പാരലല്‍ കോളജ് അധ്യാപകന്റെ മരണം; മൂന്നു പേര്‍ അറസ്റ്റില്‍
കിളിമാനൂര്‍: പുളിമാത്ത് ദേവീക്ഷേത്ര കുളത്തില്‍ പാരലല്‍ കോളജ് അധ്യാപകനെ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ മൂന്നു പേരെ കിളിമാനൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
കിളിമാനൂര്‍ പുളിമാത്ത് ദേവി ക്ഷേത്രത്തിന് സമീപം താമസക്കാരായ പാരലല്‍ കോളജ് അധ്യാപകന്‍ വയക്കല്‍ വീട്ടില്‍ പാമ്പ് എന്ന് വിളിക്കുന്ന അഭിജിത്ത് (34),ടെക്‌നോപാര്‍ക്ക് സെക്യൂരിറ്റി ജീവനക്കാരന്‍ പൊരുന്നയില്‍ വീട്ടില്‍ കുഞ്ഞുണ്ണി എന്ന് വിളിക്കുന്ന ശ്രീലാല്‍ (29),കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ മണിമന്ദിരത്തില്‍ ബിനു എന്ന് വിളിക്കുന്ന സുരേഷ്‌കുമാര്‍ (44) എന്നിവരെയാണ് റൂറല്‍ എസ്.പി അശോക് കുമാറിന്റെയും എ.എസ്.പി ആദിത്യയുടെയും നിര്‍ദ്ദേശാനുസരണം കിളിമാനൂര്‍ സി.ഐ പ്രദീപ് കുമാറും എസ്.ഐ ബൈജുവും അഡീഷണല്‍ എസ്.ഐ ഹുസൈനും ഉള്‍പ്പെടുന്ന സംഘം അറസ്റ്റ് ചെയ്തത്.
മൃതദേഹം കണ്ടെടുത്ത വെള്ളിയാഴ്ച്ച മുതല്‍ ഇവര്‍ പൊലിസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നെങ്കിലും മരണത്തില്‍ ഇവരുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കിളിമാനൂരിലെ വിവിധ പാരലല്‍ കോളജുകളില്‍ അധ്യാപകനായിരുന്നു. വെള്ളിയാഴ്ചയാണ് അനൂപിന്റെ മൃതദേഹം പുളിമാത്ത് ദേവീക്ഷേത്ര കുളത്തില്‍ കാണുന്നത്.
എന്നാല്‍ മരിച്ച അനൂപിന്റെ അടിവസ്ത്രവും ഷര്‍ട്ടും, പാന്റും, മൊബൈലും, മാലയും പഴ്‌സും ചെരുപ്പും സമീപത്തെ കിണറ്റിലാണ് കാണപ്പെട്ടത് .
ഇതാണ് ഇവരിലേക്ക് അന്വേഷണം എത്തിച്ചതും, അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിയതും. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് പറയുന്നത് നാലു പേരും സുഹൃത്തുക്കള്‍ ആയിരുന്നു. ഒന്നിച്ച് മദ്യപിച്ച ശേഷം ഇവര്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങുകയും നീന്തല്‍ അറിയാത്ത അനൂപിനെ നിര്‍ബന്ധപൂര്‍വ്വം കുളത്തില്‍ പിടിച്ചിറക്കുകയും ചെയ്തുവത്രെ.
അനൂപ് കുളത്തില്‍ മുങ്ങി താഴുന്നത് കണ്ടിട്ടും ആളെ കൂട്ടി രക്ഷിക്കാന്‍ ശ്രമിക്കാതെ ഇവര്‍ കരയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.മുങ്ങി താഴുന്നത് കണ്ട് വിളിച്ച് ആളെ കൂട്ടിയിരുന്നെങ്കില്‍ അനൂപിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നു.സമീപത്ത് നിരവധി ആളുകള്‍ ഉണ്ടായിരുന്നു.ആളെ കൂട്ടുന്നതിന് പകരം ആരും അറിയാതിരിക്കാന്‍ അനൂപിന്റെ വസ്ത്രങ്ങളും ആഭരങ്ങളും മറ്റും സമീപത്തെ കിണറ്റില്‍ കൊണ്ടിട്ടശേഷം ഇവര്‍ അവിടെ നിന്ന് മുങ്ങുകയായിരുന്നു.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം അനൂപിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ കിളിമാനൂര്‍ പൊലിസ്് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലിസ് തടഞ്ഞു.ഇതിനെ തുടര്‍ന്ന് വിഷയം റൂറല്‍ എസ്.പി അടക്കം ഉന്നതരുടെ ശ്രദ്ധയില്‍ വരികയും ചെയ്തു.
ഇതോടെ സത്യ സന്ധമായ അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി ബന്ധുക്കള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."