ഗുരുവന്ദനം
സിദ്ദീഖ് നദ്‌വി ചേരൂര്‍#
'ഞാന്‍ അവന് അമ്പെയ്ത്തു പഠിപ്പിച്ചു. കൈത്തഴക്കം വന്നപ്പോള്‍ അവന്‍ ആദ്യം അമ്പെയ്തതു എന്റെ നേര്‍ക്കായിരുന്നു.'
' അവനെ കവിത രചിക്കാന്‍ പഠിപ്പിച്ചു. സ്വയം രചിച്ചു തുടങ്ങിയപ്പോള്‍ അവന്‍ ആദ്യം ചെയ്തത് എനിക്കെതിരെ ആക്ഷേപഹാസ്യം രചിക്കുകയായിരുന്നു.'
ഒരു പുരാതന അറബി കവിയുടെ പരിഭവം പറച്ചിലാണീ വരികള്‍. ഗുരു നിന്ദയും നന്ദികേടും ഉദാഹരിക്കാന്‍ പലരും ഈ കവിത എടുത്തുദ്ധരിക്കാറുണ്ട്.
സാമൂഹിക ജീവിതത്തില്‍ എല്ലാ കാലഘട്ടങ്ങളിലും ഇത്തരം തിക്താനുഭവങ്ങള്‍ ഗുരുമനസുകളെ പിടിച്ചുലയ്ക്കുന്നതായി കാണാം. കാലത്തിന്റെ മാറ്റങ്ങളൊന്നും മനുഷ്യര്‍ക്കിടയില്‍ ഇത്തരം അരുതായ്മകള്‍ക്ക് അറുതി വരുത്തിയിട്ടില്ലെന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ നിന്ദയും നന്ദികേടും വര്‍ധിച്ചു വരുന്ന അനുഭവങ്ങള്‍ക്കാണ് ലോകം സാക്ഷിയാകുന്നത്.
സാമൂഹിക ജീവിയായ മനുഷ്യന് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പരാശ്രയത്തിലൂടെ മാത്രമേ ജീവിതം മുന്നോട്ടു നയിക്കാന്‍ കഴിയൂ. മറ്റുള്ളവരെ ആശ്രയിക്കാതെയും സഹായം സ്വീകരിക്കാതെയും ജീവിക്കണമെന്ന് ആരെങ്കിലും ശഠിച്ചാല്‍ അവന് ഭൂമുഖത്ത് നിലനില്‍പ്പില്ല. മരണം പോലും അതിനു പരിഹാരമല്ല. അവന്റെ മൃതദേഹം ഇതരര്‍ക്ക് ശല്യവും ഉപദ്രവവും ആകാതെ സംസ്‌കരിക്കണമെങ്കില്‍ അത് പോലും ചെയ്യേണ്ടത് സഹജീവികളാണ്.
ജനിച്ച ശേഷമുള്ള അവന്റെ ഓരോ ഘട്ടവും കടന്നു പോകുന്നത് മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും അയല്‍ക്കാരുടെയും പിന്നീട് ഗുരുവര്യരുടെയും ശ്രദ്ധയിലും പരിചരണയിലുമാണ്. ഇതൊന്നും തള്ളിക്കളയാനോ താഴ്ത്തിക്കെട്ടാനോ മനുഷ്യന് സാധ്യമല്ല. കാട്ടുമനുഷ്യനും നാഗരിക മനുഷ്യനും തമ്മില്‍ ചില കാര്യങ്ങളിലൊക്കെ വ്യത്യാസം ഉണ്ടാകാമെങ്കിലും ഇത്തരം ആശ്രയത്വവും കടപ്പാടും അവന്റെ കൂടെ പിറപ്പാണ്.
അത് കൊണ്ട് തന്നെ നമുക്ക് ഉപകാരം ചെയ്തവരോട് നന്ദിയും കടപ്പാടും സൂക്ഷിക്കുകയെന്നത് പരമ്പരാഗതമായി മനുഷ്യന്‍ ദീക്ഷിച്ചു വരുന്ന ഒരു ഗുണമാണ്. ഇതിനെ നിലനിര്‍ത്താനും പ്രോല്‍സാഹിപ്പിക്കാനുമാണ് മതാചാര്യന്‍മാരും സാന്‍മാര്‍ഗികനായകരും എക്കാലത്തും ശ്രമിച്ചിട്ടുള്ളത്.
