ദന്ത ചികിത്സാ മേഖലയിൽ സഊദി വൽക്കരണം നടപ്പാക്കുന്നു
റിയാദ്: ദന്ത ചികിത്സാ മേഖലയിൽ സഊദി വൽക്കരണം നടപ്പാക്കാൻ തീരുമാനം. സഊദി തൊഴിൽ സാമൂഹിക വകുപ്പ് മന്ത്രാലയമാണ് ദന്ത ചികത്സയുമായി ബന്ധപ്പെട്ട മുഴുവൻ മേഖലയിലും സഊദി വൽക്കരണം ശക്തമാക്കാൻ തീരുമാനിച്ചത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് രണ്ടു ഘട്ടങ്ങളിലായാണ് സഊദി വൽക്കരണം നടപ്പാക്കുക. ഇതിനായി പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഈ വർഷം ശഅബാൻ 1 നു (2020 മാർച്ച് 25) നു മുമ്പായി 25 ശതമാനം സഊദിവൽക്കരണവും അടുത്ത വർഷം ശഅബാൻ 1 (2021 മാർച്ച് 14) നു മുമ്പായി ഇത് 30 ശതമാനമാക്കി ഉയർത്താനാണ് പദ്ധതി. തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
മൂന്നും അതിൽ കൂടുതലും വിദേശ ദന്ത ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് പുതിയ തീരുമാനം ബാധകമാകുക. സഊദി ആരോഗ്യ മന്ത്രാലയം, കൗൺസിൽ ഓഫ് സഊദി ചേംബേഴ്‌സ്, സഊദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസ്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി എന്നിവയുമായുള്ള സഹകരണത്തോടെയാണ് ദന്ത മേഖലയിൽ സഊദി വൽക്കരണം നടപ്പാക്കുകയെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. അതേസമയം, സഊദി സഊദി ദന്ത ഡോക്റ്റർമാർക്ക് പരിശീലനവും തൊഴിൽ നിയമനവും നൽകുന്നതിന് മാനവശേഷി വികസന നിധി വഴി സാമ്പത്തിക സഹായം ലഭ്യമാക്കാനും പദ്ധതികളുണ്ട്.
നിലവിൽ സഊദിയിൽ ആയിരത്തിലേറെ സ്വദേശി ദന്ത ഡോക്ടർമാർ തൊഴിൽ രഹിതരായുണ്ടെന്നാണ് കണക്കുകൾ. ഇവർക്ക് വേണ്ടിയാണ് പുതിയപദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. സഊദി ഹെൽത്ത് സ്‌പെഷ്യാലിറ്റീസ് കമ്മീഷൻ ലൈസൻസുള്ള 5287 സഊദി ദന്ത ഡോക്ടർമാരും 9729 വിദേശ ദന്ത ഡോക്ടർമാരും രാജ്യത്തുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. കമ്മീഷൻ ലൈസൻസുള്ള 3116 ഡെന്റൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും രാജ്യത്തുണ്ട്. ഇവരിൽ 1651 പേർ സ്വദേശികളും ബാക്കിയുള്ളവർ വിദേശികളുമാണ്. വിദേശ ദന്ത ഡോക്ടർമാരുടെ എണ്ണം പടിപടിയായി കുറച്ച് 2027 ആകുമ്പോഴേക്കും 21,800 സഊദി ദന്ത ഡോക്ടർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് മന്ത്രാലയം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."