യു.എസ്-ചൈന വ്യാപാരയുദ്ധത്തില്‍ 'വെടിനിര്‍ത്തല്‍'
ബ്യൂണസ് അയേഴ്സ്: ഒടുവില്‍ അമേരിക്കയും ചൈനയും തമ്മില്‍ 'വെടിനിര്‍ത്തല്‍' പ്രഖ്യാപിച്ചു. പുതിയ തീരുവകള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കാന്‍ യു.എസ്-ചൈനീസ് നേതാക്കള്‍ തമ്മില്‍ ധാരണയായി. ആഗോള സമ്പദ്രംഗത്തെ പ്രതികൂലമായി ബാധിക്കുകയും രാജ്യാന്തര മാര്‍ക്കറ്റുകളെ തകര്‍ക്കുകയും ചെയ്ത വ്യാപാരയുദ്ധത്തിനാണ് ഇതോടെ താല്‍ക്കാലികമായെങ്കിലും ശമനമായിരിക്കുന്നത്.
അര്‍ജന്റീനാ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മിലുള്ള ചര്‍ച്ചക്കു വേദിയൊരുങ്ങിയത്. ജിന്‍പിങ്ങുമായി തനിക്കു നല്ല ബന്ധമാണുള്ളതെന്നു കൂടിക്കാഴ്ചക്കു മുന്നോടിയായി ട്രംപ് പറഞ്ഞിരുന്നു. ഉച്ചക്കു ട്രംപും ജിന്പിങ്ങും പങ്കെടുത്ത വിരുന്നോടെയാണ് 'മഞ്ഞുരുക്ക'ത്തിനു തുടക്കമായത്.
വിരുന്ന് രണ്ടു മണിക്കൂറോളം നീണ്ടു. തുടര്‍ന്നാണ് ഇരു നേതാക്കളും ഒരു മേശക്ക് ഇരുപുറമിരുന്നു വ്യാപാര തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തത്.
ജനുവരി ഒന്നുമുതല്‍ അമേരിക്ക ഏര്‍പ്പെടുത്താനിരുന്ന പുതിയ തീരുവ പിന്‍വലിക്കാനാണ് കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയായിരിക്കുന്നത്. 200 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന ചൈനീസ് ചരക്കുകള്‍ക്കാണ് അമേരിക്ക തീരുവ ഏര്‍പ്പെടുത്താനിരുന്നത്. അവിശ്വസനീയമായ കരാറാണ് ചൈനയുമായി തയാറായിരിക്കുന്നതെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
തീരുമാനിച്ച പോലെ നടക്കുകയാണെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും വലിയ കരാറുകളിലൊന്നാണിത്. പുതിയ തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുകയാണ് താന്‍ ചെയ്തിരിക്കുന്നത്. ചൈനയും തീരുവകള്‍ പിന്‍വലിക്കും.
വന്‍തോതിലുള്ള യു.എസ് ഉല്പന്നങ്ങള് വാങ്ങാനും ചൈന തീരുമാനിച്ചിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ജി-20 ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായും ട്രംപ് കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉക്രൈനും റഷ്യയും തമ്മില്‍ പുതുതായി ഉടലെടുത്ത നയതന്ത്ര പ്രശ്നങ്ങളെ കുറിച്ചായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, അവസാനഘട്ടത്തില്‍ ട്രംപ് കൂടിക്കാഴ്ചയില്‍നിന്നു പിന്മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."