ഖത്തര്‍ 'ഒപെക് ' വിടുന്നു
ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍നിന്നു ഖത്തര്‍ പിന്മാറുന്നു. ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ഷെരിദ അല്‍ കാബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2019 ജനുവരിയില്‍തന്നെ ഖത്തര്‍ കൂട്ടായ്മയില്‍നിന്നു പിന്മാറും.
പ്രകൃതിവാതക ഉല്പാദനം വര്‍ഷത്തില്‍ 77 മില്യന്‍ ടണ്ണില്‍നിന്ന് 110 മില്യന്‍ ടണ്ണായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ പിന്മാറ്റം. ഇന്ധന ഉല്പാദനത്തിനു പ്രാധാന്യം നല്‍കുന്നില്ലെന്നും യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ് തങ്ങളെന്നും മന്ത്രി പറഞ്ഞു. പ്രകൃതിവാതകത്തിലാണ് ശ്രദ്ധ. തങ്ങളുടെ തീരുമാനത്തിനു പിന്നില്‍ ഗള്‍ഫ് ഉപരോധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എണ്ണ വിതരണക്കാരായ പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെക് കൂട്ടായ്മയിലുള്ളത്. സഊദി അറേബ്യ, യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം.
ഒപെക്കില്‍നിന്നു പിന്മാറുന്ന കാര്യം സ്ഥിരീകരിച്ചു ഖത്തര്‍ പെട്രോളിയവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഒപെക്കില്‍നിന്നു പിന്‍വാങ്ങുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായി ഖത്തര്‍ മാറും. ഒപെക് സ്ഥാപിച്ച് ഒരു വര്‍ഷത്തിനു ശേഷം 1961ലാണ് ഖത്തര്‍ കൂട്ടായ്മയില്‍ ചേര്‍ന്നത്. ഒപെക് രാഷ്ട്രങ്ങളില്‍ ഇന്ധനം ഉല്പാദിപ്പിക്കുന്നതില് 11ാം സ്ഥാനത്താണ് ഖത്തറുള്ളത്.
റഷ്യയുമായി ചേര്‍ന്നു ലോകത്തിനാവശ്യമുള്ള ഇന്ധനത്തിന്റെ 40 ശതമാനത്തോളം ഉല്പാദിക്കാന് ഒപെക് രാഷ്ട്രങ്ങള്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഈ മാസം ഒന്‍പതിന് ഒപെക് രാജ്യങ്ങളുടെ യോഗം നടക്കുന്നുമുണ്ട്. ഈ യോഗത്തില്‍ ഖത്തര്‍ ഔദ്യോഗിക തീരുമാനം വിശദീകരിക്കുമെന്നാണ് കരുതുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദ്രവരൂപത്തിലുള്ള പ്രകൃതിവാതകം ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തര്‍. ഇതിന്റെ 30 ശതമാനവും ഖത്തറില്‍നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."