'വിമതരുടെ രാസപ്രയോഗം' കെട്ടിച്ചമച്ചത്
ദമസ്‌കസ്: സിറിയയില്‍ വിമത സൈന്യം ജനങ്ങള്‍ക്കെതിരേ രാസായുധം പ്രയോഗിച്ചതായുള്ള വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയും ബ്രിട്ടനും. രാജ്യത്ത് ആക്രമണം തുടരാന്‍ സിറിയന്‍ സര്‍ക്കാരും അവരെ സഹായിക്കുന്ന റഷ്യന്‍ ഭരണകൂടവും സൃഷ്ടിച്ചെടുത്തതാണ് വിമത രാസായുധ പ്രയോഗമെന്നാണ് ആരോപണം.
യു.എസ്, ബ്രിട്ടീഷ് അധികൃതര്‍ വ്യത്യസ്ത പ്രസ്താവനകളിലൂടെയാണ് ആരോപണമുന്നയിച്ചത്. ഇദ്‌ലിബ് പ്രവിശ്യയില്‍ വിമതരുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറില്‍ വിശ്വാസ്യത ഇല്ലാതാക്കി വീണ്ടും അക്രമം തുടരാനാണ് സിറിയന്‍ ഭരണകൂടത്തിന്റെയും റഷ്യയുടെയും നീക്കമെന്നു യു.എസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അലെപ്പോയില്‍ വിമതര്‍ നടത്തിയ ക്ലോറിന്‍ വാതക പ്രയോഗത്തില്‍ നൂറുകണക്കിനു നാട്ടുകാര്‍ക്കു പരുക്കേറ്റതായി സിറിയയും റഷ്യയും ആരോപിച്ചിരുന്നത്. ഇതിനു പ്രതികാരമെന്നോണം വിമത സംഘങ്ങള്‍ക്കുനേരെ റഷ്യന്‍ സേന ആക്രമണം നടത്തുകയും ചെയ്തിരുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചായിരുന്നു ഇത്. എന്നാല്‍, ക്ലോറിന്‍ വാതകം പ്രയോഗിച്ചെന്ന ആരോപണം വിമത സൈന്യം നിഷേധിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ആക്രമണം നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ആരോപണമെന്നും അവര്‍ കുറ്റപ്പെടുത്തി.
വാര്‍ത്ത വ്യാജമാണെന്നതിനുള്ള രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നു യു.എസ് വിദേശകാര്യ വക്താവ് റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു. പകരം റഷ്യയും സിറിയയും നാട്ടുകാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചതിനും തെളിവുകളുണ്ട്. മേഖലയിലെ സ്വതന്ത്രരും നിഷ്പക്ഷരുമായ നിരീക്ഷകരുടെ ജീവന് അപകടം സംഭവിച്ചാല്‍ നടപടിയുണ്ടാകുമെന്നും വാര്‍ത്താകുറിപ്പില്‍ റഷ്യയ്ക്കു മുന്നറിയിപ്പുണ്ട്.
നേരത്തെ, സിറിയന്‍ സേന നടത്തിയ രാസായുധ പ്രയോഗത്തിനെതിരേ യു.എന്‍ അടക്കമുള്ള രാജ്യാന്തര സമിതികള്‍ ശക്തമായ നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു. സിറിയന്‍ സേന യുദ്ധക്കുറ്റം ചെയ്തതായി യു.എന്നിന്റെ അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."