നഗ്നപാദരുടെ നാട്
#മുഹമ്മദ് ജസീര്‍ എം
കൊരങ്ങിണിയില്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ തീര്‍ത്തും അക്ഷമനായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഏതോ ഒരു യാത്രാപുസ്തകത്തില്‍ വായിച്ചറിഞ്ഞയന്നേ ഉള്ളില്‍ മൊട്ടിട്ട മോഹമാണു വാഹനങ്ങള്‍ എത്തിപ്പെടാത്ത മലമടക്കുകള്‍ക്കിടയില്‍ കാടിനുനടുവില്‍ ചെരിപ്പ് ധരിക്കാത്തവരുടെ ഗ്രാമമായ വെല്ലഗവിയിലേക്കുള്ള യാത്ര. തലേന്നത്തെ മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍നിന്ന് കുരങ്ങിണിയിലേക്കുള്ള 12 കിലോമീറ്റര്‍ നടത്തത്തിന്റെ ഫലമായി ശരീരം നന്നേ ക്ഷീണിച്ചിരുന്നു. പക്ഷെ വെല്ലഗവിയെന്ന മോഹത്തിനുമുന്‍പില്‍ ക്ഷീണമൊന്നും ഒരു വിഷയമേയായിരുന്നില്ല.
കുമളി-ദിണ്ടിഗല്‍ റോഡില്‍ പെരിയകുളത്തുനിന്നാണ് കുമ്പക്കരയിലേക്കു തിരിയുന്നത്. കുമ്പക്കരയില്‍നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ഇവിടെനിന്ന് വെല്ലഗവിവരെ ഏകദേശം എട്ട് കി.മീറ്റര്‍ ദൂരമുണ്ട്. ആറു മണിക്കൂറെങ്കിലുമെടുക്കും നടന്നെത്താന്‍. കൊടൈക്കനാല്‍ വഴിയാണ് വരുന്നതെങ്കില്‍ വട്ടക്കനാലില്‍നിന്ന് ആറ് കി.മീറ്ററാണ് ഏകദേശ ദൂരം. നാലു മണിക്കൂറെങ്കിലും വേണം ഇതുവഴി എത്തിപ്പെടാന്‍.
തമിഴ്‌നാടന്‍ ഗ്രാമവഴികള്‍ പിന്നിട്ട് നിരനിരയായി കുള്ളന്‍മാവുകളുള്ള തോട്ടത്തിനു നടുവിലാണ് വണ്ടി ഞങ്ങളെ കൊണ്ടിറക്കിയത്. മാമ്പഴം പഴുത്തുപാകമാവുന്നേയുള്ളൂ. ഇവിടുന്നങ്ങോട്ട് നടത്തമാണ്. മാവിന്‍തോട്ടത്തില്‍നിന്നു പുറത്തുകടക്കുന്നത് കൊടൈ മലനിരകളുടെ താഴ്‌വരയിലേക്കാണ്. മുന്‍വശം കാഴ്ചയില്‍ മലനിരകളും കാടും മാത്രം. ഒറ്റയടിപ്പാത മാത്രമേയുള്ളൂ. മുന്നോട്ടു പോകുന്തോറും വഴി കയറ്റമായിക്കൊണ്ടിരിക്കുന്നു. ഇരുവശങ്ങളിലും നാരങ്ങ കായ്ച്ചുനില്‍ക്കുന്നു. ചെങ്കുത്തായി മാറിയിരുന്നു വഴി. ഒരാള്‍ക്കു മാത്രം നടക്കാന്‍ പാകത്തില്‍ ഒരു ചാലുപോലുള്ള വഴിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ അടിതെറ്റും.
