മാക്രോണിന് മസ്തിഷ്കമരണം സംഭവിച്ചെന്ന് ഉര്ദുഗാന്
അങ്കാറ: നാറ്റോ മസ്തിഷ്കമരണം സംഭവിച്ച അവസ്ഥയിലാണെന്നു പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ കടന്നാക്രമിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്. ഉത്തര സിറിയയില്‍ തുര്‍ക്കി നടത്തിയ സൈനിക നടപടിയെ ഫ്രഞ്ച് പ്രസിഡന്റ് വിമര്‍ശിച്ചതില്‍ പ്രകോപിതനായ ഉര്ദുഗാന് മാക്രോണ്‍ മസ്തിഷ്കമരണം സംഭവിച്ച അവസ്ഥയിലാണെന്ന് കുറ്റപ്പെടുത്തി.
ഇരുനേതാക്കളും മുഖാമുഖം വരുന്ന നാറ്റോ 70ാം വാര്‍ഷികം ബ്രിട്ടനില്‍ നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഉര്‍ദുഗാന്റെ പരാമര്‍ശം. നേരത്തെ നവംബര്‍ ഏഴിന് ഒരു അഭിമുഖത്തിനിടെയാണ് മാക്രോണ്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ തന്ത്രപ്രധാന സഹകരണമില്ലാത്തതിനാല്‍ നാറ്റോ മസ്തിഷ്കമരണം സംഭവിച്ച അവസ്ഥയിലാണെന്ന് ആക്ഷേപിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ഞാന്‍ പറയുന്നു, ആദ്യം താങ്കള്‍ സ്വന്തം മസ്തിഷ്കമരണം സംഭവിച്ചോ എന്നു പരിശോധിക്കൂ. മസ്തിഷ്കമരണം സംഭവിച്ച താങ്കളെ പോലുള്ള ഒരാള്‍ക്കേ ഇത്തരം പ്രസ്താവനകള്‍ യോജിക്കൂ എന്ന് ടി.വി പ്രഭാഷണത്തില്‍ പറഞ്ഞ ഉര്ദുഗാന് താനിത് നാറ്റോ മുന്‍പാകെ ആവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
അതേസമയം ഉര്‍ദുഗാന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഫ്രാന്‍സിലെ തുര്‍ക്കി സ്ഥാനപതി ഇസ്മാഈല്‍ ഹാക്കി മൂസയെ വിളിച്ചുവരുത്തിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം തുര്‍ക്കി പ്രസിഡന്റിന്റെ പ്രസ്താവന അസ്വീകാര്യമാണെന്ന് അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിന് ഇത്തരം പ്രസ്താവനകള്‍ സഹായിക്കില്ലെന്നും ഫ്രാന്‍സ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."