ഖുര്‍ആന്‍ കത്തിക്കാന്‍ ശ്രമം; നോര്‍വെ സ്ഥാനപതിയെ പാകിസ്താന്‍ വിളിച്ചുവരുത്തി
ഇസ്‌ലാമാബാദ്: നോര്‍വെയില്‍ നടന്ന ഇസ്‌ലാംവിരുദ്ധ റാലിക്കിടെ വിശുദ്ധ ഖുര്‍ആന്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നോര്‍വെ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം ആശങ്ക അറിയിച്ചു. നോര്‍വെയിലെ ക്രിസ്ത്യന്‍സാന്‍ഡില്‍ ശനിയാഴ്ച നടന്ന വര്‍ഗീയ റാലിക്കിടെയുണ്ടായ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. കടുത്ത മുസ്‌ലിം വിരുദ്ധനായ ഒരാള്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നതിനിടെ ഒരു യുവാവ് ഓടിയെത്തി അയാളെ തൊഴിക്കുകയായിരുന്നു.
സംഭവത്തെ ശക്തമായി അപലപിച്ച പാകിസ്താന്‍ ഇത് ലോകത്തെ 130 കോടി മുസ്‌ലിംകളുടെ ഹൃദയത്തെ നോവിച്ചതായും അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്നു പറഞ്ഞ് ഇത്തരം സംഭവങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും നോര്‍വെയെ അറിയിച്ചു. വിഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പാകിസ്താന്‍ ആശങ്ക അറിയിച്ചത്. കത്തിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും ഇത്തരം കൃത്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഖുര്‍ആന്‍ കത്തിക്കാന്‍ ശ്രമിച്ചയാളെ വേലി ചാടിക്കടന്ന് ചവിട്ടിവീഴ്ത്തിയ ഇല്‍യാസ് എന്ന മുസ്‌ലിം യുവാവിനെ ഹീറോയായി വാഴ്ത്തുകയാണ് മുസ്‌ലിംലോകം. സാമൂഹ്യമാധ്യമങ്ങളും ഇയാളുടെ ധീരതയെ പുകഴ്ത്തുകയാണ്.
നോര്‍വെയെ ഇസ്‌ലാമികവല്‍ക്കരിക്കുന്നത് നിര്‍ത്തുക(സിയാന്‍) എന്ന സംഘടനയുടെ നേതാവ് ലാര്‍സ് തോര്‍സനാണ് പൊലിസ് അധികാരികളുടെ മുന്നറിയിപ്പ് അവഗണിച്ച് ഈ കിരാത പ്രവൃത്തിക്ക് ശ്രമിച്ചത്. ഇയാളെയും കൂടെയുണ്ടായിരുന്നവരെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇല്‍യാസിനെ പുകഴ്ത്തി പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. ഇസ്‌ലാംപേടി ലോകസമാധാനത്തിന് ഭീഷണിയാണെന്നു പറയുന്ന ട്വീറ്റില്‍ ധീരനായ യുവാവിന് സല്യൂട്ട് നേര്‍ന്നു.
50 ലക്ഷം ജനസംഖ്യയുള്ള നോര്‍വെയില്‍ ഒന്നരലക്ഷം മുസ്‌ലിംകളാണുള്ളത്. രാജ്യത്ത് തീവ്ര വലതുപക്ഷക്കാര്‍ ശക്തി പ്രാപിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിംവിരുദ്ധ അക്രമങ്ങള്‍ വിലക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാറില്ല. ജനസംഖ്യയില്‍ 39 ശതമാനം പേരും മുസ്‌ലിംകള്‍ രാജ്യത്തിന് ഭീഷണിയാണെന്ന് കരുതുന്നവരാണ്. 31 ശതമാനം പേര്‍ മുസ്‌ലിംകള്‍ യൂറോപ്പില്‍ നിന്ന് പുറത്തുപോവണമെന്ന ആവശ്യക്കാരുമാണ്.
ഓഗസ്റ്റില്‍ ന്യൂസിലന്‍ഡിലെ മുസ്‌ലിംപള്ളികളില്‍ നടന്ന വെടിവയ്പില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഒരു അക്രമി നോര്‍വെയിലെ മുസ്‌ലിം പള്ളിയില്‍ വെടിവയ്പ് നടത്തിയിരുന്നു. മുസ്‌ലിംവിരുദ്ധ-കുടിയേറ്റവിരുദ്ധതയിലൂന്നി നിലവില്‍വന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ എഫ്.ആര്‍.പി 2013ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി പാര്‍ലമെന്റില്‍ സഖ്യമുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."