കേരള ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ല: മുല്ലപ്പള്ളി
സ്ത്രീപീഡന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ യു.പി-കേരള സര്‍ക്കാരുകള്‍ ഒരുപോലെ
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കേരള ബാങ്കിന്റെ രൂപീകരണവും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ യാതൊരു കാര്യത്തിലും സഹകരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ബാങ്ക് സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ത്തെറിയുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സഹകരണ പ്രസ്ഥാനങ്ങളെ അന്ത്യകൂദാശ ചെയ്യാനുള്ള നടപടിയില്‍ കടുത്ത വിയോജിപ്പുണ്ട്. എന്ത് അധികാരമുപയോഗിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി തുറന്നു പറയണം.
സഹകരണ ബാങ്കുകളിലെ മൂന്നര ലക്ഷം കോടിയുടെ നിക്ഷേപത്തിലാണ് സര്‍ക്കാരിന്റെ കണ്ണ്. മൂക്കറ്റം സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിനില്‍ക്കുന്ന സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കും. നിരവധി നിക്ഷേപകരെ കേരള ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. പീഡനക്കേസുകളില്‍ നിയമങ്ങള്‍ ഉടച്ചുവാര്‍ക്കണം. ഗോഡ്‌സെ ക്ഷേത്ര നിര്‍മാണം ഗാന്ധിജിയെ അവഹേളിക്കുന്നതിന് തുല്യമാണ്. പ്രജ്ഞ താക്കൂര്‍ ഗാന്ധിജിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതിലൊന്നും മാപ്പുപറയാതെ ബി.ജെ.പി ഗാന്ധിസങ്കല്‍പ് യാത്ര നടത്തുന്നത് വിരോധാഭാസമാണ്.
സ്ത്രീപീഡന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ യു.പിയിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ഒരു പോലെയാണ്. ഇരുസര്‍ക്കാരുകളും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലും ക്രമസമാധാനം തകര്‍ന്നു.
സ്ത്രീപീഡനങ്ങള്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തും. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം. ഭരണകൂടത്തിന്റെ അനാസ്ഥ മൂലം നിരവധി പ്രതികള്‍ രക്ഷപ്പെടുന്നു. പി.എസ്.സി ക്രമക്കേടുകള്‍ ലാഘവബുദ്ധിയോടെ കാണരുത്. പി.എസ്.സി പുറംവാതിലിലൂടെ തുടര്‍ നിയമനങ്ങള്‍ നടത്തുന്നു. എം.ജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി ഒരു മറുപടിയും നല്‍കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏത് കുറ്റം ചെയ്താലും താന്‍ കുറ്റവാളിയല്ല എന്നു മുറവിളി കൂട്ടുന്ന മന്ത്രിയാണ് നമുക്കുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കുറ്റപത്രം തയാറാക്കിയുള്ള ഒരു മാസം നീണ്ടുനില്‍ക്കുന്ന പദയാത്രയ്ക്കു രൂപം നല്‍കും. കൊച്ചി മേയറുടെ മാറ്റം സംബന്ധിച്ച് താനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി ചര്‍ച്ച ചെയ്ത് ഉടന്‍ തീരുമാനമെടുക്കും. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് യോഗം ചേരാന്‍ വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."