തിരുവനന്തപുരം ടു കാസര്‍കോട്; വിമാനത്തില്‍ പറന്നെത്തിയ അപ്പീലിന് എ ഗ്രേഡ്
കാഞ്ഞങ്ങാട്: സിനിമാക്കഥയെ വെല്ലും കലോത്സവ വേദിയിലേക്ക് അപ്പീല്‍ 'വിമാനത്തില്‍ പറന്നെത്തിയ' ഈ കഥ. വട്ടപ്പാട്ടാണ് മത്സരം. കോഴിക്കോട് എം.ഐ എം.എച്ച്.എസ്.എസ് വിദ്യാര്‍ഥികളാണ് താരങ്ങള്‍.
കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഇവര്‍ക്ക് ലഭിച്ചത് രണ്ടാം സ്ഥാനം. അപ്പീലുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. അപ്പീല്‍ നിരസിച്ചു. എന്നാല്‍ ലോകായുക്തയെ സമീപിക്കാനായിരുന്നു വിദ്യാലയത്തിന്റെ തീരുമാനം. വ്യാഴാഴ്ച നടക്കേണ്ട മത്സരത്തിന് ലോകായുക്ത അപ്പീല്‍ അനുവദിച്ച ഉത്തരവ് ലഭിച്ചത് ബുധനാഴ്ച അര്‍ധരാത്രി 12.45 ന്. അപ്പീല്‍ അനുവദിച്ച ഒറിജിനല്‍ കാസര്‍കോടേക്ക് എത്തിക്കുക എന്നതായി അടുത്ത വെല്ലുവിളി. വിമാനമല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.
പ്രത്യേക വാഹനത്തില്‍ അധ്യാപകനായ അമീര്‍ അബ്ദുള്‍ റഹ് മാന്‍ കൊച്ചിയിലേക്ക്. അവിടെ നിന്നും രാവിലെ 8.10 ന് പറന്ന വിമാനം 9.10 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. പ്രത്യേക വാഹനത്തില്‍ കാഞ്ഞങ്ങാട്ടെ കലോത്സവ നഗരിയിലേക്ക്. പലയിടങ്ങളില്‍ ഗതാഗതക്കുരുക്ക്. പ്രതീക്ഷയോടെ ഒരുങ്ങി നിന്ന കുട്ടികള്‍ക്ക് പ്രാര്‍ഥനയുടെ നിമിഷങ്ങള്‍. രണ്ട് ടീമുകള്‍ മാത്രം ബാക്കിനില്‍ക്കെ ഓടിക്കിതച്ചെത്തിയ ആമിര്‍ മാഷില്‍ നിന്നും ഉത്തരവ് കൈപ്പറ്റി കുട്ടികള്‍ വേദിയിലേക്ക്. മത്സരഫലം വന്നപ്പോള്‍ എ ഗ്രേഡ് ലഭിച്ച സന്തോഷം. നെഞ്ചിടിച്ച നിമിഷങ്ങള്‍ ആരവങ്ങിലേക്ക് വഴിമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."