ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകളുടെ സംസ്ഥാന സമ്മേളനം ബേക്കലില്‍
കാസര്‍കോട്: സങ്കീര്‍ണ ഹൃദ്രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹൃദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയായ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരള (ഐ.സി.സി.കെ)യുടെ രണ്ടു ദിവസം നീളുന്ന വാര്‍ഷിക സമ്മേളനം ഈ മാസം 5,6 തിയതികളിലായി ബേക്കല്‍ താജ് വിവാന്റയില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറില്‍ അധികം ഹൃദ്രോഗ വിദഗ്ദ്ധര്‍ ശാസ്ത്ര പരിപാടികളില്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഉദ്ഘാടനം അഞ്ചിന് ഐ.സി.സി.കെ പ്രസിഡന്റ് ഡോ. റോണി മാത്യു നിര്‍വഹിക്കുമെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയും പരിയാരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം പ്രൊഫസറുമായ ഡോ. സി.ഡി രാമകൃഷ്ണ പറഞ്ഞു. ഹൃദയധമനി പൂര്‍ണമായി അടഞ്ഞുണ്ടാകുന്ന സങ്കീര്‍ണ ഹൃദ്രോഗങ്ങള്‍ (ക്രോണിക് ടോട്ടല്‍ ഒക്ലൂഷന്‍), കാഠിന്യമേറിയ കാല്‍സിഫൈഡ് ബ്ലോക്കുകള്‍ ഡ്രില്‍ ചെയ്ത് നീക്കം ചെയ്യുന്ന ശസ്തക്രിയകള്‍ എന്നിവ സംബന്ധിച്ച് പ്രത്യേക സെഷനുകള്‍ നടക്കും.
ഹൃദയധമനികളിലെ രക്തയോട്ടത്തിന്റെ തോത് അളന്നു ബ്ലോക്കുകളുടെ കാഠിന്യം നിര്‍ണയിക്കുന്ന ഫിസിയോളജി സാങ്കേതിക വിദ്യകളും അടഞ്ഞ രക്തക്കുഴലുകളുടെ ഉള്‍വശം ചിത്രീകരിക്കുന്ന കോറോണറി ഇമേജിങ്ങ് സാങ്കേതിക വിദ്യകളും സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാകും.
ഡോ. കെ.പി ബാലകൃഷ്ണന്, ഡോ. ദീപക് ഡേവിഡ്സണ്, ഡോ. സി.ജി സജീവ്, ഡോ. രാമകൃഷ്ണ സി.ഡി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."