മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതം: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്കൊപ്പം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഇന്നലെ പാര്‍ലമെന്റില്‍ വിഷയമായി. ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ വിളിപ്പിച്ച നടപടിയെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. കേരളത്തില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചു വരുത്തി വിശദീകരണം ആരായുന്നു. എന്നാല്‍, പശുവിന്റെ പേരില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുമ്പോള്‍ എന്തുകൊണ്ട് അടിയന്തര നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഖാര്‍ഗെ ചോദിച്ചു. എന്നാല്‍, ഖാര്‍ഗെ ഉന്നയിച്ച സംഭവം ചര്‍ച്ച നടക്കുന്ന വിഷയവുമായി ബന്ധപ്പെട്ടതല്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് പറഞ്ഞു.
ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ നടക്കുന്നത്. ഇത്തരം ആക്രമണങ്ങളുടെ പേരില്‍ ഈ സംസ്ഥാനങ്ങളില്‍ ആശങ്കയും ഭീതിയും നിലനില്‍ക്കുകയാണ്. ആക്രമണങ്ങള്‍ നടത്തുന്ന വിശ്വഹിന്ദു പരിഷത്, ബജ്റങ്ദള്‍, പശു സംരക്ഷക സംഘടനകള്‍ എന്നിവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മറ്റുപ്രതിപക്ഷകക്ഷികളും അക്രമങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. വിഷയത്തില്‍ മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും കേരളത്തിലെ വിഷയം എടുത്തുകാട്ടി. 2015ല്‍ കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശിലായിരുന്നു. തുടര്‍ന്ന് 2016 ല്‍ യു.പിക്കുപുറമെ മറ്റ് ചില സംസ്ഥാനങ്ങളിലും വര്‍ഗീയ കലാപങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. പശു സംരക്ഷണം ഉള്‍പ്പെടെയുള്ള അക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഗുജറാത്തില്‍ പാര്‍ട്ടി എം.എല്‍.എമാരെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നുവെന്നാരോപിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചു.
ശൂന്യവേളയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലിറങ്ങി. ഇതിനിടെ, കോണ്‍ഗ്രസിനെതിരേ ശബ്ദമുയര്‍ത്തി ഭരണപക്ഷത്തു നിന്ന് പ്രതിഷേധം ഉയര്‍ന്നു. എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോകുകയാണെന്നും പലര്‍ക്കും പത്തും പതിനഞ്ചും കോടി രൂപ വാഗ്ദാനം ചെയ്തു ചാക്കിട്ടു പിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."