ചിലരോട് നമുക്ക് നേരിട്ട് കടപ്പാടുണ്ടെങ്കില്‍ നാം അറിയാതെ, നമ്മെ അറിയാത്ത പലരുടേയും സഹായങ്ങള്‍ നാം സ്വീകരിക്കുന്നുണ്ട്. നേരിട്ടനുഭവിക്കുന്ന ഗുണങ്ങള്‍ക്ക് തിരിച്ചങ്ങോട്ട് നന്ദിയും വിധേയത്വവും പ്രകടിപ്പിക്കുന്നത് പോലെ നമ്മുടെ മുന്‍ തലമുറകളിലൂടെ നമുക്ക് ലഭ്യമായ ഉപകാരങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും പകരം വരും തലമുറകള്‍ക്ക് വേണ്ടിയുള്ള നമ്മുടെ സേവനങ്ങള്‍ ഒരു തരം കടം വീട്ടലായി മാറുന്നു.
നമ്മെ സൃഷ്ടിച്ചു സംരക്ഷിച്ചു പരിപാലിച്ചു പോരുന്ന സ്രഷ്ടാവിനോടുള്ള നന്ദിയും വിധേയത്വവും എല്ലാറ്റിലും മീതേ മികച്ചു നില്‍ക്കുന്നു. തുടര്‍ന്നു നമ്മുടെ മാതാ പിതാക്കള്‍ . അവരുടെ ജീവിതത്തിന്റെ പ്രധാന ഘട്ടം നമുക്ക് വേണ്ടി ഉരുകിത്തീരുകയായിരുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. അവരുടെ ആശയും പ്രതീക്ഷയും അധ്വാനവും പരിചരണവുമാണ് നാം ഈ നിലയിലെത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. അവരോടുള്ള ധിക്കാരവും നന്ദികേടും ഈ ലോകത്ത് തന്നെ ശിക്ഷ ലഭിക്കുന്ന വലിയ പാതകമായി മനുഷ്യത്വത്തിന്റെ അംശവും സത്തയും കൈമോശം വന്നിട്ടില്ലാത്ത ഏവരും അംഗീകരിക്കുന്നു. എനിക്കാരോടും കടപ്പാടില്ലെന്ന് വലിയ വായില്‍ വിളിച്ചു കൂവുന്നവര്‍ പ്രകൃതിപരമായ ഈ അനിവാര്യ പ്രക്രിയയെ പറ്റി അവബോധമില്ലാത്തവരും അല്‍പ്പന്‍മാരുമാണ്.
ഗുരുശിഷ്യബന്ധത്തെ ഏറ്റവും പവിത്രവും അമൂല്യവുമായി കാണുന്ന രീതിയാണ് പ്രാചീന കാലം മുതലേ സമൂഹം സ്വീകരിച്ചിരുന്നത്. മഹാഭാരതത്തിലെ ദ്രോണാചാര്യരും ഏകലവ്യനും തമ്മിലുള്ള ബന്ധം അതിന് ഉദാഹരണമാണ്. തന്റെ ശിഷ്യത്വം ആഗ്രഹിച്ചു സമീപിച്ച ഏകലവ്യനെ ആദ്യം ദ്രോണര്‍ സ്വീകരിച്ചില്ല. പക്ഷെ, അദ്ദേഹം കാട്ടില്‍ ചെന്നു അതേ ഗുരുവിനെ മനസില്‍ പ്രതിഷ്ഠിച്ചു വന്ദിക്കുകയും തന്റെ അഭ്യാസം തുടരുകയും ചെയ്തു. അതിലൂടെ വലിയ പ്രാവീണ്യം നേടിയ ശേഷം നേരില്‍ ചെന്നു ഗുരുത്വത്തിനായി യാചിച്ചപ്പോള്‍ ദ്രോണാചാര്യര്‍ അതിന് ആദ്യം ഗുരുദക്ഷിണ നല്‍കാനാവശ്യപ്പെട്ടു. ശിഷ്യന്‍ തന്റെ വലത് കൈയിലെ തള്ളവിരല്‍ മുറിച്ച് ഗുരുദക്ഷിണയായി സമര്‍പ്പിക്കാനായിയിരുന്നു നിര്‍ദേശിച്ചത്. ഏകലവ്യന്‍ മടിയേതും കൂടാതെ വിരല്‍ മുറിച്ചു നല്‍കിയെന്നാണ് ഐതിഹ്യം.
