വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല സെന്‍കുമാര്‍ വീണ്ടും കുരുക്കില്‍
തിരുവനന്തപുരം: മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍ ഒന്നിന് പുറകെ ഒന്നായി നിയമക്കുരുക്കുകളില്‍ അകപ്പെടുന്നു. വ്യാജരേഖയുണ്ടാക്കി സര്‍ക്കാരിനെ കബളിപ്പിച്ച് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സെന്‍കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വിജിലന്‍സ് കേസെടുക്കും. ചികിത്സയുടെ പേരില്‍ എട്ടുമാസം അവധിയിലായിരുന്നെന്ന വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ടുലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുക്കുക.
തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ എ.ജെ സുക്കാര്‍ണോയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് ഡിവൈ.എസ്.പി ബിജിമോനാണ് പ്രാഥമികാന്വേഷണം നടത്തി സെന്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെതിരേ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ജൂലായ് 21ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശുപാര്‍ശ അംഗീകരിക്കുകയും തുടര്‍നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയരക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.
നേട്ടത്തിനായി വ്യാജരേഖ നിര്‍മിച്ചുവെന്നതില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 465, വ്യാജ രേഖ നിര്‍മിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നതില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 468, വ്യാജ രേഖ അസല്‍ എന്ന നിലയില്‍ ഉപയോഗിച്ചു എന്നതില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 471 എന്നീ വകുപ്പുകള്‍ ചുമത്തി ഇന്ന് കേസെടുത്തേയ്ക്കും. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2016 ജൂണില്‍ സെന്‍കുമാറിനെ പൊലിസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
തുടര്‍ന്ന് ജൂണ്‍ ഏഴിന് ചീഫ് സെക്രട്ടറിക്കു നല്‍കിയ അപേക്ഷയില്‍, വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്നുള്ള എട്ടു മാസങ്ങളിലും പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കി.
ഈ അപേക്ഷകളില്‍ അവധി അനുവദിക്കുകയും ഉത്തരവിന്റെ പകര്‍പ്പ് പകുതി ശമ്പളം നിശ്ചയിക്കാന്‍ അക്കൗണ്ടന്റ് ജനറലിനു കൈമാറിയതായും ചീഫ്‌സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ആയുര്‍വേദ ചികിത്സയിലായിരുന്നെന്ന് സെന്‍കുമാര്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
എന്നാല്‍, ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കായി ഡോക്ടറെ കാണാനെത്തിയെന്ന് അവകാശപ്പെടുന്ന ചില ദിവസങ്ങളില്‍ സെന്‍കുമാര്‍ അന്നമനട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലായിരുന്നെന്ന് മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ പരിശോധിച്ചതില്‍നിന്ന് വിജിലന്‍സ് കണ്ടെത്തി.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടറും സെന്‍കുമാറും പറഞ്ഞ ദിവസങ്ങളില്‍ ഒരു ടവര്‍ ലൊക്കേഷനില്‍ എത്തിയിട്ടില്ലെന്നും ചികിത്സയിലായിരുന്ന എട്ട് മാസം രണ്ടു മരുന്നുകള്‍ മാത്രമാണ് തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയില്‍നിന്ന് നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ആയുര്‍വേദ ആശുപത്രിയില്‍ ഒ.പി ഉള്ളത് തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലാണ്. എന്നാല്‍ സെന്‍കുമാറിന് മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നല്‍കിയിരിക്കുന്നത് ഈ ദിവസങ്ങളില്‍ അല്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് സെന്‍കുമാറിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാതെ ചീഫ് സെക്രട്ടറി ഫയല്‍ തടയുകയും വിജിലന്‍സ് അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ചീഫ് സെക്രട്ടറി ഫയല്‍ തടഞ്ഞതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുമെന്ന നിലപാടുമായി സെന്‍കുമാര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
സെന്‍കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ടു കേസ് നേരത്തെ എടുത്തിട്ടുണ്ട്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി, മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നീ ആരോപണങ്ങളിലാണ് നിലവില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇതില്‍ അറസ്റ്റ് ഉണ്ടാകാതിരിക്കാന്‍ ഹൈക്കോടതിയില്‍നിന്നു ഇടക്കാല ജാമ്യത്തിലാണ് സെന്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."