തീര്‍ത്തും വിജനമായ വഴിയില്‍ യാത്രതുടരുമ്പോള്‍ കൂട്ടായി 'കാട്ടിലെ അന്തേവാസികളുടെ' കളകൂജനങ്ങളും ശബ്ദവീചികളും മാലിന്യമേതുമില്ലാത്ത ശുദ്ധവായുവും മാത്രം. കാമറക്കണ്ണുകളില്‍ വിസ്മയം തേടുന്നവര്‍ക്ക് അനന്തമായ കാഴ്ചകള്‍. വല്ലപ്പോഴും മാത്രം എതിരേ വരുന്ന ഗ്രാമീണരെ കണ്ടു. കൂടെ ചുമടുമായി കോവര്‍ കഴുതകള്‍. അല്ലെങ്കില്‍ ആട്ടിന്‍പറ്റങ്ങള്‍. വഴിയരികില്‍ പലയിടത്തും ബലിത്തറകളാണെന്നു തോന്നുന്നു, ശൂലം തറച്ചുവച്ച ഒരു കമ്പിയില്‍ മണി തൂക്കിയിട്ടുള്ള ചെറിയരൂപങ്ങള്‍. വെയിലിനു ശക്തികൂടിവരുന്നു; കയറ്റവും. കരുതിയിരുന്ന വെള്ളം തീര്‍ന്നുപോവുമെന്നു കരുതിയപ്പോഴേക്കും വഴിയില്‍ ഒരു നീരുറവ മൃതപ്രാണനായി പാറയിലൂടെ ഒലിച്ചിറങ്ങുന്നു. അരുവിയില്‍നിന്ന് ആവശ്യത്തിന് വെള്ളം ശേഖരിച്ചു നടത്തം തുടര്‍ന്നു.
പലപ്പോഴും താഴെ ദൂരെ കണ്ടിരുന്ന ഗ്രാമീണര്‍ തലച്ചുമടുമായി ഉരുളന്‍കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ എത്ര പെട്ടെന്നാണ് ഞങ്ങളെയും മറികടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാണുന്നവരോടെല്ലാം ഇനിയെത്ര ദൂരമുണ്ടെന്നു ചോദിക്കുമ്പോഴെല്ലാം മറുപടി വളരെ കുറച്ചേയുള്ളൂവെന്നു മാത്രം. അവര്‍ക്കിതു ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. നമുക്കങ്ങനെയല്ലല്ലോ. ഞങ്ങളും മണിക്കൂറുകളും തമ്മിലുള്ള മത്സരത്തില്‍ മണിക്കൂര്‍ ഞങ്ങളെ ബഹുദൂരം പിറകിലാക്കി ഓടിപ്പോയിക്കൊണ്ടിരിക്കുന്നു. വഴിയൊട്ട് തീരുന്നുമില്ല. ഒരു മലയുടെ ഉച്ചിയിലെത്തിയാല്‍ അടുത്ത മലഞ്ചെരുവിലേക്കാണ് എത്തിച്ചേരുന്നത്.
നെല്ലിക്കയുടെ ഭാരം കൊണ്ടു ചില്ലകള്‍ താഴ്‌ന്നൊരു നെല്ലിമരത്തില്‍നിന്ന് ആവശ്യത്തിന് പറിച്ചു കുറേസമയം അവിടെ വിശ്രമിച്ചു. വീണ്ടും ഏറെ സമയത്തെ കയറ്റം. ശേഷം ഒരു വേലി കടന്നു നടക്കണം. ഒരു ഭാഗത്ത് ഓറഞ്ചുകൃഷിയും മറുഭാഗത്ത് കാപ്പിയും ഏലവുമൊക്കെയാണ്. കൃഷിയിടത്തിനുനടുക്കായി ഒരു ചെറിയ വെള്ളച്ചാട്ടം. ആവശ്യത്തിനു വെള്ളം ശേഖരിച്ച് ഒന്നു വിശ്രമിക്കാനിരുന്നപ്പോള്‍ ദൂരെ തോട്ടത്തില്‍ രണ്ടു പണിക്കാര്‍. അടുത്തുചെന്നു ഗ്രാമത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, ഇനി ചെറിയൊരു കയറ്റംകൂടി കയറിയാല്‍ ഗ്രാമം കാണാമെന്ന മറുപടി ലഭിച്ചു. ഈ തോട്ടം കഴിഞ്ഞാല്‍ പിന്നെ ഉരുളന്‍കല്ല് കൊണ്ടുണ്ടാക്കിയ പടവുകളാണ്. പടവുകളുടെ ഇരുവശത്തും കൂറ്റന്‍മരങ്ങള്‍. പടവു കയറി അല്‍പം കൂടി നടന്നാല്‍ ഒരു വളവിനപ്പുറം വെള്ളഗവിയുടെ കാഴ്ചയായി.