പ്രവാചക പ്രമുഖനായ മൂസാ(അ) കേവലം ആദ്യാത്മികജ്ഞാനി മാത്രമായ 'ഖിളിറി'ന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ശ്രമിച്ച കഥ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. 'അങ്ങയ്ക്ക് ലഭിച്ച സാന്‍മാര്‍ഗിക ജ്ഞാനത്തില്‍ നിന്നല്‍പ്പം ആര്‍ജിക്കാനായി ഞാന്‍ അങ്ങയെ പിന്തുടര്‍ന്നു കൊള്ളട്ടെയോ ' എന്ന എളിമയും ഭവ്യതയും നിറഞ്ഞ അര്‍ഥനയിലൂടെയാണ് പ്രവാചകന്‍ ജ്ഞാനിയെ സമീപിക്കുന്നത്.
' ഹേ, താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിച്ചിരിക്കാനാവില്ല. താങ്കള്‍ക്ക് ഒരു പൊരുളും തിരിയാത്ത നിഗൂഢ പ്രവൃത്തികള്‍ എന്നില്‍ നിന്നുണ്ടാകുമ്പോള്‍ എങ്ങനെ ക്ഷമിക്കാന്‍ കഴിയും?' പ്രതിബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു, ഖിളിറിന്റെ ശ്രമം.
മൂസാനബി നിരാശനായില്ല. എന്നെ ക്ഷമാശീലനായി അങ്ങ് കണ്ടെത്തുമെന്നും ഒരു കാര്യത്തിലും ഞാന്‍ അങ്ങയോട് അനുസരണക്കേട് കാണിക്കില്ലെന്നും വാക്ക് കൊടുത്ത ശേഷമാണ് ശിഷ്യനായി പിന്തുടരാന്‍ ആ പ്രവാചകന് അനുമതി ലഭിക്കുന്നത്.
ഈ പ്രയാണം പക്ഷെ, അധികം നീണ്ടുനിന്നില്ല. പ്രഥമ പരീക്ഷണത്തില്‍ തന്നെ മൂസാ നബി പൊരുളിയാന്‍ അക്ഷമനാകുന്നു. 'ഞാനാദ്യമേ പറഞ്ഞില്ല, എന്റെ കൂടെ ക്ഷമിക്കാനാവില്ലെന്ന്?' ഗുരു ശകാരിക്കുന്നു. ശിഷ്യന്‍ പതറുന്നു. പറ്റിപ്പോയി. മറന്നു പോയതാണ്. മറവിയുടെ പേരില്‍ ശിക്ഷിക്കരുതേ!'
ഗുരു മാപ്പു കൊടുത്തു. രണ്ടാമതും പുതിയ വിഷയം വന്നപ്പോള്‍ അവിടെയും മൂസാ നബി നിയന്ത്രണം വിട്ടു. 'അയ്യോ, അങ്ങ് ചെയ്തത് വലിയ പാതകമായിപ്പോയില്ലേ? '
'ഇനിയും ഇടപെട്ടാല്‍ ഒരു ക്ഷമാപണവും സ്വീകരിക്കില്ലെന്നും ഒരു ദയയും കാണിക്കാതെ പിരിച്ചുവിടു'മെന്നായി ഗുരു.
പക്ഷെ, പിന്നേയും മൂസാ നബിയില്‍ നിന്ന് ഇടപെടലുണ്ടായി. 'ഇനി നമുക്ക് പിരിയാം' എന്ന് പറഞ്ഞു ശിഷ്യനെ പറഞ്ഞയച്ചു.ഒപ്പം ചെയ്ത മൂന്ന് നിഗൂഢ വൃത്തികളുടേയും പൊരുള്‍ പറഞ്ഞു കൊടുക്കാന്‍ അദ്ദേഹം മറന്നില്ല.
