സദാചാര പൊലിസ് ചമഞ്ഞ് അതിക്രമം: പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: സദാചാര പൊലിസ് ചമഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പൊലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ട പൊലിസ്, പ്രസ് ക്ലബിലെത്തിയാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലായിരുന്നു അറസ്റ്റ്.
സദാചാര പൊലിസ് ചമഞ്ഞ്, വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനു പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞു വയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് വനിതാ മാധ്യമപ്രവര്‍ത്തക പേട്ട പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പ്രതിഷേധം ശക്തമായതോടെ കന്റോണ്‍മെന്റ് പൊലിസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുക്കാനായി പ്രസ് ക്ലബിലെത്തിയിരുന്നു. എന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്ത പേട്ട പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ ഉറച്ചു നിന്നു. ഇതോടെ പേട്ട പൊലിസ് എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ചേര്‍ന്ന പ്രസ് ക്ലബ് ഭാരവാഹികളുടെ യോഗം രാധാകൃഷ്ണനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. അന്വേഷണം പൂര്‍ത്തിയാവും വരെ രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."