വെല്ലഗവിയില്‍ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു കോവിലാണ്. അതിനപ്പുറത്തേക്ക് ഇവിടത്തുകാര്‍ ആരുംതന്നെ പാദരക്ഷകള്‍ ഉപയോഗിക്കാറില്ല. ഇതുപോലെ ഇരുപത്തഞ്ചോളം കോവിലുകളുണ്ട്, 150ഓളം പേര്‍ മാത്രം ജീവിക്കുന്ന ഈ ചെറിയ ഗ്രാമത്തില്‍. അതുകൊണ്ടുതന്നെ അവര്‍ തങ്ങളുടെ ഗ്രാമത്തെ ഒരു പുണ്യസ്ഥലമായി വിശ്വസിക്കുന്നു. പുണ്യസ്ഥലങ്ങളില്‍ പാദുകങ്ങള്‍ക്കു സ്ഥാനമില്ലല്ലോ. വിശ്വാസത്തിന്റെ കാര്യത്തില്‍ ഇവരോരുത്തരും കര്‍ക്കശക്കാരാണ്. നിരനിരയായാണു വീടുകള്‍. ഷീറ്റിട്ടതോ അല്ലെങ്കില്‍ ഓടുമേഞ്ഞതോ ആണ് എല്ലാം. ഓരോ വീടുകളും മുട്ടിയുരുമ്മി നില്‍ക്കുന്നു.
പച്ചയും നീലയും ചുവപ്പുമൊക്കെയായി ബഹുവര്‍ണങ്ങളിലുള്ള മിക്ക വീടുകള്‍ക്കുമുന്നിലും ഭംഗിയില്‍ കോലമെഴുതിയിട്ടുണ്ട്. ചുമരുകളില്‍ ചിത്രപ്പണികളും. മുഖാമുഖം നിലകൊള്ളുന്ന വീടുകള്‍ക്കിടയിലെ നടവഴിയെല്ലാം സിമന്റുകൊണ്ട് വൃത്തിയാക്കിയിട്ടുണ്ട്. വീടുകള്‍ക്കിടയിലോ വഴിയുടെ അറ്റത്തോ ആയി കോവിലുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മിക്ക കോവിലുകള്‍ക്കുമുന്നിലും ഒന്നോ രണ്ടോ പേരെങ്കിലും പ്രാര്‍ഥനയോടെ നില്‍ക്കുന്നതു കാണാമായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവം ഇവര്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നു.
കഴുതച്ചാണകം മണക്കുന്ന ഗ്രാമവീഥിയിലൂടെ നടക്കുമ്പോള്‍ പുഞ്ചിരിയോടെയല്ലാതെ ഒരു മുഖവും ഞങ്ങളെ എതിരേറ്റില്ല. ഞായറാഴ്ചയായതിനാല്‍ കുട്ടികളുടെ ബഹളമാണു വഴികളിലെല്ലാം. ഒരു വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് ഫോട്ടോയെടുക്കട്ടെയെന്നു ചോദിച്ചതും അവന്‍ നാണിച്ചുതലതാഴ്ത്തി. എല്‍.പി തലത്തിലുള്ള ഒരു സ്‌കൂള്‍ മാത്രം വെല്ലഗവിക്കാര്‍ക്കു സ്വന്തമായുണ്ട്. അവിടെ പഠിപ്പിക്കാന്‍ അധ്യാപകര്‍ പെരിയകുളത്തുനിന്നും കൊടൈക്കനാലില്‍നിന്നും വരുന്നു. യു.പി മുതല്‍ മേലോട്ടുള്ള പഠനത്തിന് ഇവര്‍ക്കു പുറംനാടുകളെ ആശ്രയിക്കണം.
ആശുപത്രിയും മറ്റ് അവശ്യസേവനങ്ങളും ഇവര്‍ക്കന്യമാണ്. ഈ കാലത്തും ഒരു രോഗം വന്നാല്‍ കി.മീറ്ററുകളോളം നടന്നുപോവുകയോ, ചുമന്നുകൊണ്ടുപോവുകയോ ഒക്കെ ചെയ്യേണ്ടിവരുന്ന അവസ്ഥ എത്ര ഭീകരമാണ്! ഒരു ചായക്കടയും ചെറിയൊരു പലചരക്കുകടയുമാണ് ഇവിടെ ആകെയുള്ള കച്ചവടസ്ഥാപനങ്ങള്‍. ചായക്കടയ്‌ക്കൊപ്പം അടുത്തായൊരു ക്യാംപ് സെറ്റപ്പ് കൂടി തുടങ്ങിയിട്ടുണ്ട്. നിരവധി സഞ്ചാരികള്‍ ഗ്രാമത്തിലെത്താന്‍ തുടങ്ങിയതിനുശേഷമാണിത് ആരംഭിക്കുന്നത്.
