ഹിന്ദുത്വ ദേശീയതയും ബഹുസ്വര ദേശീയതയും
പശ്ചിമബംഗാള്‍ നിയമസഭയിലേക്ക് ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് ഞെട്ടിപ്പിക്കുന്ന വിജയമാണ് നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബംഗാളില്‍ ശ്രദ്ധേയമായ വിജയം നേടുകയും കേന്ദ്രത്തില്‍ അധികാരത്തിലേറുകയും ചെയ്തതിന് തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. മമതാ ബാനര്‍ജിയുടെ പ്രതിഛായക്ക് മങ്ങലേറ്റു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഒന്നിച്ചു നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്- ഇങ്ങനെയൊക്കെയായിട്ടും എതിരാളികളുടെ സീറ്റുകള്‍ പിടിച്ചെടുത്തുകൊണ്ട് മമത സ്വന്തം ജനസമ്മതി സ്ഥാപിച്ചെടുത്തു. ദേശീയതാ വികാരത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ 'വംഗവംശാഭിമാന'ത്തിന്റെ പ്രാദേശിക ഊന്നലുകള്‍ വഴി വിജയകരമായി നേരിടുകയായിരുന്നു അവര്‍.
ഇതേ പ്രാദേശിക വികാരം തന്നെയാണ് മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിനെയും ഒരു പരിധി വരെ ബാധിച്ചത്. തികഞ്ഞ മറാത്താ വംശാഭിമാനികളായ ശിവസേനയെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ശിവസേനയുടെ ജനകീയാടിത്തറയെ മറികടന്നുകൊണ്ട് സ്വന്തം ജനസ്വാധീനം കൂടുതല്‍ ഉറപ്പിക്കാനാവുമെന്ന അമിതമായ ആത്മവിശ്വാസത്തോടെയാണ് നരേന്ദ്രമോദിയും അമിത്ഷായും തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറാത്തിയല്ലാത്ത ദേവേന്ദ്ര ഫസ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് തന്ത്രം തന്നെയും വ്യക്തമായ സന്ദേശമായിരുന്നു. ശിവസേനയെ രണ്ടാം സ്ഥാനത്തേക്കു തള്ളാനും പ്രാദേശികതക്കു മേല്‍ ദേശീയതാവികാരത്തെ പ്രതിഷ്ഠിക്കാനും ബി.ജെ.പിയ്ക്ക് കഴിഞ്ഞുവെന്നത് നേരു തന്നെ. തെരഞ്ഞെടുപ്പിനുശേഷം ശിവസേനയും ബി.ജെ.പിയും തമ്മില്‍ അകലുന്നതിന്റെ പ്രബലമായ കാരണങ്ങളിലൊന്ന് പ്രാദേശികതയും ദേശീയതയും തമ്മിലുള്ള സംഘര്‍ഷമാണ്. ബി.ജെ.പിയ്ക്ക് മേല്‍ക്കൈ നല്‍കുകയും അടുത്ത അഞ്ചുകൊല്ലത്തേക്ക് വിനീത വിധേയരായി ഭരണത്തില്‍ ഒതുങ്ങിക്കൂടുകയും ചെയ്യുന്നത് രാഷ്ട്രീയ ആത്മഹത്യയായിരിക്കുമെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.
ശരദ് പവാറും മറാത്തി ഉപദേശീയതയെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ഉപയോഗിക്കുന്ന കുശാഗ്രബുദ്ധിയായ നേതാവാണ്. ഉദ്ധവ് താക്കറേയും ശരത് പവാറും മറാത്തികളെന്ന നിലയില്‍, ബി.ജെ.പി മുന്നോട്ടു വെയ്ക്കുന്ന ദേശീയതയുടെ രാഷ്ട്രീയത്തിനെതിരില്‍ സഖ്യം സ്ഥാപിച്ചതാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായത്. ഹരിയാനയിലും ബി.ജെ.പി ഹിന്ദുദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രാദേശിക വികാരങ്ങള്‍ അതിന് തിരിച്ചടി നല്‍കി. പിന്നീട് പ്രാദേശിക വികാരങ്ങളെ അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്ന് ബി.ജെ.പിയ്ക്ക് മന്ത്രിസഭയുണ്ടാക്കേണ്ടി വന്നു എന്ന സംഗതി വേറെ.