മറ്റു പല ഗുണപാഠങ്ങള്‍ക്ക് പുറമെ ഗുരുശിഷ്യബന്ധത്തില്‍ ദീക്ഷിക്കേണ്ട പ്രധാന മൂല്യങ്ങളെ സംബന്ധിച്ചു കൂടി ആഴത്തില്‍ അറിവ് നല്‍കുന്നുണ്ട് അല്‍ കഹ്ഫ് അധ്യായത്തിലെ ഈ വിവരണം. വിനയം, ക്ഷമ, ആത്മനിയന്ത്രണം, അനുസരണം, വലുപ്പ ചെറുപ്പം പരിഗണിക്കാതിരിക്കുക, ഉള്‍ക്കൊള്ളാനാവാത്തതിനെ ചോദ്യം ചെയ്യാതിരിക്കുക തുടങ്ങിയ കാതലായ വശങ്ങളിലേക്ക് നേരിട്ട് വെളിച്ചം വീശുക കൂടി ഇത് ചെയ്യുന്നുണ്ട്.
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തേക്കാള്‍ ഉദാത്തവും മൂല്യവത്തുമാണ് ഗുരുശിഷ്യബന്ധമെന്ന് പല മഹാന്‍മാരും ഉണര്‍ത്തുന്നു. കാരണം, മാതാ പിതാക്കള്‍ മക്കളുടെ ഭൗതിക നിലനില്‍പ്പിന് ഹേതുവാകുന്നുവെങ്കില്‍ ഗുരുവര്യര്‍ അവന്റെ പര ലോക മോക്ഷത്തിനും അന്തിമ വിജയത്തിനും വഴിയൊരുക്കുന്നു. ഈ ലോകജീവിതം താല്‍ക്കാലികവും പരലോകജീവിതം ശാശ്വതവുമാണല്ലോ.
'ഗുരുവിനെ കണ്ടാല്‍ ആദരപൂര്‍വം എണീറ്റ് നില്‍ക്കുകയും അയാളെ ബഹുമാനിക്കുകയും ചെയ്യണം. അധ്യാപകന്‍ പ്രവാചകനാകാന്‍ അടുത്തിരിക്കുന്നുവെന്ന അറേബ്യന്‍ കവി സാമ്രാട്ട് അഹ്മദ് ശൗഖിയുടെ വാക്കുകളും ഇവിടെ സ്മരണീയമാണ്. അധ്യാപകന്റെ റോള്‍ പ്രവാചകന്റേതിന് സമാനമെന്നാണിത് അര്‍ഥമാക്കുന്നത്. ധര്‍മത്തിന്റേയും സംസ്‌കാരത്തിന്റെയും സംസ്ഥാപനമാണല്ലോ രണ്ട് കൂട്ടരിലൂടെയും നിര്‍വഹിക്കപ്പെടുന്നത്.
മനുഷ്യന്‍ വിദ്യയിലൂടെ എത്ര വലിയ ബിരുദങ്ങള്‍ സമ്പാദിച്ചാലും സാമൂഹിക പദവികള്‍ നേടിയെടുത്താലും സ്വന്തം മാതാവിന്റെ മുന്നില്‍ അവന്‍ കേവലം ഒരു ശിശു മാത്രമാണെന്ന് ദാര്‍ശനിക കവിയായ അല്ലാമാ ഇഖ്ബാല്‍ തന്റെ ഉമ്മയുടെ വിലാപകാവ്യത്തില്‍ ഓര്‍ക്കുന്നുണ്ട്. അത് തന്നെയാണ് ഗുരു സവിധത്തിലെ ശിഷ്യന്റ ഭാവവും.
അവന്‍ അറിവിന്റെ ചക്രവാളങ്ങള്‍ എത്ര കീഴടക്കിയാലും കൊച്ചുന്നാളില്‍ ആദ്യമായി അവന് ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത ഗുരുവിന് മുന്നില്‍ അവന്റെ പരിവേഷങ്ങളും പളപളപ്പും ഇറക്കി വച്ചു ഒരു കൊച്ചു കുട്ടിയാവാതെ തരമില്ല. ആ ഗുരു നല്‍കിയ താക്കോല്‍ ഉപയോഗിച്ചാണല്ലോ അവന്‍ അറിവിന്റെ അക്ഷയ ഖനികള്‍ സ്വായത്തമാക്കിയത് !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."