തീര്‍പ്പാക്കിയത്. കോഴിക്കോട് 130 അപേക്ഷകളും വടകര 112 അപേക്ഷകളും പൊന്നാനിയില്‍ 84 അപേക്ഷകളും ഇങ്ങനെ തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."