ഇന്ത്യയില്‍ നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പുകളിലെല്ലാം മേല്‍ക്കൈ സ്ഥാപിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് എന്ന ദേശീയ രാഷ്ട്രീയപ്പാര്‍ട്ടിക്കാണ്. തെരഞ്ഞെടുപ്പുകളില്‍ ദേശീയ പ്രശ്‌നങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. പ്രാദേശിക കക്ഷികള്‍ക്ക് കേന്ദ്ര ഭരണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയുക എന്ന സ്വപ്നമോ പ്രതീക്ഷയോ ഒട്ടുമുണ്ടായിരുന്നില്ല. ഇടതുപക്ഷത്തിനു പോലും 'ഒരു ഫ്രിഞ്ച്ഗ്രൂപ്പ്' എന്ന സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്വാധീനം നഷ്ടപ്പെട്ടതോടെയാണ് പ്രാദേശിക കക്ഷികള്‍ക്ക് കേന്ദ്രഭരണത്തില്‍ പങ്കാളിത്തമുണ്ടായത്. ഒന്നും രണ്ടും യു.പി.എ ഭരണകാലത്ത് പ്രാദേശിക കക്ഷികള്‍ കേന്ദ്രഭരണത്തില്‍ കൂടുതല്‍ പിടിമുറുക്കിക്കൊണ്ടിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ഇത്തരം രാഷ്ട്രീയകക്ഷികളുടെ കടുംപിടുത്തങ്ങള്‍ക്ക് വിധേയപ്പെട്ടുനില്‍ക്കുക പോലും വേണ്ടി വന്നു കോണ്‍ഗ്രസ്സിന്. ഇതേ വഴിതന്നെയാണ് ആദ്യഘട്ടത്തില്‍ ബി.ജെ.പിയും പ്രയോഗിച്ചതെങ്കിലും രണ്ടാം തവണ ദേശീയ താല്‍പ്പര്യങ്ങള്‍ക്കാണ് പാര്‍ട്ടി കൃത്യമായ ഊന്നല്‍ നല്‍കിയത്. പ്രാദേശിക കക്ഷികളോട് പലേടത്തും പാര്‍ട്ടി സഖ്യമുണ്ടാക്കി എന്നതു ശരി തന്നെ. പക്ഷേ ഹിന്ദുദേശീയതയുടെ ആവശ്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും പാര്‍ട്ടി തയ്യാറായില്ല. എന്നുമാത്രമല്ല, ദേശീയ വികാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകവഴി, പ്രാദേശിക കൂട്ടാളികളുടെ അജണ്ടകളെ നിര്‍വീര്യമാക്കാനും ബി.ജെ.പി ഉദ്ദേശിച്ചു.
ദ്രാവിഡ വികാരങ്ങളില്‍ ശക്തമായി വേരൂന്നിയ എ.ഐ.ഡി.എം.കെയെ, ഹിന്ദുത്വത്തിന്റെ അജണ്ടകള്‍ക്ക് മുമ്പാകെ തലകുനിച്ചു നില്‍ക്കാനുള്ള പരുവത്തിലെത്തിച്ചു അമിത്ഷായും മോദിയും. ഏതാണ്ടെല്ലാ പ്രാദേശിക കൂട്ടാളികളെയും ദേശീയതാബോധത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടുത്തി പാര്‍ ട്ടി. അതുവഴി ഹിന്ദുദേശീയതക്ക് അജയ്യത ചാര്‍ത്തിക്കൊടുക്കാനും ബി.ജെ.പിയ്ക്ക് കഴിഞ്ഞു.
