60 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍
പെരിന്തല്‍മണ്ണ: മഞ്ചേരി സ്വദേശിയുടെ 1.765 കിലോഗ്രാം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പൊലിസ് പിടിയില്‍. കോഴിക്കോട് തലക്കളത്തൂര്‍ സ്വദേശി വാഴാനി വീട്ടില്‍ രഞ്ജിത്ത് (39)നെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. മഞ്ചേരിയില്‍ 'ഗോള്‍ഡ് വര്‍ക്ക്' നടത്തുന്ന കരുവമ്പ്രം പുത്രോട്ട് റാഷിയുടെ സ്ഥാപനത്തിലെത്തിയ പ്രതി രജിത്ത് റിയല്‍ എസ്റ്റേറ്റ്-സ്വര്‍ണ ബിസിനസുമായി ബന്ധപ്പെട്ട് 60ലക്ഷം രൂപയുടെ ആഭരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അത്രയും സ്വര്‍ണം തന്റെ കൈയിലില്ലാത്തതിനാല്‍ കൊണ്ടോട്ടിയിലുള്ള സ്വര്‍ണവ്യാപാരിയായ സുഹൃത്ത് മുഖേന നല്‍കാമെന്ന് റാഷി അറിയിച്ചു. ഇതനുസരിച്ച് രഞ്ജിത്ത് കൊണ്ടോട്ടിയിലെത്തി ആഭരണം പരിശോധിച്ചു. ബാങ്ക് സമയം കഴിഞ്ഞതിനാല്‍ തുക ചെക്കായി നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ സ്വര്‍ണം കൊണ്ടുപോകാന്‍ റാഷി അനുവദിച്ചില്ല. പിറ്റേന്ന് രഞ്ജിത്തിന്റെ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ സ്വര്‍ണവുമായി ചെല്ലാനും പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും അറിയിച്ചു. ഇതനുസരിച്ച് 29ന് രഞ്ജിത്തിന്റെ സ്ഥാപനത്തിലെത്തി സ്വര്‍ണം കൈമാറി. ഇതിനിടെ ബാങ്ക് മാനേജറെന്നു പറഞ്ഞ് ഒരാളെ രഞ്ജിത്ത് ഫോണില്‍ വിളിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ ബാങ്കില്‍ നേരിട്ട് എത്താന്‍ ആവശ്യപ്പെട്ടതായി പറഞ്ഞു. തുടര്‍ന്ന് റാഷി ഉള്‍പ്പടെയുള്ളവരെ ഓഫിസിലിരുത്തി രഞ്ജിത്ത് ബാങ്കിലേക്ക് പോവുകയായിരുന്നു. ഒരുമണിക്കൂറിന് ശേഷം തിരികെയെത്തി അക്കൗണ്ടില്‍ പണം കയറാന്‍ രണ്ട് മണിക്കൂര്‍ എടുക്കുമെന്നും വീട്ടില്‍ പോയി വരാമെന്നും പറഞ്ഞ് പോയശേഷം പിന്നീട് ഫോണ്‍ വിളിച്ചാല്‍ പോലും ബന്ധപ്പെടാനാകാത്ത വിധം കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു.
തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങളുമായി മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചുവരുന്നതിനിടെ ഇതില്‍നിന്നും 656 ഗ്രാം സ്വര്‍ണം വില്‍ക്കുന്നതിനായി കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയിലെത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് രജിത്ത് പൊലിസിന്റെ വലയിലായത്. ബാക്കിയുള്ള പണം തന്റെ സുഹൃത്തുക്കള്‍ വഴി ധനകാര്യ സ്ഥാപനങ്ങളിലും മറ്റും വില്‍പന നടത്തിയതായും ഇയാള്‍ പൊലിസിന് മൊഴി നല്‍കി. ഇവ റിക്കവറി നടത്തുമെന്നും റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലിസ് പറഞ്ഞു.
പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു, എസ്.ഐ മഞ്ജിത്ത്‌ലാല്‍, ഉദ്യോഗസ്ഥരായ സി.പി മുരളീധരന്‍, എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, വിപിന്‍ ചന്ദ്രന്‍, ജയന്‍, അനൂപ്, പ്രഭുല്‍, ബിപിന്‍, വനിതാ സി.പി.ഒ ജയമണി, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്ത് കേസിന്റെ തുടരന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."