തൊഴിലവസരം സൃഷ്ടിക്കല്‍ പ്രധാന വെല്ലുവിളി: മന്ത്രി തോമസ് ഐസക്
കൊച്ചി: പുതിയ തലമുറയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭ്യമാക്കിയില്ലെങ്കില്‍ കേരളം തകരുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. പുതിയ തലമുറക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഐടി, ടൂറിസം മേഖലകളില്‍ വളര്‍ച്ച കൈവരിച്ചാല്‍ മാത്രമെ പുതിയ തലമുറക്ക് ഉതകുന്ന ഉല്‍പാദനമേഖല സൃഷ്ടിക്കാന്‍ സാധിക്കൂ.
എന്നാല്‍ മുതലാളിത്ത പാത സ്വീകരിക്കില്ലെന്നും പാരിസ്ഥിതിക, ഭൂമി ചട്ടങ്ങളില്‍ യാതൊരു ഇളവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് പഠനഗവേഷണ കേന്ദ്രം എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'ബജറ്റ് അറ്റ് എറണാകുളം വിഹിതവും തുടര്‍ച്ചയും' ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ 35 ശതമാനം വരുമാനവും ഗള്‍ഫില്‍ നിന്നാണ്. എന്നാല്‍ സമീപകാലങ്ങളില്‍ ഗള്‍ഫില്‍ നിന്നുള്ള വരുമാനത്തിന്റെ തോത് കുറയുന്നത് ആശങ്കാജനകമാണ്.
അതിനുപുറമെ അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ വേറെയും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. നിലവില്‍ 13,000 കോടിയാണ് ബജറ്റ് കമ്മി.
അടുത്തവര്‍ഷം അത് 20000 കോടിയായി ഉയരും. എങ്കിലും ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കും. സര്‍ക്കാര്‍ ബോണ്ടുകളിറക്കിയും പണം സമാഹരിക്കും. ചരക്ക് ഗതാഗതത്തില്‍ പുതിയ സാധ്യതകള്‍ തേടണമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയുടെ വികസനത്തിനു പ്രായോഗികമായ എല്ലാ ആശയങ്ങളും സ്വീകരിക്കുമെന്നും നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വന്‍ പ്രൊജക്ടുകള്‍ക്ക് വാട്ടര്‍മെട്രോ, കൊച്ചി മെട്രോ മാതൃകയില്‍ വിദേശ ഏജന്‍സികളില്‍നിന്ന് വായ്പ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് അധ്യക്ഷത വഹിച്ചു. എം.സ്വരാജ് എം.എല്‍.എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, ഇന്‍ഫോപാര്‍ക് സി.ഇ.ഒ ഋഷികേശ് നായര്‍, എം.വി സുകുമാരന്‍, പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."