മണല്‍വയലിന്റെ മൗനനൊമ്പരങ്ങള്‍
മണല്‍വയലില്‍ ജനവാസം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്നാണ് പഴമക്കാര്‍ പറയുന്നത്. ആദ്യകാലങ്ങളില്‍ രണ്ട് ചെട്ടിമാരുടെ കുടുംബങ്ങളും അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഏതാനും ആദിവാസികളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. വര്‍ഷത്തില്‍ ഒരുതവണ ഗ്രാമത്തിലെ വയലില്‍ നെല്ല് കൃഷിചെയ്യും. അതുമാത്രമാണ് കൃഷി. കുറെ കന്നുകാലികളെ വളര്‍ത്തും. കരയില്‍ ആകെയുള്ള കൃഷി ഏതാനും പ്ലാവുകള്‍ മാത്രമായിരുന്നു. അന്ന് ഇവര്‍ക്ക് അല്ലലും അലട്ടും ഇല്ലായിരുന്നു. കിട്ടുന്ന നെല്ലും, പാലും, ഇടക്കൊക്കെ വനത്തില്‍ വേട്ടയാടി ലഭിക്കുന്ന കാട്ടുമൃഗങ്ങളുടെ ഇറച്ചിയും കാര്യങ്ങള്‍ സുഭിക്ഷമാക്കി.
ചെട്ടിമാരോടൊപ്പമുണ്ടായിരുന്ന ആദിവാസികളാവട്ടെ ചെട്ടിമാരുടെ കൃഷിയിടത്തില്‍ പണി, അവരുടെ കന്നുകാലികളെ പരിപാലിക്കല്‍, വയലില്‍ കൃഷിയിറക്കിയാല്‍ കാവല്‍ ഇതൊക്കെയായി അവരുടെ ജീവിതവും മുന്നോട്ട് നീക്കി. അക്കാലങ്ങളില്‍ വന്യമഗങ്ങള്‍ ഇവരുടെ ശത്രുക്കളല്ലായിരുന്നു. വയലില്‍ ആകെ ശല്യക്കാരായി ഉണ്ടായിരുന്നത് ഇടക്കൊക്കെ വരുന്ന കാട്ടുപന്നികളായിരുന്നു.
പടക്കംവച്ച് ഇവയില്‍ ഒന്നൊ രണ്ടൊ എണ്ണത്തിനെ പിടികൂടിയാല്‍ പിന്നീട് ആ വര്‍ഷത്തേക്ക് അവയുടെ ശല്യമുണ്ടാകുകയില്ലായിരുന്നു. കാട്ടാനകള്‍ അക്കാലങ്ങളില്‍ കൃഷിയിടത്തില്‍ കടക്കുകയേ ഇല്ലായിരുന്നു. ഒന്നൊ രണ്ടൊ വര്‍ഷങ്ങള്‍ കൂടുമ്പോഴെ ഒറ്റപ്പെട്ട ആനകള്‍ ഇവിടെ എത്തിയിരുന്നുള്ളു. ശരിക്കും വനമായിരുന്നു ഇവരുടെ കൃഷിയിടം.
മണല്‍വയലിനടുത്ത് കാപ്പിക്കുന്ന് വനത്തിലുള്ള ശിവക്ഷേത്രമായിരുന്നു ഇവരുടെ ഏക ആരാധനാലയം. ഇന്നും ശിവരാത്രിക്ക് മണല്‍വയല്‍ ഉള്‍പ്പെടുന്ന നെയ്ക്കുപ്പയില്‍ നിന്നും കാപ്പിക്കുന്ന് ക്ഷേത്രത്തിലേക്ക് കാവടി വരാറുണ്ട്. കാലങ്ങള്‍ കടന്നുപോയപ്പോള്‍ ഇവിടേക്കും കുടിയേറ്റമുണ്ടായി. മണല്‍വയലെന്ന ഗ്രാമത്തിന്റെ ചുറ്റളവ് ഒരു കിലോമീറ്റര്‍ മാത്രമാണ്.
