മാവോയിസ്റ്റുകള്‍ ജനകീയ വിമോചന കമ്മിറ്റി രൂപീകരിച്ചെന്ന്
കാളികാവ്: പാലക്കാട് ജില്ലയിലെ അട്ടപ്പാടി മാവോയിസ്റ്റ് സ്വാധീന മേഖലയില്‍ ജനകീയ വിമോചന കമ്മിറ്റി രൂപീകരിച്ചതായി സൂചന.
ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അട്ടപ്പാടി അഗളി ഊരുകളിലാണ് മാവോയിസ്റ്റുകളുടെ ജനകീയ വിമോചന കമ്മിറ്റി രൂപവല്‍ക്കരിച്ചതായി സൂചന ലഭിച്ചിട്ടുള്ളത്. മാവോയിസ്റ്റുകളുടെ പോരാട്ടങ്ങളുടെ അടിത്തറയാണ് ജനകീയ വിമോചന കമ്മിറ്റി.
ആദിവാസികളുടെ പിന്തുണയോടെ കമ്മിറ്റി രൂപവല്‍ക്കരിച്ചതിന് വ്യക്തമായ സൂചനകള്‍ ആദിവാസി ഊരുകളില്‍ ലഭിച്ചിട്ടുണ്ട്. ഈ മാസം 23ന് 15 അംഗ സംഘം പുതൂരിലെ സ്വര്‍ണഗദ്ദ (ഗോള്‍ഡന്‍ വാലി) ഊരിലെത്തിയിട്ടുണ്ടായിരുന്നു. ഊരിലെ മുരുകന്‍ എന്ന യുവാവ് മാവോയിസ്റ്റുകളോടൊപ്പം ഉള്‍ക്കാട്ടിലേക്ക് പോയതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇനിയും തിരിച്ചെത്താത്ത മുരുകന്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം പോയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. തൃശൂരില്‍ ജോലിക്ക് പോയതാണെന്നും മറ്റുള്ളത് വ്യാജ പ്രചരണമാണെന്നുമാണ് മുരുകന്റെ കുടുംബം പറയുന്നത്.
അട്ടപ്പാടി മേഖലയിലെ ആദിവാസി ഊരുകളുടെ ഇരുഭാഗങ്ങളിലായി മാവോയിസ്റ്റുകളുടെ രണ്ട് ദളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടപ്പാടി മേഖല ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളവും മണ്ണാര്‍ക്കാടിനെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന ശീരുവാണി ദളവുമാണുള്ളത്. ആദിവാസികളുടെ പിന്തുണ നേടിയെടുക്കാന്‍ ഇരു ദളങ്ങളുടേയും പ്രവര്‍ത്തനം ഏകോപിച്ചതായാണ് തമിഴ്‌നാട് പൊലിസ് രഹസ്യവിഭാഗത്തിന്റെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."