സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരേ ആരോപണങ്ങളുമായി വോളിബോള്‍ അസോസിയേഷന്‍
കോഴിക്കോട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരേ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ രംഗത്ത്. സ്‌പോര്‍ട്‌സ് താരങ്ങളെയും അസോസിയേഷനുകളേയും ദ്രോഹിക്കുന്നതിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ചുവിടണമെന്നും വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ ചാര്‍ലി ജേക്കബ്, നാലകത്ത് ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പുരോഗതിക്കു വേണ്ടി തുടങ്ങിയ സ്‌പോര്‍ട്‌സ് ലോട്ടറിയിലൂടെ ലഭിച്ച കോടിക്കണക്കിനു രൂപ എവിടെയാണെന്നു പറയാന്‍ കൗണ്‍സില്‍ പ്രസിഡന്റിനാകുന്നില്ല. അദ്ദേഹം വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. പൈക്ക സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ആയിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗം ഒന്നര കോടിയുടെയും കേരളം നടത്തിയ നാഷനല്‍ ഗെയിംസില്‍ കളിക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയതില്‍ ആറു ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. അംഗീകാരം നഷ്ടപ്പെട്ടവര്‍ നടത്തുന്ന ചാംപ്യന്‍ഷിപ്പുകളില്‍ കളിക്കുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കില്ലെന്ന ഭീഷണിയും ഉണ്ടാകുന്നു.
നാഷനല്‍ ഫെഡറേഷന്‍ അംഗീകരിച്ച ഒരു സംഘടനയുടെ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കു നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനു അംഗീകാരവും ഗ്രേസ്മാര്‍ക്കും നല്‍കണമെന്ന ഹൈക്കോടതി വിധിയെ ധിക്കരിച്ചാണ് കായിക താരങ്ങളോടുള്ള ഈ സമീപനമെന്നും അവര്‍ ആരോപിക്കുന്നു.
എല്ലാ സംസ്ഥാന അസോസിയേഷനുകളിലും തങ്ങള്‍ പറയുന്ന ആള്‍ക്കാര്‍ ആയിരിക്കണം എന്ന് വാശിപിടിക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയെ തകിടം മറിക്കുന്നു. അതിനു സമ്മതിക്കാത്ത പക്ഷം അസോസിയേഷനെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്തുകൊണ്ട് സംസ്ഥാന ക്രിക്കറ്റ്, ഫുട്‌ബോള്‍ അസോസിയേഷനുകളില്‍ ഇവര്‍ ഇടപെടുന്നില്ലെന്നും അവര്‍ ചോദിക്കുന്നു. സ്‌പോര്‍ട്‌സ് ആക്ട് നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് കേരളത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. യൂനിവേഴ്‌സിറ്റികളിലെ ഫിസിക്കല്‍ എജുക്കേഷന്‍ ഡയരക്ടര്‍മാരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാളാണ് അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗമാവേണ്ടത്. എന്നാല്‍ ഒരു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ് ഡീനിനെയാണ് അഡ്മിനിസ്‌ട്രേറ്റീവ് അംഗമാക്കിയത്.
എഴുപത് വയസ് പൂര്‍ത്തിയായവര്‍ ആരും കൗണ്‍സില്‍ അംഗമാവാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ 80നടുത്ത് പ്രായമുള്ള വ്യക്തിയും അഡ്മിനിസ്‌ട്രേറ്റീവ് അംഗമായി തുടരുന്നു. പല അസോസിയേഷന്റെ പേരിലും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ പ്രതിനിധീകരിക്കുന്നത് ആ കളിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണെന്നും പറയുന്നു. ഇന്ത്യയില്‍ മറ്റൊരിടത്തും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംവിധാനം നിലവിലില്ല.
കേരളത്തില്‍ സ്‌പോര്‍ട്‌സ് ഡയരക്ടറേയും കേരള ഒളിംപിക്‌സ് അസോസിയേഷനേയും നോക്കുകുത്തിയാക്കിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം. ഗുരുതരമായ ചട്ടലംഘനങ്ങളാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്ന് വോളിബോള്‍ അസോസിയേഷനുണ്ടാകുന്നതെന്നും അവര്‍ ആരോപിച്ചു.
വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മൂന്നു ടേമില്‍ കൂടുതല്‍ സ്ഥാനത്ത് ഇരുന്നു എന്നതാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ അഞ്ചും എട്ടും ടേമുകളായി മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."