കൂത്താളി മൂപ്പില്‍ നായരുടെ ഉടമസ്ഥതയിലുള്ള 4200 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു
പേരാമ്പ്ര: കൂത്താളി മൂപ്പില്‍ നായരുടെ ഉടമസ്ഥതയില്‍ അവകാശികളില്ലാതെ അന്യം നിന്ന് കഴിഞ്ഞ വനമേഖലയില്‍ ഉള്‍പ്പെട്ട നാലായിരത്തി ഇരുനൂറ് ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു.
1963 കാലഘട്ടത്തിന് മുന്‍പ് കുത്താളി മൂപ്പില്‍ നായരുടെ ജന്മിത്വത്തിലായിരുന്ന ഭൂമി പിന്നീട് അവകാശികളില്ലാതെ അന്‍പത്തിനാല് വര്‍ഷം അന്യാധീനപ്പെട്ട് കിടക്കുകയായിരുന്നു. വയനാട് ജില്ലയുടെ അതിര്‍ത്തി മുതല്‍ കക്കയം ഉള്‍പ്പെടെ കൊടും വനത്തിലാണ് പ്രസ്തുത ഭൂമി.
കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറ വില്ലേജില്‍ അവകാശികളില്ലാതെ പ്രഖ്യാപിക്കപ്പെട്ട 4200 ഏക്കര്‍ ഭൂമിയുടെ പേരില്‍ നേരത്തെ മലയോരവാസികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
കുടിയേറ്റ കര്‍ഷകരുടെ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കുമെന്ന കിംവദന്തികള്‍ ഇതോടെ അസ്ഥാനത്തായി. അന്‍പത്തിനാല് വര്‍ഷങ്ങളായി അവകാശികളില്ലാത്തതിനാല്‍ അന്യം നില്‍പ്പ് ഭൂമിയായി പ്രഖ്യാപിച്ചതായിരുന്നു ഇത്രയും ഭൂമി.
മരുമക്കത്തായ സമ്പ്രദായം നിലനിന്ന കാലഘട്ടത്തില്‍ മൂപ്പില്‍ നായര്‍കൈവശം വെച്ച് പോന്ന സ്ഥലം പിന്നീട് പിന്‍മുറക്കാന്‍ഏറ്റെടുക്കാന്‍ ഇല്ലാത്ത സാഹചര്യത്തിലാണ് അന്യാധീനപ്പെട്ട് കിടന്നത്. മലയോരവാസികള്‍ക്കിടയില്‍ കീറാമുട്ടിയായി കിടന്ന പ്രസ്തുത വനമേഖല റവന്യു വകുപ്പ് അളന്ന് തിട്ടപ്പെടുത്തിയതിലൂടെ ഏറെ ആശ്വസിക്കുകയാണ് പ്രദേശവാസികള്‍.
പഴയ കുറുമ്പ്രനാട് താലൂക്കില്‍ പെട്ട ഭൂമി ഒരു വര്‍ഷം നീണ്ടു നിന്ന സര്‍വേ പൂര്‍ത്തിയാക്കിയാണ് അതിരുകള്‍ നിര്‍ണ്ണയിച്ചത്. ഭൂമിഏറ്റെടുക്കല്‍ നടപടി റവന്യു വകുപ്പ് പൂര്‍ത്തിയാക്കിയിരിക്കുന്നത് ഏറെ സന്തോഷത്തോടെയാണ് മലയോരവാസികള്‍ സ്വീകരിച്ചത്..
4200 ഏക്കറില്‍ സ്വകാര്യ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് മലയോര കര്‍ഷകരില്‍ ആശ്വാസം ഉളവാക്കും. ഭാവിയില്‍ വന മേഖല ഉള്‍പ്പെട്ട ഭാഗങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പകരം ഭൂമിയായി നല്‍കാന്‍ ഏറ്റെടുത്ത 4200 ഏക്കര്‍ സ്ഥലത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്.
അത് പോലെ തന്നെ കര്‍ഷകരുടെ ഭൂമി വനാതിര്‍ത്തിയായി വരുന്ന ഭാഗങ്ങളില്‍ നിലവില്‍ പട്ടയം കിട്ടാതെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനു പകരം സ്ഥലം വനം വകുപ്പിനു വിട്ടുകൊടുക്കേണ്ടി വന്നാല്‍ ഏറ്റെടുത്ത സ്ഥലം പരിഗണിക്കാനാകും.
ഭൂമിഏറ്റെടുക്കല്‍ നടപടികള്‍ക്ക് ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി കലക്ടര്‍ പി. കൃഷ്ണന്‍കുട്ടി, കൊയിലാണ്ടി ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ പി. ഗീതാമണി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."