രാജ്യത്ത് പട്ടിണിയില്ലാതാക്കിയത് കാര്‍ഷിക ശാസ്ത്രജ്ഞര്‍: ആനന്ദ ബോസ്
കൊച്ചി: സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യക്ക് മഹത്തായ നേട്ടങ്ങള്‍ സമ്മാനിച്ചത് ശാസ്ത്ര സമൂഹമാണെന്ന് മുന്‍ കേന്ദ്ര സെക്രട്ടറി ഡോ. സി.വി ആനന്ദ ബോസ്. രാജ്യത്ത് പട്ടിണി ഇല്ലായ്മ ചെയ്യാന്‍ സഹായിച്ചത് ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു (ഐ.സി.എ.ആര്‍) കീഴിലുള്ള ശാസ്ത്രജ്ഞരാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) 21 ദിവസത്തെ വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയിലെ അഭിമാനകരമായ നേട്ടങ്ങളിലൊന്നായ ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യ കാര്‍ഷിക മേഖലയില്‍ പുരോഗതി നേടാനായി. രാജ്യം ഇപ്പോള്‍ നീലവിപ്ലവത്തിന്റെ പാതയിലാണ്. സമുദ്ര സമ്പത്ത് കാര്യക്ഷമമായി വിനിയോഗിച്ചാല്‍ ഭക്ഷ്യമേഖലയില്‍ രാജ്യം മുന്നേറും.
പ്രളയകാലത്ത് ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണാതെ പോകരുത്. തീരദേശ ആവാസവ്യവസ്ഥയിലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്ടാവ് കൂടിയായ ഡോ. ബോസ് പറഞ്ഞു. സി.എം.എഫ്.ആര്‍.ഐ ഡയരക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കേരളത്തിനുപുറമെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഗവേഷകരുമാണ് വിന്റര്‍ സ്‌കൂളില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."