ബാലുശ്ശേരിയിലെ ഹൈമാസ്റ്റ് ലൈറ്റ്: യു.ഡി.എഫ് പ്രചാരണം വസ്തുതാ വിരുദ്ധമെന്ന്
ബാലുശ്ശേരി: എം.പി ഫണ്ടില്‍ നിന്നനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിക്കെതിരേ നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്ന് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്. എം.കെ രാഘവന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ബാലുശ്ശേരി ടൗണില്‍ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കാതെ സ്റ്റാന്‍ഡിന്റെ എതിര്‍ ദിശയില്‍ സ്ഥാപിക്കുന്നു എന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഇതിന് മറുപടിയുമായി പഞ്ചായത്ത് പ്രസിഡന്റ് പത്രക്കുറിപ്പുമായി രംഗത്തെത്തിയതോടെ ഹൈമാസ്റ്റ് ലൈറ്റ് ബാലുശ്ശേരിയില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
ഏതാനും മാസം മുന്‍പാണ് ബാലുശ്ശേരി ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി എം.പി ഫണ്ട് അനുവദിച്ചിരുന്നത്. ഇത് നവീകരണ പ്രവൃത്തി നടക്കുന്ന ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ തന്നെ സ്ഥാപിക്കാനാണ് യു.ഡി.എഫ് നേതാക്കളുടെ ശ്രമം. എന്നാല്‍ പഞ്ചായത്ത് ഭരിക്കുന്ന ഇടതുഭരണ സമിതി യു.ഡി.എഫിന്റെ നീക്കത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതാണ് വിവാദത്തിലായത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ബാലുശ്ശേരിയില്‍ എം.പി കൊണ്ടുവരുന്ന വികസന പ്രവൃത്തികള്‍ തടയുകയാണ് ഗ്രാമപഞ്ചായത്ത് ചെയ്യുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
എം.പിയുടെ ഓഫിസില്‍ നിന്ന് ഇതുസംബന്ധിച്ച വിവരം കിട്ടിയ ഉടന്‍ പഞ്ചായത്ത് ഭരണസമിതി യോഗം ചേരുകയും ബസ് സ്റ്റാന്‍ഡില്‍ നവീകരണം നടക്കുന്നതിനാല്‍ യു.ഡി.എഫ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്റ്റാന്‍ഡിന്റെ എതിര്‍ ദിശയില്‍ സ്ഥലം കണ്ടെത്തുകയും ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി കരാറുകാരനെ ഏല്‍പ്പിക്കുകയുമായിരുന്നു. ഈ ഘട്ടത്തിലൊന്നും ഒരു എതിര്‍പ്പും യു.ഡി.എഫ് അംഗങ്ങള്‍ നടത്തിയിരുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.
വസ്തുത ഇതായിരിക്കെ യു.ഡി.എഫ് അംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട ഭരണ സമിതിക്കെതിരേ ചിലര്‍ നടത്തുന്ന വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളില്‍ നിന്ന് അവര്‍ പിന്തിരിയണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. ബസ് സ്റ്റാന്‍ഡിന് എതിര്‍ ദിശയില്‍തന്നെ എത്രയും പെട്ടന്ന് ലൈറ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."