തേങ്ങയുടെ വിലയിടിവില്‍ നട്ടെല്ലൊടിഞ്ഞ് കര്‍ഷകര്‍; കേരളത്തിലേക്ക് ഒഴുകുന്നത് വ്യാജ വെളിച്ചെണ്ണ
നാദാപുരം: ഇടക്കാലത്ത് ആശ്വാസമായി ഉയര്‍ന്ന നാളികേര വില വീണ്ടും ഇടിഞ്ഞു താണു. തേങ്ങ ഇടാനുള്ള വില പോലും ലഭിക്കാതെ കേരകര്‍ഷകരുടെ നടുവൊടിയുന്നു.
നാലു മാസം മുമ്പ് വരെ കിലോക്ക് 45 കിലോ രൂപയായിരുന്നു വില. എന്നാല്‍ വിലയിപ്പോള്‍ 25 രൂപയായി കുറഞ്ഞു. വിലയിടിവ് മുതലെടുത്ത് അന്യസംസ്ഥാന ലോഭിയാണ് വന്‍ ലാഭം കൊയ്യുന്നത്. പ്രത്യേക ഏജന്റ് മുഖാന്തിരം പച്ചത്തേങ്ങ കൂടുതലായും തമിഴ്നാട്ടിലെ കേങ്കേയത്തേക്കാണ് കൊണ്ടു പോകുന്നത്. നൂറിലധികം വെളിച്ചെണ്ണ മില്ലുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ഇവിടെ നിന്ന് ഉല്പാദിപ്പിക്കുന്ന വ്യാജ വെളിച്ചെണ്ണ കേരളത്തിലേക്ക് തന്നെ കയറ്റി വിടുന്നതിനാല്‍ വന്‍ ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പരിശോധനയില്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത പ്രത്യേക തരം ദ്രാവകം വെളിച്ചെണ്ണയില്‍ കലര്‍ത്തി കേരളത്തില്‍ എത്തിച്ച് ഇവിടെ ഉല്പാദിപ്പിക്കുന്ന വെളിച്ചെണ്ണയോടൊപ്പം ചേര്‍ത്താണ് പ്രമുഖ ബ്രാന്റില്‍ വിതരണം ചെയ്യുന്നത്.
കുറ്റ്യാടിയില്‍ ഉല്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയുടെ നാദാപുരത്തെയും കുറ്റ്യാടിയിലെയും സൂക്ഷിപ്പു കേന്ദ്രത്തില്‍ ഏതാനും മാസം മുമ്പ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ മായം കലര്‍ത്തിയ വെളിച്ചെണ്ണ പിടിച്ചെടുക്കുകയും കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. കാര്യമായ നാളികേര ഉല്പാദനം ഇല്ലാത്ത തമിഴ്നാട്ടിലെ കേങ്കേയത്ത് മാത്രം നൂറിലധികം വെളിച്ചെണ്ണ നിര്‍മാണ ശാലകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇവിടെ നിന്ന് കയറ്റി അയക്കുന്ന വെളിച്ചെണ്ണയാണ് വന്‍തോതില്‍ കേരളത്തിലെത്തുന്നത്. ഗുണനിലവാരപരിശോധനയില്ലാത്തത് വ്യാജ നിര്‍മാണ ലോബിക്ക് രക്ഷയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."