സേവന മേഖലകള്‍ക്ക് 5000 കോടി വകയിരുത്തി: കേന്ദ്ര മന്ത്രി
കൊച്ചി: വിവിധ സേവന മേഖലകള്‍ക്കായി 5000 കോടി വകയിരുത്തിയതായി കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു. സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പാദന-വ്യാപാര-കയറ്റുമതി മേഖലയില്‍ നേട്ടം കൈവരിച്ചവര്‍ക്ക് സ്‌പൈസസ് ബോര്‍ഡിന്റെ പുരസ്‌ക്കാരം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വരുമാനവും തൊഴിലും അധികമായി നേടാന്‍ കേരളത്തിന് കഴിയും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കും. ഭാവിയില്‍ ജോലിതേടി മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പോകേണ്ടിവരില്ല. ഇതാദ്യമായി കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതി നയം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഏതാനും ദിവസത്തിനുള്ളില്‍ പുതിയ വ്യവസായ നയവും പ്രഖ്യാപിക്കും. ഇപ്പോള്‍ 37 ബില്യണ്‍ ഡോളറുള്ള കയറ്റുമതി വരുമാനം 2022-ഓടെ 60 ബില്യണ്‍ ഡോളറാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ത്തന്നെ 30 ശതമാനത്തോളം വര്‍ധന കാണിക്കുന്നുണ്ട്.
റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ചുവരികയാണ്. കേരള സര്‍ക്കാര്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഒരു കര്‍മസേനയെ റബ്ബര്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചിരുന്നു. ഇപ്പോള്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. അനുഭാവപൂര്‍ണമായ നടപടിയുണ്ടാകും. ലോകമെമ്പാടും ജോലിചെയ്യുന്ന മലയാളികള്‍ വന്‍ തുകയാണ് നാട്ടിലേക്ക് അയക്കുന്നത്. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. കാര്‍ഷിക-ഫിഷറീസ്-പ്ലാന്റേഷന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രത്യേക ക്ലസ്റ്ററുകള്‍ രൂപവല്‍ക്കരിക്കുന്നത് ആലോചിച്ചുവരികയാണ്. ഇതും കേരളത്തിന് നേട്ടമാകും. പ്രത്യേക സാമ്പത്തിക മേഖല (എസ്.ഇ.ഇസഡ്)കളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
കെ.വി തോമസ് എം.പി അധ്യക്ഷനായി. പി.ടി തോമസ് എം.എല്‍.എ, സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡോ.എം.കെ ഷണ്‍മുഖസുന്ദരം, ഡയരക്ടര്‍ പി.എം സുരേഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."