അനധ്യാപക തസ്തികയില്ല ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു
രാജു ശ്രീധര്‍
കൊല്ലം: അനധ്യാപക തസ്തികയില്ലാത്തതിനാല്‍ സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു.
കോളജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി ഹൈസ്കൂളുകളോടൊപ്പം പ്ലസ്ടു ആരംഭിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ മാത്രമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. അനധ്യാപക ജീവനക്കാരുടെ നിയമനകാര്യത്തില്‍ ഹയര്‍സെക്കന്‍ഡറി ആരംഭിച്ച് 25 വര്‍ഷം കഴിഞ്ഞിട്ടും തീരുമാനമായില്ല. അനധ്യാപക ജീവനക്കാരില്ലാത്തതിനാല്‍ ഏകജാലക അഡ്മിഷനില്‍ തുടങ്ങി പരീക്ഷ വരെയുള്ള എല്ലാ ജോലികളും അധ്യാപകരും പ്രിന്‍സിപ്പലും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ക്ലാസുകളില്‍ പഠിപ്പിക്കുന്നതിനോടൊപ്പം അനധ്യാപകരുടെ ജോലികൂടി ചെയ്യേണ്ട ഗതികേടിലാണ് പ്രിന്‍സിപ്പല്‍മാര്‍. പല എയ്ഡഡ് സ്കൂളുകളിലും പി.ടി.എയുടെ നേതൃത്വത്തില്‍ അനധ്യാപക ജോലിക്ക് സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിലെ അനധ്യാപക ജീവനക്കാരുടെ സേവനം പല ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ഉപയോഗിക്കുന്നുണ്ട്. ഇത് ഹൈസ്കൂള്‍ വിഭാഗത്തിലെ ഓഫിസ് അനുബന്ധ ജോലികള്‍ മന്ദഗതിയിലാക്കുന്നതായി അനധ്യാപക സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍,എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്ത് 1,665 ഹയര്‍സെക്കന്‍ഡറി സ്കൂളുകളാണുള്ളത്. ഇതില്‍ 836 എയ്ഡഡ് സ്കൂളുകളും 829 സര്‍ക്കാര്‍ സ്കൂളുകളുമാണ്. പല സ്കൂളുകളിലും ഹൈസ്കൂള്‍ വിഭാഗവുമായി ചേര്‍ന്നല്ല ഹയര്‍സെക്കന്‍ഡറി പ്രവര്‍ത്തിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നേരത്തേ ആഴ്ചയില്‍ ആറുദിവസം അധ്യായനം ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അഞ്ചുദിവസമാക്കി കുറച്ചതോടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ ക്ലാസ് തുടങ്ങുന്നതിന് മണിക്കൂറുകള്ക്കുമുന്പ് പഠനം ആരംഭിക്കുകയും വൈകിട്ട് വൈകി പഠനം അവസാനിപ്പിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."