ചാക്യാന്മാരെ കിട്ടാനില്ല; മത്സരിക്കാന്‍ 10 പേര്‍ മാത്രം!
കാഞ്ഞങ്ങാട്: ഒരു കാലത്ത് സമൂഹത്തിലെ അരാജകത്വങ്ങള്‍ക്കെതിരെ രാജ കൊട്ടാരങ്ങളിലും മറ്റും ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിച്ചിരുന്ന ചാക്യാന്‍മാരുടെ പിന്‍മുറക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവോ? സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം മത്സരാര്‍ഥികളുടെ എണ്ണത്തിലെ കുറവാണ് കാണികളില്‍ ഇങ്ങിനെയൊരു സംശയത്തിന് ഇടയാക്കിയത്.
14 ജില്ലകളെ പ്രതിനിധീകരിച്ച് 10 മത്സരാര്‍ഥികള്‍ മാത്രമാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്. അതില്‍ തന്നെ മലപ്പുറത്ത് നിന്ന് രണ്ട് മത്സരകര്‍ഥികളുമെത്തി. മറ്റുള്ളവരില്‍ പലരും ജില്ലാ തലങ്ങളില്‍ എതിരാളികളില്ലാതെ മത്സരിക്കേണ്ടി വന്നവരുമാണ്. ഒന്‍പത് ജില്ലകളില്‍ നിന്ന് മാത്രമാണ് മത്സരാര്‍ഥികളെത്തിയത്.
കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളില്‍ നിന്നൊന്നും മത്സരാര്‍ഥികളില്ലെന്നതാണ് വസ്തുത. സംസ്ഥാന തലത്തില്‍ എത്തുമ്പോഴേക്ക് ഏതാണ്ട് അര ലക്ഷത്തിന് മുകളിലാണ് രക്ഷിതാക്കള്‍ക്ക് ചിലവ് വരുന്നത്. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങള്‍ക്ക് ഈ ചിലവ് ബാലികേറാ മലയായതാണ് മത്സരാര്‍ഥികളുടെ എണ്ണത്തില്‍ ഇത്ര കുറവുണ്ടാകാന്‍ കാരണമെന്നും പറയപ്പെടുന്നു. എങ്കിലും കൂത്തില്‍ നിന്നും പരിണാമം കൊണ്ട ചാക്യാര്‍കൂത്ത് കലാകാരന്‍മാര്‍ ശുഷ്‌കമായ സദസിന് മുന്നിലും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
രാമായണത്തിലെയും മഹാഭാരതത്തിലെയും വിവിധ ഭാഗങ്ങളിലെ സംഭവ വികാസങ്ങള്‍ തന്‍മയത്തത്തോടെയും സരസമായും അവതരിപ്പിച്ച് കൈയടി നേടിയാണ് ഓരോ കലാകാരന്‍മാരും വേദി വിട്ടത്.
ഹൈസ്‌കൂള്‍ വിഭാഗം ചാക്യാര്‍കൂത്തില്‍ എ ഗ്രേഡ് നേടിയ വിഷ്ണു എന്‍ കെ, പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പള്ളിപ്പുറം, പാലക്കാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."