ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം
ഗസ്സ: ഫലസ്തീനില്‍ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നാരോപിച്ച് ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തി. ഹമാസിന്റെ സൈനികവിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ രണ്ടു കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. അഭയകേന്ദ്രത്തിലേക്ക് മാറുന്നതിനിടെ ഒരു 40കാരിക്കും 10 വയസ്സുള്ള കുട്ടിക്കും നിസാര പരുക്കേറ്റു.
അതേസമയം ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ഗസ്സ മുനമ്പില്‍ ഹമാസിന്റെ നാവികസേനാ സൈനിക പോസ്റ്റിനു നേരെയും ആക്രമണമുണ്ടായി. നാവികകേന്ദ്രം പൂര്‍ണമായി തകര്‍ന്നെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലിനു നേരെ റോക്കറ്റ് ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഒരു ഫലസ്തീനി സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും ഹമാസാണ് ഇതിനു പിന്നിലെന്ന് ഇസ്‌റാഈല്‍ ആരോപിച്ചു. മൂന്നു റോക്കറ്റുകളെയും അയേണ്‍ ഡോം പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തതായും ഹമാസ് പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇസ്‌റാഈല്‍ സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ മാസം ഗസ്സയിലെ ഇസ്‌ലാമിക് ജിഹാദ് നേതാവിനെ ഇസ്‌റാഈല്‍ മിസൈല്‍ ആക്രമണത്തിലൂടെ വധിച്ചിരുന്നു. അതിനിടെ റോക്കറ്റ് ആക്രമണം തുടരുവോളം ഹമാസുമായി വെടിനിര്‍ത്തലിനില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡറെ വധിച്ചത് ഒരു സൂചന മാത്രമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അതേസമയം ഗസ്സയ്ക്കു നേരെ നടന്ന ആക്രമണം അപകടകരമായ കാല്‍വയ്പാണെന്നും ഇതിന് ഇസ്‌റാഈല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."