സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും വരുന്നു.
ആര്‍ദ്ര വിദ്യാലയം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് വയനാട്ടില്‍ തുടക്കമായി. ആര്‍ദ്രം മിഷന്റേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ആരോഗ്യ കേരളത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് വയനാട്ടിലെ എല്ലാ സ്‌കൂളുകളിലും ആര്‍ദ്രവിദ്യാലയം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ആര്‍ദ്രം കോര്‍ണര്‍ സ്ഥാപിക്കും.
പല ഘട്ടങ്ങളിലായാണ് സ്‌കൂളുകളില്‍ ആര്‍ദ്ര വിദ്യാലയം നടപ്പിലാക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ വയനാട് ജില്ലയില്‍ പഠിക്കുന്ന 80,000 വിദ്യാര്‍ഥികള്‍ക്കും ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കും. ഇതിനായി സംസ്ഥാനത്തെ 1,000 കുട്ടി ഡോക്ടര്‍മാരും വിവിധ വകുപ്പുകളില്‍ നിന്നുള്ള 200 വോളന്റിയര്‍മാര്‍ക്കും 303 സ്‌കൂളുകളിലെ ഓരോ സ്‌കൂളിലേയും ഒരു ടീച്ചറെ ഹെല്‍ത്ത് ടീച്ചറാക്കി 3 ദിവസത്തെ പരിശീലനം നല്‍കും. 1500 സെഷനുകളായിട്ടായിരിക്കും പരിശീലനം നല്‍കുക. ഒന്നര മാസത്തിനകം ഈ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
രണ്ടാം ഘട്ടമായി 303 സ്‌കൂളുകളിലും ഹെല്‍ത്ത് ആര്‍ദ്രം കോര്‍ണര്‍ സജ്ജമാക്കും. ഫസ്റ്റ് എയ്ഡ് ബോക്‌സ്, സ്ട്രക്ച്ചറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക ടേബിള്‍, കൂളര്‍ എന്നിവ ആര്‍ദ്രം കോര്‍ണറില്‍ ഉണ്ടാകും. എന്‍.എച്ച്.എം., സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ഐ.ഇ.സി. (ഇന്‍ഫര്‍മേഷന്‍ എജ്യൂക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) അവബോധ ബോര്‍ഡുകളും സ്ഥാപിക്കും. പാമ്പുകടി, തലകറക്കം, പട്ടികടി, മുറിവ്, മറ്റ് അപകടങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ഇതിലൂടെ മനസിലാക്കാം. പരിശീലനം നേടിയ ഹെല്‍ത്ത് ടീച്ചര്‍ക്കായിരിക്കും ഈ ആര്‍ദ്രം കോര്‍ണറിന്റെ ചുമതല.
അതോടൊപ്പം മാതൃഹസ്തത്തിലൂടെ മാതൃ പി.ടി.എ.യുടെ സഹകരണത്തോടെ കുട്ടികളുടെ ഒരു അമ്മയുടെ സേവനം ദിവസവും മാറിമാറി ലഭ്യമാക്കും.
ആ സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഒരു ഡോക്ടറെ ചങ്ങാതി ഡോക്ടറാക്കി ഇതിന്റെ ചുമതല നല്‍കും. സ്‌കൂളില്‍നിന്നു വരുന്ന ആദ്യ കോള്‍ സ്വീകരിച്ച് വേണ്ടത്ര മാര്‍ഗ നിര്‍ദേശം നല്‍കുക എന്നതാണ് ഈ ഡോക്ടറുടെ ചുമതല. ഈ ഡോക്ടര്‍ വരാതെ തന്നെ കുട്ടിയ്ക്ക് എവിടെ ചികിത്സ നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കും. മാസത്തില്‍ ഒരിക്കലെങ്കിലും ഈ ഡോക്ടര്‍ ഹെല്‍ത്ത് കോര്‍ണര്‍ സന്ദര്‍ശിച്ച് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."