ആശാപുരയ്ക്കനുകൂലമായി പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്തു
കരിന്തളം: കടലാടിപ്പാറയിലേക്ക് ബോക്‌സൈറ്റ് ഖനനം നടത്താന്‍ ആശാപുരയ്ക്കു സ്വാഗതമോതി കിനാനൂര്‍-കരിന്തളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്തു. പൊതുതെളിവെടുപ്പിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെ കോയിത്തട്ട, തലയടുക്കം, കൊല്ലമ്പാറ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷി, ജനകീയ സമിതി നേതൃത്വങ്ങള്‍ക്കു തലവേദന സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നു ഇന്നലെ പുലര്‍ച്ചയോടെയാണ് ഇവ നീക്കം ചെയ്തത്.
ഖനനം നിര്‍ത്തിയ തലയടുക്കത്തെ കെ.സി.സി.പി.എല്‍ ഖനിയുടെ സമീപ പ്രദേശങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. അതേ സമയം ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന പൊതു തെളിവെടുപ്പ് ഉപരോധസമരത്തിനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുകയാണ്. വിവിധ രാഷ്ട്രീയ, യുവജന സംഘടനകളും കുടുംബശ്രീ, പുരുഷ സംഘങ്ങള്‍, മഹിളാ സംഘടനകള്‍, വ്യാപാരി വ്യവസായികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവരും സമരത്തില്‍ അണിചേരും. സമരത്തില്‍ മയ്യങ്ങാനം വിഷ്ണു ക്ഷേത്രപരിധിയിലെ മുഴുവന്‍ കുടുംബങ്ങളേയും പങ്കെടുപ്പിക്കാന്‍ ക്ഷേത്ര ഭരണ സമിതി യോഗം തീരുമാനിച്ചു. വി. ശംഭു അധ്യക്ഷനായി. സി.വി ബാലകൃഷ്ണന്‍, കെ.വിജയഗോപാല്‍, കെ.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പൊതുതെളിവെടുപ്പു മാറ്റി വയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും സജീവമാണ്. പൊതുതെളിവെടുപ്പു നിശ്ചയിച്ചിട്ടുള്ള നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഹാളിനു പുറത്തു സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന നിഗമനത്തിലാണു പൊലിസുള്ളത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നതങ്ങളില്‍ നല്‍കിയിട്ടുമുണ്ട്. സമരത്തിന്റെ ഗതി എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാന്‍ സര്‍വകക്ഷി ജനകീയ സമിതി ഇന്നു യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."