വീക്ഷണം കൈത്തറി സഹകരണ സംഘത്തിന്റെ ശനി ദശ മാറുന്നില്ല
കല്ലമ്പലം: ആറ്റിങ്ങല്‍ ആലംകോട് വീക്ഷണം കൈത്തറി നെയ്ത്ത് സഹകരണ സംഘം പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. സംഘത്തിന്റെ ബാധ്യതകള്‍ തീര്‍പ്പാക്കാത്തതാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രധാന തടസം. ഇതിന്റെ നടപടി ക്രമങ്ങള്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നുവെന്നതാണിപ്പോഴത്തെ സ്ഥിതി. പ്രവര്‍ത്തന മൂലധനം നഷ്ടപ്പെട്ട് 16 വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ സംഘം പുനരുജ്ജീവിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ബി. സത്യന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരുന്നു. സംഘം പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് സംഘത്തില്‍ വച്ച് പ്രത്യേക യോഗം ചേര്‍ന്നിരുന്നു.
വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം വിളിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ പിന്നീട് നടപടികള്‍ക്ക് വേണ്ടത്ര വേഗമുണ്ടായില്ല. സംഘത്തിലെ പതിനഞ്ച് തൊഴിലാളികള്‍ വീട്ടിലിരുന്ന് സ്‌കൂള്‍ യൂനിഫോമിനുള്ള തുണി നെയ്ത് നല്‍കുന്നു വെന്നത് മാത്രമാണ് പുനരുജ്ജീവന ശ്രമം കൊണ്ടുണ്ടായ ആകെ നേട്ടം. 20 വര്‍ഷം മുന്‍പ് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് ആറു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് പലിശ പെരുകി 36 ലക്ഷമായി. ഇതിന്മേല്‍ ജപ്തി നടപടികളുണ്ട്. ഓഡിറ്റ്ഫീസ്, ക്ഷേമനിധി, ലേബര്‍, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം, ഇ.പി.എഫ്. എന്നിവയുടെ കുടിശ്ശികയിന്മേലും ജപ്തി നടപടിയുണ്ട്.
ആകെ 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് അന്ന് കണ്ടെത്തിയത്. സംഘത്തില്‍ നിന്ന് നെയ്ത്ത് തുണി വാങ്ങിയ ഹന്‍വീവ് യഥാസമയം പണം നല്‍കാതിരുന്നതാണ് സംഘം നഷ്ടത്തിലാകുന്നതിനും അടച്ചു പൂട്ടുന്നതിന് ഇടയാക്കിയതെന്ന് മുന്‍ ഭരണസമിതിയംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ഇടപെടലിലൂടെ മാത്രമേ വിഷയത്തിന് പരിഹാര മുണ്ടാക്കാന്‍ കഴിയൂ. ജില്ലാ സഹകരണ ബാങ്കിന്റെ വായ്പ കുടിശ്ശിക സംബന്ധിച്ച തീരുമാനമുണ്ടായിട്ടില്ല. വൈദ്യുത ചാര്‍ജിന്റെ പലിശ ഒഴിവാക്കുമെന്ന് അന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സ്‌കൂള്‍ യൂനിഫോം പദ്ധതിയില്‍ സംഘത്തെ ഉള്‍പ്പെടുത്തി പുനരുജ്ജീവനം നടപ്പാക്കാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം അധികൃതര്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. പതിനഞ്ച് തൊഴിലാളികള്‍ വീട്ടിലിരുന്ന് നെയ്ത് സ്‌കൂള്‍ യൂനിഫോം പദ്ധതിയിലേക്ക് നല്‍കുന്നുണ്ട്. വേതനം ഇവരുടെ അക്കൗണ്ടിലേക്കാണെത്തുന്നത്. ഇതുകൊണ്ട് സംഘത്തിന് നേട്ടമില്ലെന്നും തൊഴിലാളികളെ സംഘത്തിലെത്തിക്കാനും പുതിയ തൊഴിലാളികളെ ഉള്‍പ്പെടുത്താനും നടപടികളുണ്ടായാലേ പുനരുജ്ജീവനം സാധ്യമാകൂവെന്നും എം.എല്‍.എ പറഞ്ഞു. ദേശീയപാതയുടെ സമീപത്തായി കോടികള്‍ വിലയുള്ള ഭൂമിയും കെട്ടിടങ്ങളും നെയ്ത്തുപകരണങ്ങളുമാണ് വര്‍ഷങ്ങളായി നശിക്കുന്നത്. ആധുനിക സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഈ സംഘം പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുണ്ടായാല്‍ നിരവധി കുടുംബങ്ങളുടെ ആശ്രയമാകുമിത്. പരമ്പരാഗത രീതിക്കൊപ്പം വസ്ത്ര നിര്‍മാണ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ കൂടി ഇവിടെ പ്രയോഗിക്കാനായാല്‍ ആറ്റിങ്ങലിന് അഭിമാനിക്കാവുന്ന സ്ഥാപനമായി ഉയരുകയും ചെയ്യുമെന്ന് നാട്ടുകാര്‍ പറയുന്നു. ജനപ്രതി നിധികളുടെ അടിയന്തര ഇടപെടല്‍ ഈ വിഷയത്തിലുണ്ടാവണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."