കെ.സുരന്ദ്രന്‍ ജയില്‍മോചിതനായി
തിരുവനന്തപുരം: ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ജയില്‍ മോചിതനായി. ചിത്തിര ആട്ടവിശേഷ ദിവസം ശബരിമലയിലെത്തിയ സ്ത്രീയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ സുരേന്ദ്രന് ഹൈക്കോടതി ഇന്നലെ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് 23 ദിവസത്തെ ജയില്‍വാസത്തിനു ശേഷം സുരേന്ദ്രന് പുറത്തിറങ്ങാനുള്ള വഴിതെളിഞ്ഞത്.
എന്നാല്‍, കോടതിയുടെ അനുമതിയില്ലാതെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കുകയും രണ്ടാള്‍ ജാമ്യവും പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് പരിഗണനയിലിരിക്കവെ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. വ്യവസ്ഥകളുടെ ലംഘനമുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 23 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് സുരേന്ദ്രന്‍ മോചിതനാകുന്നത്. ഹൈക്കോടതി ഉപാധികളെ തുടര്‍ന്ന് സുരേന്ദ്രന് ഇത്തവണ ശബരിമല ദര്‍ശനം സാധ്യമാകില്ല. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സന്നിധാനം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. എങ്കിലും ഉപാധികളോടെ ജാമ്യം നല്‍കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
ജയിലിനു പുറത്തെത്തിയ സുരേന്ദ്രന്‍, സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്ന എ എന്‍ രാധാകൃഷ്ണനു സമീപത്തേക്കു പോകും.
കഴിഞ്ഞമാസം 17ന് വൈകിട്ടാണ് ശബരിമല ദര്‍ശനം നടത്താനെത്തിയ സുരേന്ദ്രനെയും സംഘത്തെയും നിലയ്ക്കലില്‍ വച്ച് സ്‌പെഷല്‍ ഓഫിസര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. സംഘംചേരല്‍, പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിറ്റേന്ന് പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ്ജയിലില്‍ എത്തിച്ചു. 21ന്് പത്തനംതിട്ട മുന്‍സിഫ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചു.
റാന്നി താലൂക്കില്‍ രണ്ടുമാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍, കണ്ണൂരില്‍ പൊലിസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് ഇറങ്ങിയതോടെ സുരേന്ദ്രന്റെ ജയില്‍മോചനം നീണ്ടു. അതിനിടെ, 22നാണ് ചിത്തിര ആട്ടവിശേഷ ദിനത്തിലെ സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരേ ഗൂഢാലോചനക്ക് കേസെടുക്കുന്നത്. സുരേന്ദ്രനെ കൂടാതെ കൂടുതല്‍ ആര്‍.എസ്.എസ്ബി.ജെ.പി നേതാക്കള്‍ക്കെതിരേയും കേസെടുത്തു. സംഭവദിവസം ഇവര്‍ എല്ലാവരും സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും സംഭവത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും പൊലിസ് കോടതിയില്‍ വ്യക്തമാക്കി. ഇവരുടെ ഫോണ്‍ രേഖകള്‍, സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്ക് കേസെടുത്തിരിക്കുന്നതെന്ന റിപ്പോര്‍ട്ടും പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു.
തുടര്‍ന്ന് 24ന് സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും റാന്നി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളി. വധശ്രമത്തോടനുബന്ധിച്ചുള്ള ഗൂഢാലോചന ആയതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."