ബിന്ദ്ര പൊരുതി വീണു
റിയോ ഡി ജനീറോ: ഇന്ത്യ ഏറെ പ്രതീക്ഷ വച്ച വിഭാഗമായിരുന്നു 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍. എന്നാല്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തി അഭിനവ് ബിന്ദ്ര ഫൈനലിലെത്തുകയും ചെയ്തു. എന്നാല്‍ അവസാന ഒളിംപിക്സ് കളിക്കുന്ന ബിന്ദ്രയ്ക്കും ഇന്ത്യയ്ക്ക് റിയോയിലെ ആദ്യ മെഡല്‍ സമ്മാനിക്കാന്‍ സാധിച്ചില്ല. അമ്പരിപ്പിക്കുന്ന പ്രകടനത്തോടെ ആദ്യ രണ്ടിലെത്തിയ ബിന്ദ്ര വെള്ളിയോ സ്വര്‍ണോ നേടുമെന്ന് കരുതിയിരിക്കെയാണ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. അവസാന മൂന്നു റൗണ്ടുകളിലാണ് ബിന്ദ്രയ്ക്ക് തിരിച്ചടിയേറ്റത്. 163.8 ആണ് ബിന്ദ്രയുടെ സ്കോര്‍. ഇറ്റലിയുടെ നിക്കോളോ കാംപ്രിയാനി 206.1 പോയിന്റോടെ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ 204.6 പോയിന്റോടെ സെറി കുലിഷ് വെള്ളിയും 184.2 പോയിന്റോടെ വ്ളാദിമിര്‍ മാസ്ലെനിക്കോവ് വെങ്കലവും സ്വന്തമാക്കി. എന്നാല്‍ ഗഗന് നരംഗിന് ഈ വിഭാഗത്തില്‍ യോഗ്യതാ റൗണ്ട് പിന്നിടാന്‍ സാധിച്ചില്ല.
അതേസമയം അമ്പെയ്ത്തിലെ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്മി റാണി മാജിയും പുറത്തായി. സ്ലോവാക്യയുടെ അലക്സാന്‍ഡ്ര ലോങ്ഗോവയോടാണ് താരം തോല്‍വി നേരിട്ടത്. സ്കോര്‍ 1-7. മൂന്നാം റൗണ്ടില്‍ മാത്രമാണ് ലക്ഷ്മി റാണി സ്ലോവാക്യന്‍ താരത്തിനെതിരേ വെല്ലുവിളി ഉയര്‍ത്താനായത്. അവസാന മൂന്നും റൗണ്ടുകളില്‍ ലോങ്ഗോവയ്ക്കടുത്തെത്താന് പോലും ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല.
പുരുഷ വിഭാഗം ഹോക്കിയിലും ഇന്ത്യ തോല്‍വി നേരിട്ടു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു തോല്‍വി. കളി തീരാന്‍ മൂന്നു സെക്കന്‍ഡ് ബാക്കി നില്‍ക്കെയായിരുന്നു ജര്‍മനിയുടെ വിജയ ഗോള്‍ പിറന്നത്. ക്രിസ്റ്റഫര്‍ റൂര്, നിക്കോളാസ് വെലന് എന്നിവര്‍ ജര്‍മനിക്കായി സ്കോര്‍ ചെയ്തു. രൂപീന്ദര്‍ പാല് സിങ് ഇന്ത്യക്കായി ഗോള്‍ മടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."