ആദ്യ ടേമില്‍ത്തന്നെ ഭരണനടപടികളില്‍ ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് വലിയ സ്ഥാനം നല്‍കിയിരുന്നു മോദി. എല്ലാ തീരുമാനങ്ങള്‍ക്ക് പിന്നിലും രാജ്യത്തിന്റെ താല്‍പ്പര്യങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരതിരുവരെ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ദേശീയതാല്‍പ്പര്യങ്ങളെന്ന പേരില്‍ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഹിന്ദുത്വ അജണ്ടക്ക് ലെജിറ്റിമസി വരുത്തുകയായിരുന്നു മോദി. നോട്ടുനിരോധനം എന്ന താരതമ്യേന മതേതരമായ നടപടിയിലായിരുന്നു തുടക്കം. രാജ്യത്തെ രക്ഷിക്കാനാണ് നോട്ടു നിരോധിക്കുന്നത് എന്ന് ബി.ജെ.പി നാടുനീളെ പ്രചരിപ്പിച്ചു. തങ്ങളുടെ നയങ്ങള്‍ക്ക് ദേശീയതാല്‍പ്പര്യങ്ങളുടെ മുഖം നല്‍കാനുള്ള ശ്രമം ഒരു പരിധിവരെ വിജയിച്ചു എന്നതാണ് വസ്തുത. തുടര്‍ന്ന് ബി.ജെ.പി മുന്നോട്ടു വെച്ച സകലമാന അജണ്ടകളും കേന്ദ്രസര്‍ക്കാരിന്റെ നടപടികളുമെല്ലാം 'രാജ്യതാല്‍പ്പര്യത്തിനു വേണ്ടിയുള്ളവ' ആയി മാറി. അവയ്ക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും വര്‍ഗീയകാഴ്ചപ്പാടുകളും വിസ്മരിക്കപ്പെടുകയും ബി.ജെ.പി രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി അവതരിച്ച ആശയധാരയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു.
മുത്വലാഖ് നിരോധം, പാകിസ്താന്‍ മണ്ണില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍, ജമ്മുകാശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്- ഇവയെല്ലാം രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള നടപടികളായി അവതരിപ്പിക്കപ്പെട്ടു. മുസ്‌ലിംകളെ ഗുരുതരമായ തോതില്‍ ബാധിക്കുന്ന ഒന്നാണ് ദേശീയ പൗരത്വ രജിസ്റ്റര്‍. പൗരാവകാശ നിഷേധമാണ് അതിന്റെ അന്തഃസത്ത. അസമില്‍ പൗരത്വ രജിസ്റ്റര്‍ ഏര്‍പ്പെടുത്തിയ നടപടി രാജ്യതാല്‍പ്പര്യത്തിനു വേണ്ടിയാണെന്നാണ് ബി.ജെ.പിയുടെ വാദം. ഇത് ഇതരസംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പറയുമ്പോള്‍ അമിത്ഷാ, തങ്ങളുടെ മുസ്‌ലിം വിരുദ്ധലക്ഷ്യങ്ങള്‍ക്ക് രാജ്യതാല്‍പ്പര്യത്തിന്റെ നിറം നല്‍കുകയാണ് ചെയ്യുന്നത്.
ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവര്‍ക്ക് രാജ്യത്തിനു വേണ്ടിയെന്ന നാട്യത്തോടെ ഇത്തരം ദേശീയ വിഷയങ്ങള്‍ ജനസമക്ഷം സമര്‍പ്പിക്കുന്നതിന്റെ പിന്നിലെ ഗൂഡോദ്ദേശ്യങ്ങള്‍ തിരിച്ചറിയാനാവും. പക്ഷേ അത് തങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിപ്പിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. ദേശീയാനാട്യം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയത്തിനു വഴിയൊരുക്കുമെന്ന വിശ്വാസത്തില്‍ ഇറങ്ങിക്കളിക്കുക തന്നെയായിരുന്നു പാര്‍ട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു.
