ബാല ഭാസ്‌കറിന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. കേസ് സി.ബി.ഐക്കു കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനായി ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തെ അന്വേഷണോദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും മറ്റു ദുരൂഹതകളില്ലെന്നുമായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്തുകേസിലെ പ്രതികളില്‍ ചിലര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷണ സംഘം തള്ളിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്നും അവര്‍ കണ്ടെത്തിയിരുന്നു. അപകടം പുനരാവിഷ്‌കരിച്ചതുള്‍പ്പടെ നടത്തിയ പരിശോധനകളിലൂടെയാണ് അപകടം ആസൂത്രിതമല്ലെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്.
എന്നാല്‍, കേസ് സി.ബി.ഐക്ക് വിടണമെന്ന നിലപാടിലായിരുന്നു ബാലഭാസ്‌കറിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറി ഉത്തരവിട്ടത്.
അപകടമരണത്തിലെ ദുരൂഹത നീക്കാന്‍ അപകടം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച് സംഘം. അപകടം നടന്ന പള്ളിപ്പുറത്ത് ക്രൈംബ്രാഞ്ച് സംഘം, മോട്ടര്‍ വാഹന വകുപ്പ്, ഫോറന്‍സിക് വിഭാഗം, വാഹനത്തിന്റെ കമ്പനിയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംയുക്തമായി അപകടം പുനരാവിഷ്‌കരിച്ചിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് മൊഴികളില്‍ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് സാഹചര്യം കൃത്യമായി വിലയിരുത്തുന്നതിന് ഇത്തരത്തിലൊരു പരിശോധനക്ക് അന്വേഷണം സംഘം മുതിര്‍ന്നത്.
കഴക്കൂട്ടം ദേശീയപാതയില്‍ വാഹന ഗതാഗതം തടഞ്ഞശേഷം മംഗലപുരത്ത് നിന്ന് നൂറു കിലോമീറ്റര്‍ വേഗതയിലെത്തിയ ഇന്നോവ റോഡിന് എതിര്‍വശത്ത്, ബാലഭാസ്‌കറിന്റെ വാഹനം ഇടിച്ചു കയറിയ അതേ മരത്തിന് മുന്‍പിലേക്ക് വെട്ടിച്ച് സഡന്‍ ബ്രേക്കിടുകയായിരുന്നു.
ഈ സാഹചര്യത്തില്‍ വാഹനത്തിലെ യാത്രക്കാരുടെ ചലനങ്ങള്‍ എങ്ങനെ, സീറ്റ് ബെല്‍റ്റുകള്‍ക്ക് എന്തുസംഭവിക്കും തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം വിശകലനവും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഉദ്യോഗസ്ഥരും കാര്‍ കമ്പനി പ്രതിനിധിയുമായിരുന്നു വാഹനത്തിനുള്ളില്‍. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."