നടുക്ക് വയല്‍, അതിനുചുറ്റിലും ഏതാനും ഏക്കര്‍ കരഭൂമി. ഐശ്വര്യ സമ്പുഷ്ടമായിരുന്ന ഗതകാലത്തിന്റെ അവശിഷ്ടങ്ങള്‍ മണല്‍വയലില്‍ അങ്ങിങ്ങായി കാണാനുണ്ട്. 40-50 വര്‍ഷത്തിന് താഴെ പ്രായമുള്ള ഒരൊറ്റ തെങ്ങും ഇവിടെ കാണാനില്ല. ഗ്രാമവാസികളായ ആദിവാസികളുടെ ആരാധനാകേന്ദ്രംവരെ കാട്ടാനകള്‍ തകര്‍ത്തുകഴിഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളിലാണ് വന്യമൃഗങ്ങളുടെ ശല്യം ഇത്രയേറെ വര്‍ധിച്ചതെന്ന് ഗ്രാമവാസികള്‍ ഒറ്റക്കെട്ടായി പറയുന്നു. കൃഷി എന്നൊന്ന് ഇപ്പോള്‍ മണല്‍വയലില്‍ ഇല്ല. വയലില്‍ വന്യമൃഗശല്യം രൂക്ഷമായതോടെ നെല്‍കൃഷിക്കു പകരം ഇഞ്ചിയും, വാഴയും കമുകും കര്‍ഷകര്‍ കൃഷിചെയ്യുവാന്‍ ആരംഭിച്ചു. എന്നാല്‍ ഇവയും കാട്ടാനകളും കാട്ടുപന്നികളും ചേര്‍ന്ന് നശിപ്പിച്ചതോടെ ഗ്രാമത്തില്‍ കൃഷിയെന്നൊന്ന് പാടെ ഇല്ലാതായി. മണല്‍വയല്‍ ഗ്രാമക്കാരെ ഇവിടെനിന്നും കുടിയൊഴിപ്പിക്കാന്‍ വന്യമൃഗങ്ങള്‍ക്കൊപ്പം വനംവകുപ്പും കഴിഞ്ഞ കുറെക്കാലങ്ങളായി സജീവമായി രംഗത്തുണ്ട്. വന്യമൃഗങ്ങള്‍ കൃഷികള്‍ നശിപ്പിച്ചാലൊ, വീടുകള്‍ തകര്‍ത്താലൊ ഒരൊറ്റരൂപ നഷ്ടപരിഹാരം നല്‍കാതെയാണ് വനംവകുപ്പിന്റെ പീഡനം.
വനത്തിനുള്ളിലൂടെ ഗ്രാമത്തിലേക്കുള്ള റോഡ് നന്നാക്കുവാന്‍പോലും അടുത്തകാലംവരെ വനംവകുപ്പ് അനുമതി നല്‍കിയിരുന്നില്ല. മണല്‍വയല്‍ ഗ്രാമക്കാരെ പുകച്ച് പുറത്ത്ചാടിക്കുകയെന്ന തന്ത്രമായിരുന്നു വനംവകുപ്പ് പയറ്റിയിരുന്നത്. വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണങ്ങള്‍ കൂടിയായപ്പോള്‍ വനവിഭവങ്ങള്‍മാത്രം ഭക്ഷിച്ച് ജീവിക്കേണ്ട ഗതികേടിലായി ഇവിടുത്തെ ജനങ്ങള്‍.
പതിറ്റാണ്ടുകളായി തങ്ങളുടെ പൂര്‍വീകര്‍ ജീവിച്ച മണ്ണ് വിട്ടുപോകുവാന്‍ തയാറല്ലാതെ വളരെക്കാലം പിടിച്ചുനില്‍ക്കാന്‍ യത്‌നിച്ചവര്‍, ഇപ്പോള്‍ എങ്ങനെയെങ്കിലും ഇവിടെനിന്ന് ഒന്ന് രക്ഷപെട്ടാല്‍മതിയെന്ന ആഗ്രഹത്തിലാണ് ജീവിതം തള്ളി നീക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."