ഈ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പു പ്രചരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചില പ്രസംഗങ്ങളില്‍ കാണാനുള്ളത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള വഴി തെളിഞ്ഞത് പാര്‍ട്ടിയുടെ വിജയമായി അദ്ദേഹം ചിത്രീകരിച്ചു. ദേശീയത ഉയര്‍ത്തിക്കാട്ടി എല്ലാ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കും സ്വീകാര്യത നേടുകയായിരുന്നു മോദി, ഈ സ്വീകാര്യത നഷ്ടപ്പെടുന്നു എന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്; മഹാരാഷ്ട്ര കൃത്യമായിത്തന്നെ ബി.ജെ.പി മുന്നോട്ടു വെക്കുന്ന ഹിന്ദുത്വ ദേശീയതയെ നിരാകരിച്ചു. രണ്ടു തരം ഹിന്ദുത്വ ദേശീയതകളാണ് അവിടെ മുഖാമുഖം നില്‍ക്കുന്നത്. ശിവസേനയുടേത് കുറേക്കൂടി അക്രമാസക്തമായ ഹിന്ദുത്വമാണെന്ന് കുറ്റപ്പെടുത്താമെങ്കിലും അതിന്റെ പ്രാദേശിക സ്വഭാവം ബി.ജെ.പിയ്ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുവാനാണ് സാധ്യത. ഇന്ത്യയെ ഏകശിലാരൂപത്തിലുള്ള ദേശീയസങ്കല്‍പ്പങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ബി.ജെ.പിയുടെ അജണ്ട. ആര്‍.എസ്.എസ് ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല.
എന്നാല്‍ ഇന്ത്യന്‍ ദേശീയത സര്‍ഗാത്മകമായി ആവിഷ്‌ക്കരിക്കപ്പെടുന്നത് ബഹുസ്വരതയിലൂടെയാണ്. വ്യത്യസ്ത മതങ്ങള്‍, വ്യത്യസ്ത ജനവിഭാഗങ്ങള്‍, വ്യത്യസ്ത സംസ്‌കാരങ്ങള്‍, വ്യത്യസ്ത ഭാഷകള്‍- ഇവയെ അതിര്‍ത്തി രേഖകളിലൂടെ കൂട്ടിയിണക്കപ്പെടുന്നു. ഈ വൈവിധ്യങ്ങള്‍ മായ്ച്ചുകളഞ്ഞ് ഹിന്ദുത്വത്തിന്റെ അടിത്തറമേല്‍ രാജ്യത്തെ നിര്‍മ്മിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു. തെരഞ്ഞെടുപ്പില്‍ ലഭിച്ച വലിയ ജനപിന്തുണ എല്ലാ ഹിന്ദുത്വ അജണ്ടകള്‍ക്കും ദേശീയ താല്‍പ്പര്യത്തിന്റെ മുഖം നല്‍കാനുള്ള ധൈര്യം പാര്‍ട്ടിക്ക് നല്‍കി. ഇതാണ് പല രൂപങ്ങളില്‍ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍ ബി.ജെ.പിയുടെ ഹിന്ദുത്വദേശീയതയും അതിന്റെ എതിര്‍ ചേരിയിലുള്ള ബഹുസ്വരദേശീയതയും തമ്മിലുള്ള പോരാട്ടത്തിന് പുതിയ മാനങ്ങള്‍ കൈവരികയാണ്. ഈ പോരാട്ടത്തിന് ഊര്‍ജ്ജം നല്‍കാന്‍ പ്രതിപക്ഷങ്ങള്‍ക്ക് സാധിച്ചാല്‍, ഇന്ത്യയ്ക്ക് അതിന്റെ ഭാവി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കും. ഈ പ്രക്രിയയില്‍ എത്രത്തോളം ക്രിയാത്മക പങ്കു വഹിക്കാന്‍ മതേതര കക്ഷികള്‍ക്ക് സാധിക്കുമെന്നതാണ് ചോദ്യം. അതായത് പശ്ചിമബംഗാളിന്റെ വഴിയിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമോ എന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."