കൃഷിയും ആടുവളര്‍ത്തലുമാണ് ഇവിടത്തുകാരുടെ പ്രധാന ജീവിതമാര്‍ഗം. ഓറഞ്ചും ഏലവും കാപ്പിയും വിളയിക്കുന്നുണ്ടിവര്‍. 300 വര്‍ഷത്തോളം പഴക്കമുള്ള ഈ ഗ്രാമത്തിലേക്കു വേണ്ട കുടിവെള്ളം പൈപ്പുവഴി വട്ടക്കനാലില്‍നിന്ന് എത്തിക്കുന്നു. പ്രായത്തില്‍ കൊടൈക്കനാല്‍ പട്ടണത്തെക്കാള്‍ മുതിര്‍ന്ന വെല്ലഗവിയോടു പക്ഷെ സര്‍ക്കാരിനും വേണ്ടത്ര താല്‍പര്യമില്ലാത്തപോലെയാണ്.
സമയം വെയിലാറിയിരുന്നു. ഇപ്പോഴെങ്കിലും നടത്തം തുടങ്ങിയാലേ ഇരുട്ടുംമുന്‍പ് വട്ടക്കനാല്‍ എത്താന്‍ കഴിയൂ. അവിടെ ചെലവഴിച്ച കുറഞ്ഞ സമയത്തിനുള്ളില്‍ പരിചിതരായിക്കഴിഞ്ഞിരുന്ന ഗ്രാമവാസികളോട് യാത്രപറഞ്ഞ് വെല്ലഗവിയോടു വിടപറഞ്ഞു. വെല്ലഗവിയിലെ നിരവധിയാളുകള്‍ കച്ചവടത്തിനും ജോലിക്കും സാധനങ്ങള്‍ വാങ്ങുന്നതിനുമായി കൊടൈക്കനാല്‍ പട്ടണത്തിലെത്തുന്നുണ്ട്. വഴിയുടെ ഇരുവശവും ഇടതൂര്‍ന്ന കാടുകളാണ്. വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും മാറിമാറി വന്നുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തലയില്‍ ചുമടുമായി നഗ്നപാദരായ ഗ്രാമവാസികള്‍ ഇറങ്ങിവരുന്നു. ഒരാള്‍പോലും കുശലമന്വേഷിക്കാതെ കടന്നുപോയില്ല. അവരെക്കുറിച്ചു കേട്ടറിഞ്ഞതും ഇതുതന്നെയായിരുന്നു; സ്‌നേഹിക്കാന്‍ മാത്രമറിയുന്നവര്‍.
നേരമിരുട്ടാന്‍ തുടങ്ങിയിരുന്നു. വൈകിയാല്‍ കൊടൈക്കനാല്‍നിന്ന് ബസ് കിട്ടില്ലെന്നറിയാവുന്നതുകൊണ്ട് നടത്തത്തിന്റെ ആക്കം കൂട്ടാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. ഡോള്‍ഫിന്‍ നോസ് എത്താറായതിന്റെ സൂചനയെന്നോണം യൂക്കാലിപ്റ്റസ് മരങ്ങള്‍ കണ്ടുതുടങ്ങി. എന്നിട്ടും ഏറെനേരത്തിനുശേഷമാണ് ഡോള്‍ഫിന്‍ നോസ് വ്യൂപോയിന്റിലെത്തുന്നത്. സമയം വൈകിയതിനാല്‍ സന്ദര്‍ശകരുണ്ടായിരുന്നില്ല. പാറയുടെ ഉച്ചിയില്‍നിന്നു നോക്കുമ്പോള്‍ ദൂരെ കാടിനുനടുവിലായി വെല്ലഗവിയുടെ പ്രകാശക്കാഴ്ച ദൃശ്യമായി. കിതപ്പുമാറ്റി നടത്തം തുടര്‍ന്നു. വട്ടക്കനാല്‍ എത്തിയപ്പോഴേക്കും നന്നേ ഇരുട്ടിയിരുന്നു. സംഘാംഗങ്ങളോട് യാത്ര ചോദിച്ച്, ഒരു വലിയ സ്വപ്‌നം സാക്ഷാത്ക്കരിച്ച നിര്‍വൃതിയോടെ മടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."