HOME
DETAILS

രാജ്യസ്‌നേഹികള്‍ വാങ്ങുന്ന ഹസ്തവേതനം

  
backup
August 02 2017 | 00:08 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81

 

 

രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ പലവിധമുണ്ട്. ചാരപ്രവര്‍ത്തനം, രാജ്യത്തിനെതിരായ ഗൂഢാലോചന, വിഘടനവാദം, കള്ളനോട്ടടി, കുഴല്‍പണ ഇടപാട് തുടങ്ങിയ ചില കലാപരിപാടികള്‍ രാജ്യദ്രോഹത്തിന്റെ പട്ടികയില്‍ പൊതുവായി ഗണിക്കപ്പെട്ടുപോരുന്നുണ്ട്. എന്നാല്‍, എല്ലാ കാലത്തും അത് അങ്ങനെയല്ല. സംഘ്പരിവാര്‍ രാജ്യം വാഴുന്ന ഇക്കാലത്ത് ആര് ചെയ്യുന്നു എന്നു നോക്കിയാണ് രാജ്യസ്‌നേഹവും രാജ്യദ്രോഹവുമൊക്കെ നിര്‍ണയിക്കുന്നത്. പരമ്പരാഗത രാജ്യദ്രോഹപ്പട്ടികയിലുള്ള കാര്യങ്ങള്‍ ചിലര്‍ ചെയ്താല്‍ അത് രാഷ്ട്രസേവനമായി മാറും. മറ്റു ചിലര്‍ ഇക്കാര്യങ്ങള്‍ മാത്രമല്ല മറ്റു ചിലതു ചെയ്താലും അതു രാജ്യദ്രോഹമാകും. ആളും തരവും നോക്കാതെയൊന്നും ഇപ്പോള്‍ രാജ്യദ്രോഹത്തെ നിര്‍വചിക്കാനാവില്ല.
രാജ്യസ്‌നേഹത്തിന്റെ കുത്തകാവകാശം ചാര്‍ത്തിവാങ്ങിയവരാണ് സംഘ്പരിവാറുകാര്‍. ബി.ജെ.പി, ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, രാമന്റെയും ഹനുമാന്റെയും മുതല്‍ കുട്ടിച്ചാത്തന്റെ വരെ പേരുകളില്‍ സന്ദര്‍ഭാനുസരണം രൂപംകൊള്ളുന്ന സേനകള്‍ എന്നിവയിലൊക്കെ പ്രവര്‍ത്തിക്കുന്നവര്‍ അംഗീകൃത രാജ്യസ്‌നേഹികളാണ്. എന്നാല്‍, കോണ്‍ഗ്രസുകാര്‍, കമ്മ്യൂണിസ്റ്റുകാര്‍, ദലിത് പ്രസ്ഥാനക്കാര്‍, ന്യൂനപക്ഷ സംഘടനക്കാര്‍, സ്വതന്ത്ര ചിന്തകര്‍ തുടങ്ങിയവര്‍ അങ്ങനെയല്ല. കേന്ദ്ര ഭരണകൂടത്തെ ചോദ്യംചെയ്യാന്‍ ഭരണഘടന നല്‍കിയ അവകാശം വിനിയോഗിക്കുന്നതടക്കം എന്തുതന്നെ അവര്‍ ചെയ്താലും അതു രാജ്യദ്രോഹമാകും. പല സംസ്ഥാനങ്ങളിലും പട്ടാളം ജനങ്ങള്‍ക്കു മേല്‍ നടത്തുന്ന അതിക്രമങ്ങളെ ചോദ്യം ചെയ്യുക, ഗോമാംസം ഭക്ഷിക്കാനുള്ള അവകാശത്തിനു വേണ്ടി വാദിക്കുക, സവര്‍ണത്തമ്പുരാക്കന്‍മാര്‍ ദലിതരെയും പിന്നാക്ക സമുദായക്കാരെയും ചുട്ടുകൊന്നും ബലാത്സംഗം ചെയ്തുമൊക്കെ സനാതന ധര്‍മം ഊട്ടിയുറപ്പിക്കുന്നതിനെ എതിര്‍ക്കുക, കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ദരിദ്രവാസികളെ സമരത്തിനിറക്കി അവകാശങ്ങള്‍ ചോദിക്കുക തുടങ്ങി എണ്ണമറ്റ രാജ്യദ്രോഹങ്ങളാണ് അവര്‍ രാജ്യത്തു ചെയ്തുകൂട്ടുന്നത്. പട്ടാളവും പൊലിസും ആര്‍.എസ്.എസുകാരും പലതരം സേനക്കാരുമൊക്കെ അതിനെ നേരിടുന്നതിനാല്‍ രാജ്യം വലിയ കുഴപ്പമൊന്നുമില്ലാതെ മുന്നോട്ടുപോകുന്നു.
