ജില്ലാശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എച്ച്.എം.സി തയാറാകണമെന്ന്
നിലമ്പൂര്‍: നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ സാധാരണക്കാരുടെ ആശ്രയമായ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തയാറാകണമെന്ന് സി.പി.ഐ നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയില്‍ നിന്നും ജില്ലാ പഞ്ചായത്ത് എച്ച്.എം.സി ചെയര്മാന് സ്ഥാനം ഏറ്റെടുത്തതല്ലാതെ അടിസ്ഥാന വികസനത്തിനായി ഒന്നുംചെയ്തില്ല. 142 കിടക്കകളാണ് ആശുപത്രിയിലുള്ളതെങ്കിലും കിടത്തിചികിത്സക്കെത്തുന്നത് 400ലേറെ ആളുകളാണ്. കൂടാതെ 1500നും 1700നുമിടയില്‍ രോഗികള്‍ ഒ.പിയിലും എത്തുന്നുണ്ട്. ആശുപത്രിയില്‍ നിലവിലുള്ള അള്‍ട്രാസൗണ്ട് സ്കാനിംഗ് മെഷീന് ഇതുവരെയും ഉപയോഗപ്പെടുത്താന്‍ എച്ച്.എം.സിക്ക് കഴിഞ്ഞിട്ടില്ല. റേഡിയോളജിസ്റ്റിന്റെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഐ.സിയുവിന്റെ പ്രവര്‍ത്തനം പൂര്‍ണ സജ്ജമാക്കാനും സാധിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ രോഗികള്‍ക്ക് ഒരുക്കാതെ ഒ.പി ടിക്കറ്റ് വര്‍ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണ്. ജനങ്ങളെ പങ്കെടുപ്പിച്ച് ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനായി സമരരംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.എം ബഷീര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."