വിജയിക്കുന്ന പരീക്ഷണങ്ങള്‍ക്ക് മനുഷ്യര്‍ തയാറാകണം: കെ. മോഹന്‍കുമാര്‍
പത്തനാപുരം : ജീവിതം തന്നെ പരീക്ഷണമാകുന്ന കാലഘട്ടത്തില്‍ വിജയിക്കുന്ന പരീക്ഷണങ്ങള്‍ക്ക് മനുഷ്യന്‍ തയാറാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. കെ. മോഹന്‍കുമാര്‍. പത്തനാപുരം ഗാന്ധിഭവനില്‍ ഗുരുവന്ദന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുഭൂരിപക്ഷം മനുഷ്യരും പരീക്ഷണങ്ങള്‍ക്ക് തയാറാകാത്തവരാണ്. അവനവനിലേക്കും കുടുംബങ്ങളിലേക്കും മാത്രം ഒതുങ്ങുന്നവര്‍. ആര്‍ക്കുവേണ്ടിയും സമയം കണ്ടെത്താന്‍ അവര്‍ക്ക് മനസില്ല. എന്നാല്‍ ചുറ്റുമുള്ളവരെ ചേര്‍ത്ത് പിടിച്ച്, എല്ലാവരെയും ഒന്നായി കാണുന്നിടത്താണ് പരീക്ഷണങ്ങള്‍ വിജയം കാണുന്നത്. മനുഷ്യര്‍ എവിടെ ഒന്നിക്കുന്നുവോ അവിടെ സമസ്ത ദൈവങ്ങളുടെയും അനുഗ്രഹമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക രാഷ്ട്രത്തിന്റെ ഗുരുവും പിതാവുമാണ് മഹാത്മജി. സര്‍വോദയ സംഹിത രാജ്യത്തെ പഠിപ്പിച്ച അദ്ദേഹത്തെയാണ് നാം നിരന്തരം ഗുരുവായി വന്ദിക്കേണ്ടത്. സംഘര്‍ഷങ്ങളില്ലാത്ത, സമാധാനവും സഹവര്‍ത്തിത്വവും സ്‌നേഹവും ആഴത്തില്‍ പഠിപ്പിച്ച ഗാന്ധിജിയുടെ ആശയങ്ങളാണ് ഗാന്ധിഭവനില്‍ പ്രാവര്‍ത്തികമാകുന്നതെന്നും മോഹന്‍കുമാര്‍ പറഞ്ഞു.
ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, അക്കൗണ്ട്‌സ് ജനറല്‍ മാനേജര്‍ കെ. ഉദയകുമാര്‍, ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ഉപദേശക സമിതി അംഗം പിറവന്തൂര്‍ രാജന്‍, റിട്ട. ജയില്‍ ഡിഐജി ബി. പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."