എന്നാല്‍, മറുവശത്ത് സംഘ്പരിവാര്‍ രാജ്യസ്‌നേഹികള്‍ വലിയ ത്യാഗം സഹിച്ച് അരുതാത്ത കാര്യങ്ങള്‍ ചെയ്തുപോലും രാജ്യത്തെ സേവിക്കുകയാണ്. ഉത്തരേന്ത്യയിലെ ചില സംഘി പ്രമുഖര്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും ഗോമാതാക്കളെയും കാളപ്പിതാക്കളെയുമൊക്കെ കൂട്ടക്കൊല ചെയ്ത് ഇറച്ചി വിദേശത്തേക്കു കയറ്റിയയച്ച് രാജ്യത്തിനു വിദേശനാണ്യം നേടിക്കൊടുക്കുന്നു. കള്ളപ്പണക്കാരെ ഒതുക്കി രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമാക്കാന്‍ മോദിജി നോട്ട് നിരോധിച്ചപ്പോള്‍ നാട്ടുകാര്‍ കൈയില്‍ പണമില്ലാതെ വിഷമിക്കുന്നതു കണ്ട് മനംനൊന്ത തൃശൂരിലെ ഒരു ബി.ജെ.പി യുവനേതാവ് കുറച്ചു കള്ളപ്പണം അച്ചടിച്ച് നാട്ടുകാര്‍ക്കു വിതരണം ചെയ്തു. മറ്റുള്ളവര്‍ കള്ളനോട്ടടിക്കുന്നത് രാജ്യദ്രോഹമാണെങ്കിലും പത്തരമാറ്റ് രാജ്യസ്‌നേഹിയായ സംഘി നേതാവ് മാനവസേവയ്ക്കായി കുറച്ചു കള്ളനോട്ടടിച്ചത് രാജ്യദ്രോഹമെന്നു പറയാനാവില്ലല്ലോ. മാനവസേവ മാധവസേവ എന്നൊരു മുദ്രാവാക്യം തന്നെ പ്രസ്ഥാനത്തിനുണ്ടെന്ന് കുറ്റം പറയുന്നവര്‍ ഓര്‍ക്കണം.
അതുപോലെ തന്നെ നാടിന്റെ വികസനത്തിനു വേണ്ടി ചെയ്ത ഒരു ത്യാഗമാണ് മെഡിക്കല്‍ കോളജ് കോഴ ഇടപാട്. മെഡിക്കല്‍ കോളജ് വരുന്നത് വലിയൊരു വികസനമാണ്. അതിന് അംഗീകാരം വാങ്ങിക്കൊടുക്കണമെങ്കില്‍ നടത്തേണ്ട മാമൂലുകള്‍ക്കു കുറച്ചു പണച്ചെലവുണ്ട്. അതു നടത്താന്‍ ബി.ജെ.പി നേതാക്കള്‍ സഹായിച്ചു. ആ പണം ഒരു കുഴല്‍പണ റാക്കറ്റു വഴി ഡല്‍ഹിയിലെത്തിച്ചു. മറ്റുള്ളവരൊക്കെ കുഴല്‍പണ ഇടപാട് നടത്തുന്നത് കടുത്ത രാജ്യദ്രോഹമാണെങ്കിലും രാജ്യസ്‌നേഹികള്‍ അതു ചെയ്താല്‍ അങ്ങനെ പറയാന്‍ പാടില്ല. അതും നാടിന്റെ വികസനത്തിനു വേണ്ടിയാകുമ്പോള്‍.
