സൈനിക സേവന പ്രതിഫലം വര്‍ധിപ്പിക്കില്ല
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി സൈനികര്‍ മുന്നോട്ടുവയ്ക്കുന്ന സൈനിക സേവന പ്രതിഫലം വര്‍ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളി. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍ അടക്കമുള്ള സൈനികര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സൈന്യം നിഷേധ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു വീണ്ടും കത്ത് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍ക്കു തുല്യമായ പദവിയുള്ള നാവിക സേനയിലെയും വ്യോമസേനയിലെയും ഉദ്യോഗസ്ഥരും സൈനിക സേവന പ്രതിഫലത്തിന് അര്‍ഹരാണ്. നാവിക സേനയിലെ 87,646 പേരും വ്യോമസേനയിലെ 25,434 പേരും ഇതിന്റെ ഗുണഭോക്താക്കളാകുമായിരുന്നു. ഇപ്പോള്‍ രണ്ടു തരത്തിലാണ് സൈനിക സേവന പ്രതിഫലം നല്‍കുന്നത്. ഒന്നാം വിഭാഗത്തില്‍ സൈനിക ഓഫിസര്‍മാരും രണ്ടാം വിഭാഗത്തില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരും സൈനികരുമാണ് ഉള്‍പ്പെടുന്നത്. ഇപ്പോള്‍ മാസം 5,500 രൂപയാണ് സൈനികര്‍ക്കു സൈനിക സേവന പ്രതിഫലമെന്ന നിലയില്‍ ലഭിക്കുന്നത്. ഇത് 10,000 ആയി വര്‍ധിപ്പിക്കണമെന്നാണ് സൈന്യം ആവശ്യപ്പെടുന്നത്.
ഇവരുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ 610 കോടിയുടെ അധിക ബാധ്യത വരുമെന്നു ധനകാര്യമന്ത്രാലയം പറയുന്നു. ഏഴാം ശമ്പള കമ്മിഷനില്‍ ഉള്‍പ്പെടുത്തി സൈനികര്‍ക്ക് 5,500 രൂപയും ലെഫ്റ്റനന്റ് റാങ്കിനു മുകളിലുള്ളവര്‍ക്ക് 15,500 രൂപയുമാണ് ശമ്പളത്തിനു പുറമേ സൈനിക സേവന പ്രതിഫലമായി നല്‍കുന്നത്. സൈന്യത്തിലെ നിര്‍ണായകമായ വിഭാഗമാണ് ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരെന്നു വ്യക്തമാക്കിയാണ് ഇവരുള്‍പ്പെടെയുള്ളവര്‍ക്കു പ്രതിഫലം വര്‍ധിപ്പിക്കണമെന്ന ആവശ്യം സൈന്യം ഉന്നയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."