ഒളിംപിക്സ് സമാപനം കാണാന്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് ഉന്നതര്‍ റിയോയിലേക്ക്
ആലപ്പുഴ: സംസ്ഥാനത്തെ കായികവികസനത്തിന് മുടക്കേണ്ട പണം ഉപയോഗിച്ച് സ്പോര്‍ട്സ് കൗണ്‍സിലിലെ രണ്ടുപേര്‍ റിയോ ഒളിംപിക്സിനായി പറക്കുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ ഉപാധ്യക്ഷ ഒളിംപ്യന്‍ മേഴ്സിക്കുട്ടനും കായികവകുപ്പ് ഡയറക്ടറും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്ന സഞ്ജയന്കുമാറുമാണ് റിയോയിലേക്ക് പറക്കാന്‍ തയാറെടുക്കുന്നത്. രണ്ടര ലക്ഷം രൂപയാണ് ഒരാളുടെ വിമാന ടിക്കറ്റിനായി ചെലവിടുന്നത്.
താമസ സൗകര്യവും ഭക്ഷണവും ഉള്‍പ്പടെ ചെലവുകള്‍ വേറെ. വിദ്യാഭ്യാസകായിക വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനും റിയോ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അദ്ദേഹം പിന്മാറി. മേഴ്സിക്കുട്ടനും സഞ്ജയന്കുമാറും 12നാണ് റിയോയിലേക്ക് യാത്ര തിരിക്കുന്നതെന്നാണ് അറിയുന്നത്. അവസാന സമയത്ത് റിയോ യാത്ര നിശ്ചയിച്ചതിനാലാണ് വിമാന യാത്രയ്ക്ക് ഒരാള്‍ക്ക് മാത്രം രണ്ടര ലക്ഷം മുടക്കേണ്ടി വരുന്നത്. ഇന്ത്യയുടെ ഔദ്യോഗികസംഘത്തില്‍ ഉള്‍പ്പെടാത്ത ഇരുവരുടെയും റിയോ യാത്ര കൊണ്ട് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഒളിംപിക്സ് കായികതാരങ്ങള്‍ക്ക് എന്ത് ഗുണമെന്ന ചോദ്യമാണ് ഉയരുന്നത്. ഇരുവരും റിയോയില്‍ എത്തുന്നത് തന്നെ മത്സരങ്ങളിലേറെയും അവസാനിച്ച ശേഷമായിരിക്കും. സ്കൂള്‍ കായികതാരങ്ങള്‍ക്ക് അടക്കം മൂന്ന് കോടിക്കടുത്ത് സമ്മാനത്തുക കുടിശിക കിടക്കുമ്പോഴാണ് ഒളിംപിക്സിന്റെ പേരിലെ ധൂര്‍ത്ത് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."