ഇങ്ങനെയൊന്നുമല്ലാതെ ആര്‍ക്കെങ്കിലും വളഞ്ഞവഴിക്കു കാര്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ വേണ്ടി ബി.ജെ.പിയുടെ ഏതെങ്കിലും നേതാവ് ആരോടെങ്കിലും പണം വാങ്ങിയാല്‍ പാര്‍ട്ടി അതിനെ അഴിമതിയെന്നു വിളിക്കാറുമില്ല. ശ്രീധരന്‍പിള്ള വക്കീല്‍ പറഞ്ഞതുപോലെ അതു'വ്യക്തിപരമായ ക്രിമിനല്‍ കുറ്റം' മാത്രമാണ്. എത്ര വലിയ നേതാവായാലും അയാളൊരു വ്യക്തിയാണല്ലോ. ഇങ്ങനെ ക്രിമിനല്‍ കുറ്റം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ല. ബാര്‍കോഴക്കേസ് പോലുള്ള അഴിമതിക്കഥകള്‍ പുറത്തുവന്നപ്പോള്‍ അതൊന്നും വ്യക്തിപരമായ കുറ്റമായി കാണാതെ ആരോപണവിധേയരായ നേതാക്കളുടെ പാര്‍ട്ടിക്കു നേരെ ബി.ജെ.പി നേതാക്കള്‍ വാളെടുത്തതു വേറെ കാര്യം. അതെന്താണ് അങ്ങനെയെന്നു ചോദിച്ചാല്‍ ബി.ജെ.പിയുടെ അത്ര ദേശഭക്തിയില്ലാത്ത മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊന്നും ഇതുപോലുള്ള 'വ്യക്തിസ്വാതന്ത്ര്യം' ഇല്ലെന്നാണ് അതിനുള്ള ഉത്തരം.
അല്ലെങ്കില്‍ തന്നെ കോഴ, കൈക്കൂലി എന്നിങ്ങനെയുള്ള വാക്കുകളൊന്നും രാജ്യസ്‌നേഹ പ്രസ്ഥാനം ഉപയോഗിക്കാറുമില്ല. പാര്‍ട്ടിക്ക് ഓഫിസുകളില്ല. ഉള്ളത് 'കാര്യാലയങ്ങള്‍' ആണ്. പാര്‍ട്ടിക്കു പ്രസിഡന്റിനും സെക്രട്ടറിക്കുമൊക്കെ പകരമുള്ളത് 'അധ്യക്ഷ'നും 'കാര്യദര്‍ശി'യും 'പ്രമുഖും' ഒക്കെയാണ്. മറ്റുള്ളവര്‍ മാര്‍ച്ചും ജാഥയുമൊക്കെ നടത്തുമ്പോള്‍ സംഘ്പരിവാര്‍ നടത്തുന്നത് 'പഥസഞ്ചലനം' ആണ്. അതുകൊണ്ടു തന്നെ മെഡിക്കല്‍ കോളജിന് അനുമതി തരപ്പെടുത്തിക്കൊടുക്കാന്‍ വാങ്ങിയത് മ്ലേച്ഛ രാഷ്ട്രീയക്കാര്‍ വാങ്ങുന്നതുപോലുള്ള കോഴയോ കൈക്കൂലിയോ ഒന്നുമല്ല. വാങ്ങിയത് 'ഹസ്തവേതനം' ആണ്.
*** *** ***
മലയാളികളുടെ മഹാഭാഗ്യത്തിന് ധാരാളം വിനോദമൂല്യമുള്ള വാര്‍ത്തകള്‍ ഒന്നിനുപിറകെ ഒന്നായി കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട അപസര്‍പ്പക കഥകളും അരങ്ങു തകര്‍ത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ബി.ജെ.പിയുടെ മെഡിക്കല്‍ കോളജ് കോഴ വന്നുചാടുന്നത്. ദേശീയ കൗണ്‍സില്‍ യോഗത്തിനു വേണ്ടി നടന്ന വ്യാജ പിരിവടക്കം അതിലുമുണ്ടായി ഇഷ്ടംപോലെ ഉപകഥകള്‍. ആ വാര്‍ത്ത കത്തിപ്പടരുമ്പോഴാണ് സ്ത്രീപീഡനക്കേസില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റ് അറസ്റ്റിലാകുന്നത്. പരാതിയുമായി എത്തിയത് സ്ത്രീയും കഥ പീഡനവുമാകുമ്പോള്‍ സംഗതി ബഹുരസം. വിനോദസാധ്യതകള്‍ ആവശ്യത്തിലധികം.
