കിങ് ഖാനെ പുഷ്പം പോലെ ഉയര്‍ത്തി പത്താം ക്ലാസുകാരന് വൈഷ്ണവ്
കൊടുങ്ങല്ലൂര്‍: ഇന്ത്യന്‍ സിനിമയിലെ നായികമാര്‍ മോഹിക്കുന്നുണ്ടാകാം സൂപ്പര്‍ താരം ഷാരൂഖ് ഖാന് തന്നെ എടുത്തുയര്‍ത്തണമെന്ന്. എന്നാല്‍ കിംഗ് ഖാനെ പുഷ്പം പോലെ എടുത്തുയര്‍ത്തി താരമായിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ പത്താം ക്ലാസുകാരന്. സിടിവിയുടെ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലെ താരമായി മാറിയിരിക്കുകയാണ് വൈഷ്ണവ് ഗിരീഷ്. ഓരോ തവണയും തന്റെ പാട്ടിലൂടെ വിധികര്‍ത്താക്കളെയും കാണികളെയും ഞെട്ടിക്കുകയാണ് വൈഷ്ണവ്. പക്ഷേ ബോളിവുഡിന്റെ കിങ് ഖാനെ വൈഷ്ണവ് ഞെട്ടിച്ചത് പാട്ടിലൂടെയല്ല, മറിച്ച് ഷാരൂഖിനെ കൂളായി എടുത്തുപൊക്കിയാണ്.
തന്റെ പുതിയ ചിത്രമായ 'ജബ് ഹാരി മെറ്റ് സേജള്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഷാരൂഖ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. ഷോയിലെ മല്‍സരാര്‍ഥികള്‍ക്കൊപ്പം ഷാരൂഖ് ആടുകയും പാടുകയും ചെയ്തു. ഇതിനിടയിലാണ് വൈഷ്ണവ് ഷാരൂഖിനെ എടുത്തുപൊക്കിയത്. സിനിമയില്‍ നായികമാരെ എടുത്തുപൊക്കിയിട്ടുളള ഷാരൂഖ്, തന്നെ ഒരു ചെറിയ ചെക്കന് കൂളായി എടുത്തുപൊക്കിയപ്പോള്‍ ചിരിയടക്കാനും കഴിഞ്ഞില്ല. സരിഗമപയുടെ സംപ്രേക്ഷണം ചെയ്യാന്‍ പോകുന്ന എപ്പിസോഡിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. ഇന്ത്യന്‍ ഐഡോള്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഏവരുടെയും മനം കവര്‍ന്ന മല്സരാര്ഥിയാണ് വൈഷ്ണവ്. സരിഗമപയിലും വൈഷ്ണവ് ഇതേ നേട്ടം ആവര്‍ത്തിക്കുകയാണ്. മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവിന്റെ പാട്ട് ജഡ്ജസും കാണികളും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. ഐ ഹെയ്റ്റ് ലവ് സ്റ്റോറിസ് എന്ന ചിത്രത്തിലെ 'ബിന്‍ തേരെ' എന്ന പാട്ട് പാടിയാണ് വൈഷ്ണവ് ഏവരുടെയും കൈയ്യടി നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."