തൃപ്തിയുടെ വരവില്‍ അതൃപ്തി അറിയിച്ച് പൊലിസ്, മടങ്ങി പോകണമെന്നും ആവശ്യം, വ്യക്തമായ ഗൂഡാലോചനയെന്ന് ദേവസ്വം മന്ത്രി, കോടതിയലക്ഷ്യ ഹരജി നല്‍കുമെന്ന് തൃപ്തി ദേശായി
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ആക്ടിവിസ്റ്റ് തൃപ്തി ദേശായിയും സംഘവും എത്തിയതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ഇവരെത്തിയത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും വ്യക്തമായ സ്വാധീനമുള്ള പൂനെയില്‍ നിന്നാണ്. ഈ വരവിനു പിന്നില്‍ കൃത്യമായ അജന്‍ഡയും തിരക്കഥയുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ അഞ്ച് മണിക്ക് കൊച്ചിയിലെത്തുക. ഒരു ചാനലിന് മാത്രം ബൈറ്റ് നല്‍കുക. ഇതില്‍ ദുരൂഹതയുണ്ട്. പൊലീസ് പോലും ഇക്കാര്യം അറിയുന്നില്ല. അതുകൊണ്ടുതന്നെ ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് കടകംപള്ളി പറഞ്ഞു.
നന്നായി നടക്കന്ന തീര്‍ത്ഥാടനകാലം സംഘര്‍ഷഭരിതമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച ചെയ്യില്ല. 2019 ലെ ശബരിമല വിധിയില്‍ അവ്യക്തതയുണ്ട്. അവ്യക്തത മാറ്റാന്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും കടകംപള്ളി പറഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹമാണ്. അത് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചിലര്‍ നടത്തുന്നത്. അവ്യക്തമായ വിധിയില്‍ വ്യക്തത വരുത്താന്‍ ആര്‍ക്കും കോടതിയെ സമീപിക്കാം. സര്‍ക്കാരിന് ഇതൊന്നും പ്രശ്നമല്ല. ഇതിന്റെ പേരില്‍ സ്ത്രീയെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. എറണാകുളത്തെ പ്രമുഖ ബിജെപി നേതാവിന്റെ അറിവോടെയാണ് മുളക് സ്പ്രേ പ്രയോഗം നടത്തിയത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി പറഞ്ഞു. ഇതെല്ലാം കൂട്ടിവായിച്ചാല്‍ ഉത്തരം വ്യക്തമാണെന്ന സൂചനയും അദ്ദേഹം നല്‍കി.
അതേ സമയം തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. ഇവരോട് മടങ്ങിപോകാനും പൊലിസ് അറിയിച്ചു. എന്നാല്‍ തങ്ങള്‍ക്ക് പൊലിസിന് സുരക്ഷ ഒരുക്കാനാകില്ലെങ്കില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്നാണ് തൃപ്തി ദേശായി പറയുന്നത്. ശബരിമല സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും കത്തയച്ചശേഷമാണ് താന്‍ ശബരിമല ദര്‍ശനത്തിനെത്തിയിരിക്കുന്നതെന്നും അവര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആര്‍.എസ്. എസിനെ പോലെയാണ് പെരുമാറുന്നതെന്നും തങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനാവില്ലെങ്കില്‍ കോടതിയലക്ഷ്യ ഹരജി നല്‍കുമെന്നും മലയാളിയായ ബിന്ദു അമ്മിണിയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."