ഊരുണര്‍ത്തല്‍: വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് ബാലാവകാശ കമ്മിഷന്‍
കണ്ണൂര്‍: ആറളം ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചും സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിച്ചും കുട്ടികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് ബാലാവകാശ കമ്മിഷന്‍. സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടഞ്ഞ് കുട്ടികളെ ക്ലാസുകളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ഊരിനെ നവലോകവുമായി ബന്ധപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി സംഘടിപ്പിച്ച ഊരുണര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായാണ് കമ്മിഷന്‍ കോളനിയിലെ ഒന്‍പത്, പതിനൊന്ന് ബ്ലോക്കുകള്‍ സന്ദര്‍ശിക്കുകയും കുട്ടികളുമായി നേരിട്ട് സംവദിക്കുകയും ചെയ്തത്. കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം സൗജന്യം മാത്രമല്ല നിര്‍ബന്ധിതവുമാണെന്നും കുട്ടികളെ തിരിച്ച് സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ച കാലം സ്‌കൂളുകളിലും ഊരുകളിലുമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂറോളം കുട്ടികളെ സ്‌കൂളുകളില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ സ്വന്തം കുട്ടികളുടെ കാര്യമാണെന്ന് കരുതിയാല്‍ തീരുന്ന പ്രശ്‌നമേ ഇവിടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിലെ 200 ഓളം കുട്ടികള്‍ പഠിക്കാതിരിക്കുക എന്നത് ഗൗരവതരമായ കാര്യമാണ്. സമൂഹത്തോട് കാണിക്കുന്ന കുറ്റകൃത്യമാണിത്. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്‌കൂളില്‍ ഉണ്ടെന്നും കുട്ടികള്‍ക്ക് പഠിക്കാനുള്ള പ്രേരണ നല്‍കുകയാണ് വേണ്ടതെന്നും കമ്മിഷന്‍ പറഞ്ഞു. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം, ഗതാഗതപ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമായി കുട്ടികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടിയത്. കുട്ടികളിലെ നിസംഗതയും കൊഴിഞ്ഞു പോക്കിന് ഒരുപരിധിവരെ കാരണമാകുന്നുണ്ടെന്ന് കമ്മിഷന്‍ അറിയിച്ചു. മാലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചതായും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നു ഗുരുതരമായ പിഴവാണ് ഉണ്ടായിരിക്കുന്നതെന്നും കമ്മിഷന്‍ അറിയിച്ചു. ആറളം സ്‌കൂളില്‍ സ്‌പോര്‍ട്‌സിനാവശ്യമായ ഉപകരണങ്ങളും പരിശീലകനെയും സ്‌കൂളിന് നല്‍കാമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്‌കൂളില്‍ ബാന്‍ഡ് സംഘം രൂപീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കാമെന്ന് ശിശുവികസന വകുപ്പ് ഡയരക്ടര്‍ ഷീബ ജോര്‍ജും പറഞ്ഞിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. സ്‌കൂളിലെ എല്ലാ ക്ലാസുകളിലും ടി.വി നല്‍കാമെന്ന് ഡി.എഫ്.ഒ അറിയിച്ചു. ആറളം സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും സൈക്കിള്‍ നല്‍കുന്നതിന് പദ്ധതി ആരംഭിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് കമ്മിഷന്‍ നിര്‍ദേശിച്ചു.കുട്ടികള്‍ക്ക് പുറമെ രക്ഷിതാക്കളുമായും അധ്യാപകരുമായും ജനപ്രതിനിധികളുമായും കമ്മീഷന്‍ ചര്‍ച്ച നടത്തി. ഊരുണര്‍ത്തല്‍ പരിപടിയുടെ ഭാഗമായി സ്‌കൂളില്‍ മാജിക് ഷോ, എക്‌സൈസ് വകുപ്പിന്റെ വിമുക്തി ടീം അവതരിപ്പിച്ച നാടകം, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. കൂടാതെ ഹ്രസ്വചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു.ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച സംവാദം പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ മുഖ്യാതിഥികളായി. എന്‍.ടി റോസമ്മ, കെ.പി ജയബാലന്‍, എം.പി അബ്ദുറഹ്മാന്‍, ഡോ. എം.പി ആന്റണി, പി.ആര്‍.ഒ ആര്‍. വേണുഗോപാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."