ഹരംപിടിപ്പിക്കുന്ന ഇത്തരം വാര്‍ത്തകളുടെ ആഘോഷാരവങ്ങളില്‍ ചങ്കുപൊള്ളിക്കുന്ന സംഭവങ്ങള്‍ കാര്യമായ ജനശ്രദ്ധ നേടാതെ മുങ്ങിപ്പോകുകയാണ് കേരളത്തില്‍. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് വിനായക് എന്ന ദലിത തരുണന്റെ ദാരുണാന്ത്യം. മാല മോഷ്ടാവെന്നു സംശയിച്ച് പാവറട്ടി പൊലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ ആ 19കാരനു മേല്‍ കഞ്ചാവ് ഉപയോഗം എന്ന കുറ്റം കൂടി ചാര്‍ത്തി. ഒരാള്‍ അവര്‍ണനും ദരിദ്രനുമാണെങ്കില്‍ മോഷണമടക്കമുള്ള കുറ്റങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന വരേണ്യവര്‍ഗ പൊതുബോധത്തില്‍ പൊലിസ് മനോഭാവം കൂടി ചേര്‍ന്നപ്പോള്‍ അവന്‍ കുറ്റവാളിയായി മുദ്രയടിക്കപ്പെട്ടു. ദരിദ്രവാസിയായ വിനായക് പുതുതലമുറ ചെറുപ്പക്കാരുടെ ശൈലിയില്‍ മുടി വളര്‍ത്തിയതിലായിരുന്നു ഏമാന്‍മാര്‍ക്ക് ഏറ്റവുമധികം അരിശം. മുലഞെട്ടുകളും ജനനേന്ദ്രിയവും ഞെരിച്ചുടയ്ക്കലും മുടി പിടിച്ചുപറിക്കലുമടക്കമുള്ള ക്രൂര പീഡനങ്ങള്‍ക്ക് അവന്‍ വിധേയനായെന്നാണ് കൂടെ അറസ്റ്റിലായ സുഹൃത്ത് പറയുന്നത്. പുറത്തിറങ്ങിയ ആ പയ്യന്‍ അപമാനം സഹിക്കവയ്യാതെ ആത്മഹത്യചെയ്തു.
ഇതിനെതിരേ ചില കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നെങ്കിലും കേരളീയ സമൂഹത്തില്‍ അതു വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല. ഇസ്തിരിയിട്ടു മിനുക്കിയ ഉപരിവര്‍ഗ, വരേണ്യ നീതിബോധത്തെ അലോസരപ്പെടുത്താനുള്ള കെല്‍പൊന്നും ഒരു പുലയച്ചെറുക്കന്റെ മരണത്തിന് ഇല്ലാത്തതു തന്നെ കാരണം.
അതുകൊണ്ട് രണ്ടു പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ഭരണകൂടം തല്‍കാലം മുഖം രക്ഷിച്ചു. അപ്പോഴേക്കും സൂപ്പര്‍ താരത്തിന്റെ അറസ്റ്റും ബി.ജെ.പി അഴിമതിയും എം.എല്‍.എയുടെ പീഡനക്കേസുമൊക്കെ വന്നപ്പോള്‍ കേരളം വിനായകിനെ തീര്‍ത്തും മറന്നു. ഏറെ പ്രബുദ്ധമെന്ന് വീമ്പുപറയുന്ന മലയാളി മനസ്സിന് എത്രമാത്രം ആരോഗ്യക്ഷയമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഈ മറവിരോഗം.
വെറുമൊരു ആത്മഹത്യയല്ല വിനായകിന്റേത്. ഭരണകൂട ഭീകരതയുടെ ഇരയാണ് ആ പയ്യന്‍. ജാതി, വംശീയ ഭ്രാന്തുകള്‍ വിട്ടുമാറിയിട്ടില്ലാത്ത കേരളത്തിലെ ഭരണകൂട സംവിധാനം നടത്തിയ കൊലയാണത്. ജാതിഭീകരത നടമാടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പുച്ഛിച്ചുകൊണ്ട് ഞങ്ങളെ മാതൃകയാക്കൂ എന്ന് വിളിച്ചുകൂവുന്ന മലയാളി സമൂഹം ഇക്കാര്യത്തില്‍ കാര്യമായൊന്നും വ്യത്യസ്തമല്ലെന്ന് കാണിച്ചുതന്നിരിക്കുകയാണ് വിനായക് ജീവത്യാഗത്തിലൂടെ.
രണ്ടു പൊലിസുകാരുടെ സസ്‌പെന്‍ഷനില്‍ ഒതുങ്ങേണ്ടതല്ല ഈ സംഭവം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ ഇനിയെങ്കിലും കേരളീയ മനസ്സാക്ഷി ഉണരേണ്ടതുണ്ട്. നമ്മുടെ കറുത്ത മക്കളെ ചുട്ടുതിന്നാന്‍ വംശീയഭീകരരെ ഇനിയും അനുവദിച്ചുകൂടാ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago