കാലിക്കറ്റ് പരീക്ഷാഭവനെതിരേ സെനറ്റില്‍ അടിയന്തിരപ്രമേയം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനെ രൂക്ഷമായി വിമര്‍ശിച്ചു സര്‍വകലാശാലയുടെ പരമോന്നത സഭയായ സെനറ്റില്‍ അടിയന്തിര പ്രമേയം. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും താളംതെറ്റിയെന്നാരോപിച്ച് ഇടതുപക്ഷത്തുള്ള ഡോ. ഡി.കെ ബാബുവാണ് അടിയന്തിരപ്രമേയം അവതരിപ്പിച്ചത്. 23നെതിരേ 24 അംഗങ്ങളുടെ പിന്‍ബലത്തില്‍ പ്രമേയം അംഗീകരിക്കപ്പെട്ടു.
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലം പ്രഖ്യാപിക്കുകയും 3,4 സെമസ്റ്ററുകളുടെ ഫലം അനന്തമായി നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന അവസ്ഥയാണെന്നു ഡി.കെ ബാബു കുറ്റപ്പെടുത്തി. സമയത്തിനു പരീക്ഷ നടത്താത്തതിനാല്‍ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ നഷ്ടപ്പെടുത്തിയാണ് മൂല്യനിര്‍ണയ ക്യാംപുകള്‍ നടത്തുന്നത്. ഫലം പ്രഖ്യാപിച്ച് ആറാഴ്ച കഴിഞ്ഞാണ് ഗ്രേഡ് കാര്‍ഡും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും പരീക്ഷാഭവന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. 2009ല്‍ സി.സി.എസ്.എസ് സമ്പ്രദായപ്രകാരം പരീക്ഷ നടത്തിയപ്പോള്‍ 36 ദിവസംകൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്നു സ്ഥിതിഗതികള്‍ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ കണ്‍ട്രോളറും സ്ഥിരംസമിതി അധ്യക്ഷനുമടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഉത്തരവാദികളാണെന്നു സെനറ്റംഗം കെ. വിശ്വനാഥ് അഭിപ്രായപ്പെട്ടു. പാകപ്പിഴവ് എത്രയുംവേഗം പരിഹരിക്കണമെന്ന് പ്രമേയത്തെ അനുകൂലിച്ച ഡോ. അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു. ഗ്രേഡ് കാര്‍ഡ് യഥാസമയം വിദ്യാര്‍ഥികള്‍ക്ക് നല്‍കാത്തത് വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ സമ്പ്രദായത്തില്‍ അടിമുടി മാറ്റംവരുത്തി ക്ലാസുകള്‍ തുടങ്ങുന്നതു സമയബന്ധിതമാക്കണമെന്ന് പ്രമേയത്തെ എതിര്‍ത്ത സമദ് മങ്കട പറഞ്ഞു. ബിരുദ ഫലം വൈകിയതിനാല്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ പഠിച്ചവര്‍ക്ക് ഇത്തവണ ബി.എഡിന് അപേക്ഷിക്കാനായില്ല. വളരെ വൈകിയാണ് ഇത്തവണയും ബിരുദ പ്രവേശനം നടക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളാണ് പരീക്ഷാ ഫലപ്രഖ്യാപനം വൈകാനിടയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ബിരുദ കോഴ്‌സുകള്‍ മൂന്നു വര്‍ഷംവരെയാകുന്ന അവസ്ഥയാണ് കാലിക്കറ്റിലെന്നു പ്രമേയത്തെ പിന്തുണച്ച ഡോ. പി. ഗോഡ് വിന്‍ സാംരാജ് പറഞ്ഞു. ഗ്രേഡ് കാര്‍ഡും പ്രൊവിഷണലും സമയത്തിനു നല്‍കാത്തതു തുടര്‍പഠനം നിഷേധിക്കുന്നതിനു തുല്യമാണെന്ന് ഡോ. സി.സി ബാബു അഭിപ്രായപ്പെട്ടു.
പ്രമേയത്തെ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.എം നസീര്‍ ശക്തമനായി എതിര്‍ത്തു. ഇത്തരമൊരു പ്രമേയത്തിനു പിന്നില്‍ മറ്റെന്തോ താല്‍പര്യമുള്ളതായി സംശയിക്കുന്നതായി അഡ്വ. എന്‍. രാജന്‍ തുറന്നടിച്ചു. പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ഫലം പ്രഖ്യാപിക്കണമെന്നു പി.വി ഗംഗാധരന്‍ പറഞ്ഞു. എന്നാല്‍, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പോരായ്മകള്‍ പരിഹരിക്കണമെന്ന് അധ്യക്ഷനായ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."