ആലോചനയിലൊതുങ്ങി പുള്ളിന്റെ വികസന സ്വപ്‌നം
അന്തിക്കാട്: മനക്കൊടി പുള്ള് കേന്ദ്രീകരിച്ചുള്ള കോള്‍ പാടത്ത് ഇക്കോ ടുറിസം ഇടനാഴി പദ്ധതി ആലോചനയിലൊതുങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു.
വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ തയാറായാല്‍ ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമായി പുള്ളിനെ മാറ്റാന്‍ കഴിയും. മനക്കൊടിയില്‍ നിന്നു പുള്ളിലേക്കുള്ള വഴിയില്‍ വിശാലമായി കിടക്കുന്ന ഹരിതശോഭ നിറഞ്ഞ പുള്ള് കോള്‍ പാടം എല്ലാവര്‍ക്കും മനം കവരുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. നെല്‍പാടങ്ങള്‍ക്കു പുറമെ അപൂര്‍വ ഇനം പക്ഷികളുടെ ആവാസ കേന്ദ്രം, നാടന്‍ മത്സ്യസമ്പത്ത് എന്നിവയെല്ലാം പുള്ളിലുണ്ട്.
ഇത്തരം പ്രകൃതി സവിശേഷതകളാണ് പുള്ളിനെ മറ്റു ഗ്രാമങ്ങളില്‍ നിന്നു വ്യത്യസ്ഥമാക്കുന്നത്.കഴിഞ്ഞവര്‍ഷം നവംബറില്‍ പുള്ള് കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം ഇടനാഴി പദ്ധതിയെക്കുറിച്ചുള്ള ആലോചനയോഗം കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ തൃശൂര്‍ കലക്ടറേറ്റില്‍ നടന്നിരുന്നു. എന്നാല്‍ ആലോചനയോഗം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും മറ്റു നടപടികളൊന്നും ഉണ്ടായില്ല.
കോള്‍ പാടത്തെ കനാലിലൂടെ ബോട്ടിങ്, പക്ഷി നിരീക്ഷണത്തിന് ഏറുമാടംമാതൃകയില്‍ പവലിയനുകള്‍, ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ചൂണ്ടയിട്ടു മീന്‍പിടുത്തം, കനാല്‍ സംരക്ഷണത്തിനു കയര്‍ ഭൂവസ്ത്രം വിരിക്കല്‍, കാര്‍ഷിക മ്യൂസിയം, നടപ്പാത, നാടന്‍ ഭക്ഷണ ശാല, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നനതിനുള്ള സ്ഥലം എന്നിവയെല്ലാം ഉള്‍പ്പെടുത്തി സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള കണ്ടെത്തലുകളാണ് നിയുക്ത പദ്ധതി പ്രദേശം സന്ദര്‍ശിച്ചഅന്നത്തെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം യോഗത്തില്‍ മുന്നാട്ടുവച്ചത്.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രകൃതിരമണീയമായ പുള്ള് കോള്‍ പാടവും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറു കണക്കിനാളുകളാണ് ഇവിടെയെത്തുന്നത്.
പ്രകൃതി അനുഗ്രഹിച്ചുനല്‍കിയ പുള്ള് കോള്‍ പാടത്തെയും പരിസര പ്രദേശങ്ങളെയും വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."