കനത്തമഴയില്‍ മണ്ണിടിച്ചില്‍ ഭീഷണി
കണ്ണൂര്‍ വിമാനത്താവള പ്രവൃത്തി മന്ദഗതിയില്‍
കണ്ണൂര്‍: മൂര്‍ഖന്‍പറമ്പിലെ നിര്‍ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പ്രവൃത്തി കനത്ത മഴ കാരണം മന്ദഗതയില്‍. കനത്തമഴയാണ് പ്രവൃത്തിയെ അവതാളത്തിലാക്കുന്നത്.
ഓഗസ്റ്റ് അവസാനവാരത്തോടെ മഴയ്ക്കു അല്‍പംശമനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍വാധികം ശക്തിയോടെ തുടരുമെന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു. വിമാനത്താവള പ്രദേശത്തു നിന്നു ചെളിവെള്ളം വീടുകളിലേക്ക് കുത്തിയൊലിച്ചിറങ്ങുന്നത് ഇപ്പോഴും കുറഞ്ഞിട്ടില്ല. ചാലുകള്‍ കീറി മഴവെള്ളം വഴിതിരിച്ചുവിട്ടാണ് തല്‍ക്കാല പരിഹാരം ഒരുക്കിയിരിക്കുന്നത്. റണ്‍വേയും റോഡുകളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. അതിനാല്‍ വലിയ മരാമത്തുപണികള്‍ മഴകുറഞ്ഞിട്ടു മതിയെന്ന തീരുമാനത്തിലാണ് കിയാല്‍.
പൂര്‍ണമായും മഴ മാറിനില്‍ക്കുമ്പോള്‍ മാത്രമേ റണ്‍വേ സുരക്ഷിതമേഖലയിലെ പ്രവൃത്തി ഏറ്റെടുക്കാനാവൂ. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് ഇപ്പോള്‍ തടസമൊന്നുമില്ല.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി റണ്‍വേ സുരക്ഷിതമേഖലയിലെ പണി തീര്‍ക്കാനാവുമെന്നാണ് പ്രതീക്ഷ. സാങ്കേതികവിഭാഗം ജോലി പൂര്‍ത്തിയാക്കണമെങ്കില്‍ വൈദ്യുതി ലഭിക്കണം. വൈദ്യുതിയ്ക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തി അനുമതിപത്രം നല്‍കിയാല്‍ മാത്രമേ കണക്ഷന്‍ ലഭിക്കൂ.
അടുത്ത മാസമായിരിക്കും ഈ പരിശോധന. ഇതിനിടെ കഴിഞ്ഞയാഴ്ച അയാട്ട (ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോ) ലൈസന്‍സ് ലഭിച്ചത് കിയാലിന് നവോന്മേഷം പകര്‍ന്നിട്ടുണ്ട്.
സി.എന്‍.എന്‍ എന്നാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ കോഡ്. ഈ ലൈസന്‍സ് ലഭിച്ചതോടെ എയര്‍പോര്‍ട്ടിന്റെ നിര്‍മാണപ്രവൃത്തികള്‍ക്ക് വേഗം കൂടുമെന്ന് പ്രോജക്ട് എന്‍ജിനിയര്‍ കെ.എസ് ഷിബുകുമാര്‍ പറഞ്ഞു. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, ഭൂപ്രകൃതി എന്നിവ പരിശോധിച്ച ശേഷമാണ് അയാട്ട ലൈസന്‍സ് നല്‍കുന്നത്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കോഡ് നേരത്തെ ലഭിച്ചിരുന്നു.
മലബാറുകാരുടെ ദീര്‍ഘകാല സ്വപ്നമായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം 2017 സെപ്തംബറില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അടുത്ത വര്‍ഷം സെപ്തംബറില്‍ മാത്രമേ പണി പൂര്‍ത്തിയാകൂവെന്നതാണ് നിലവിലെ സ്ഥിതി.
പിന്നെയും നാലഞ്ചു മാസമെങ്കിലും കഴിയണം വിമാനത്താവളം പൂര്‍ണതോതില്‍ ഔദ്യോഗികമായി തുറന്നുകൊടുക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."